ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

കാനം ഇ. ജെ: ചെറുകഥകൾ, നോവലുകൾ, നാടകങ്ങൾ എന്നീ ഇനങ്ങളിൽ ഒട്ടേറെ കൃതികൾ ചുരുങ്ങിയ കാലയളവിൽ കൈരളിക്കു സംഭാവനചെയ്തുകഴിഞ്ഞിട്ടുള്ള ഒരു യുവാവാണ് കാനം ഇ. ജെ. പ്രയത്ന ശീലനും, വാസനാനുഗൃഹീതനുമായ ഈ കലാകാരനിൽനിന്നു കൈരളിക്കു പലതും പ്രതീക്ഷിക്കാവുന്നതാണു്’. ‘കാട്ടുമങ്ക’ കാനത്തിൻ്റെ നോവലുകളിൽ അപ്രധാനമല്ലാത്ത ഒന്നുതന്നെ. പൊറ്റെക്കാട്ടിൻ്റെ വിഷകന്യക, വടക്കെ മലബാറിലെ കുടിപാർപ്പുകാരെപ്പറ്റി സാമാന്യമായ ഒരു ബോധം വായനക്കാർക്കു നല്കന്നു; കാനത്തിൻ്റെ കാട്ടുമങ്കയാവട്ടെ, മദ്ധ്യതിരുവിതാംകൂറിലെ കിഴക്കൻമലകളിലെ കുടിപാർപ്പുകാരെപ്പറ്റിയും. കിഴക്കൻമലകളിലെ ഭൂപ്രകൃതി, കുടിയേറ്റത്തിൻ്റെ സ്വഭാവം, കുടിപാ ർപ്പുകാരുടെ ജീവിതപ്രശ്നങ്ങൾ തുടങ്ങിയവയെപ്പറ്റി വിവരിക്കുന്ന ഭാഗങ്ങൾ എത്രയും പുതുമ പൂണ്ടവയാണു്. ഒരു അലസതയും അശ്രദ്ധയും കൊണ്ടു് അറപ്പുരയ്ക്കലവുസേപ്പിൻ്റെ കുടുംബം തകരുന്നതും തുടർന്നുണ്ടാകുന്ന വൈപരീത്യങ്ങളും ഭംഗിയായി കഥാകൃത്തു് ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. തൻ്റെ കാമുകിയും സ്നേഹമയിയുമായ പൊന്നമ്മ വിധിവശാൽ പരഹസ്തഗതയായിത്തീരുന്നതും, തുടർന്നു അവളുടെ ജീവിതം ദുരന്തമായിത്തീരുന്നതും, പാപ്പച്ചൻ്റെ ത്യാഗമധുരമായ സേവനങ്ങളുമെല്ലാം കഥയിലെ സജീവരംഗങ്ങളാണു്. കൊലുമ്പൻ്റെ പുത്രിയായ കൊഞ്ചോലയെ ആർക്കും വിസ്മരിക്കുവാൻ സാദ്ധ്യമല്ല. ആ കാട്ടുമങ്കയുടെ ആത്മാർത്ഥത നിറഞ്ഞ സ്നേഹപ്രകടനങ്ങൾ പുളകോൽഗമകാരികളത്രെ. എങ്കറോച്ചവരയെപ്പോലെയുള്ള കുടിലമൂർത്തികളുടെ വിക്രിയകൾ അത്തരം വനഭാഗങ്ങളിൽ ഇന്നും നടമാടുന്നുണ്ടോ എന്തോ? അവസരോചിതമായി നോവലിൽ പ്രകാശിപ്പിച്ചിട്ടുള്ള പ്രകൃതി വർണ്ണനകൾ കാനത്തിൻ്റെ കവിഹൃദയത്തേയും ഭാവനയേയും മാറ്റുരച്ചു കാണിക്കുന്നവയാണു്. ഗ്രന്ഥകാരൻ്റെ ലളിതസുന്ദരവും വികാരസാന്ദ്രവുമായ ഗദ്യശൈലി അത്യാകർഷകമെന്നേ പറയേണ്ടു.

‘പമ്പാനദി പാഞ്ഞൊഴുകുന്നു’ എന്ന നോവലിൽ ബി. എ. ബിരുദുധാരിയായ ഒരു ബാബുവിൻ്റെ കഥ വിവരിക്കുന്നു. കാനത്തിൻ്റെ മറ്റു കൃതികൾ –ഇതു നിനക്കുള്ളതാണു്, കാമുകൻ്റെ കുട്ടി, ജീവിതം ആരംഭിക്കുന്നു, ഭാര്യ, മരിച്ചിട്ടും മരിക്കാത്തവൾ, വികാരങ്ങളുടെ അടിമ എന്നു തുടങ്ങിയവയത്രെ. കാളയും കലപ്പയും, കാമുകിയും പട്ടിയും. നേഴ്സ്, മണവാട്ടിപ്പെണ്ണ് തുടങ്ങിയവ ഈ യുവാവിൻ്റെ ചെറുകഥകളിൽ ഉൾപ്പെടുന്നു.