ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

കെ. സുരേന്ദ്രൻ: ഭാവിയുടെ വാഗ്ദാനമായി നിലകൊള്ളുന്ന ഭാവ സമ്പന്നനായ ഒരു യുവ സാഹിത്യകാരനാണു് സുരേന്ദ്രൻ. ‘താള’വുമായിട്ടാണു് അദ്ദേഹം കലാരംഗത്തേക്കു കടന്നിട്ടുള്ളതു്. സഹൃദയന്മാർ അദ്ദേഹത്തിൻ്റെ താളത്താൽ ആകർഷിക്കപ്പെടുകയും ചെയ്തു. ഒന്നാന്തരം അവതരണം, കെട്ടുറപ്പുള്ള കഥാഘടന. ജീവിതാനുഭവങ്ങളെ അപഗ്രഥിച്ചപഗ്രഥിച്ചു നോക്കുകയും, സങ്കീർണ്ണങ്ങളായ മാനസിക ഭാവങ്ങളെ തെളിച്ചു കാട്ടുകയും ചെയ്യുന്ന നിരൂപകബുദ്ധി ഇവയെല്ലാം സംയോജിച്ചു നിലകൊള്ളുന്നു, താളത്തിൽ. ഒന്നിലും ഒരേടത്തും പറയത്തക്ക അവതാളമൊന്നും സംഭവിച്ചിട്ടില്ല.

നമ്മളേയും മറ്റുള്ളവരെയും പൊരുത്തപ്പെടുത്തുവാൻ – നമ്മുടെ താളവും അവരുടെ താളവുമായി ലയിപ്പിക്കുവാൻ – വേണ്ടിയുള്ള ഒരു മഹാശ്രാമാണു് ജീവിതം. അതിനുവേണ്ടിയാണു് നാം നിരന്തരം സമരം ചെയ്യുന്നതും വേദനകൾ അനുഭവിക്കുന്നതും. നരജീവിതത്തിൽ ആ താളം ചിലപ്പോൾ നഷ്ടപ്പെടുകയും, ചിലപ്പോൾ വീണ്ടെടുക്കയും ചെയ്തു കൊണ്ടുമിരിക്കുന്നു. ഈ നോവലിലെ ചക്രപാണി, വാസവൻ, പ്രഭാകരൻ, തുളസി, സൗദാമിനി തുടങ്ങിയ കഥാപാത്രങ്ങളുടെ ജീവിതാനുഭവങ്ങളിൽക്കൂടി ഈ തത്ത്വം നമ്മുടെയും അനുഭവങ്ങളായി മാറുന്നു. അത്രത്തോളമുള്ള താദാത്മ്യം അനുവാചകന്നു് ഇതിലെ കഥാപാത്രങ്ങളുമായി വന്നുചേരുന്നുണ്ടു്. താളം വിജയിച്ചു എന്നു വെളിപ്പെടുത്താൻ അതുമാത്രം മതിയാകുന്നതുമാണു്.

മായ: സുരേന്ദ്രൻ്റെ കലാവൈദഗ്ദ്ധ്യം കുറച്ചുകൂടി ഉയർന്നു വിലസുന്ന മറ്റൊരു കൃതിയാണു് മായ; കേരളസാഹിത്യഅക്കാദമിയിൽനിന്നു 1962-ൽ സമ്മാനംനേടിയ ഒരു കൃതിയുമാണതു്’. ‘കാട്ടുകുരങ്ങ്’ സുരേന്ദ്രൻ്റെ മറ്റൊരു നോവലാണു്.