കഥാപ്രബന്ധങ്ങൾ
മൊയ്തു പടിയത്തു്: മുസ്ലീംസമുദായത്തിലെ അണിയറയ്ക്കുള്ളിലെ പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആദ്യമായി വെളിച്ചത്തു കൊണ്ടുവന്നതു ബാല്യകാലസഖിയുടെ കർത്താവായ ബഷീറാണെന്നു തോന്നുന്നു. ബഷീറിനെത്തുടർന്നു ചിലരെല്ലാം ആ രംഗത്തു് ഇന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ടു്. മൊയ്തു പടിയത്തു് അവരിൽ ഒരാളാണു്. അദ്ദേഹത്തിൻ്റെ ‘പാടാൻ കൊതിച്ച പൂങ്കുയിലി’ൽ സമുദായപരിഷ്കര ണമാണു് മുഖ്യലക്ഷ്യമാക്കിയിട്ടുള്ളതു്. വലിയറയ്ക്കൽത്തറവാട്ടിലെ അദ്ദുട്ടിയിക്കയുടെ പുത്രിയാണു് കഥയിലെ നായികയായ സാബിറ. വലിയറയ്ക്കൽത്തറവാട്ടിൽപ്പെട്ട മറ്റൊരു കുടുംബത്തിലെ കമ്മട്ടിഹാജിയുടെ പുത്രനാണു് ബേസിൻ. അവൻ ഓത്തുപഠിച്ചുകൊണ്ടിരുന്ന കാലത്തു് ഒരിയ്ക്കൽ അവൻ്റെ ഉമ്മയൊരുമിച്ച് ഒരു സന്ധ്യാവന്ദനവേളയിൽ സാബിറയുടെ വീട്ടിലെത്തി. സാബിറയുടെ പ്രാർത്ഥനാഗാനം കേട്ട ബേസിൻ അവളിൽ കൗതുകമുള്ളവനായിത്തീർന്നു. അടുത്തദിവസം മുതൽ ഓത്തു പുരയിലേക്കുള്ള പോക്കുവരവിലും മറ്റും അവർ ഇണപിരിയാത്ത കൂട്ടുകാരായും തീർന്നു. സാബിറയുടെ പാട്ടുകേൾക്കാൻ ബേസിനും, ബേസിനുവേണ്ടി പാട്ടുപാടാൻ സാബിറയും പരസ്പരം ഉത്സുകരായി. ബേസിനു അവളെ നല്ലൊരു ഗായികയാക്കിത്തീർക്കണമെന്നും അവൾക്കു് ആയിത്തീരണമെന്നും മോഹമായി. അങ്ങനെ ബാല്യകാലസഖികളായി വളർന്നുവന്ന അവർ, കൗമാരപ്രായം വിട്ടതോടുകൂടി കാമിനീകാമുകന്മാർ എന്ന നിലയെ പ്രാപിച്ചുതുടങ്ങി. പക്ഷേ, ഈയവസരത്തിൽ പാടാൻ കൊതിച്ച ആ പൂങ്കയിൽ വാമൂടിക്കെട്ടി ഒരു പഞ്ജരത്തിനുള്ളിൽ അടയ്ക്കപ്പെട്ടു. ബേസിൻ്റെ പ്രാണേശ്വരിയായിത്തീർന്നു് ആനന്ദത്തിൻ്റെ മുന്തിരിച്ചാറു നുകരാൻ കൊതിച്ചിരുന്ന സാബിറയ്ക്ക് ഒരു ദിവസം അവൻ്റെ ‘എളേമ’യായി – കാമുകപിതാവിൻ്റെ രണ്ടാംഭാര്യയായി – ബേസിൻ്റെ ഗൃഹത്തിൽ കയറിച്ചെല്ലുവാനുള്ള ദുര്യോഗമാണു നേരിട്ടത്. സമുദായത്തിലെ അനീതിയോടും അനാചാരങ്ങളോടും ദുർവ്യവസ്ഥകളോടുമുള്ള കടുത്ത വെല്ലുവിളി ഈ നോവലിൽ ആദ്യന്തം മുഴങ്ങുന്നുണ്ടു്. ചുരുക്കത്തിൽ, ബേസിൻ്റെ നോവലിനെപ്പറ്റി ‘പേപ്പർ ബോയി’ എന്ന പത്രം അഭിപ്രായപ്പെട്ടതായി ഗ്രന്ഥകാരൻ പ്രസ്താവിച്ചിട്ടുള്ളതുപോലെ, “മതത്തിലെ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും നേരെ മാത്രമല്ല, നീതി തൊട്ടുതെറിക്കാത്ത സാമൂഹ്യനിയമങ്ങളുടെ നേരെയും വിമർശനത്തിൻ്റെ വിരൽ ചൂണ്ടുന്ന പ്രസ്തുത കൃതി വളർന്നുവരുന്ന സമുദായവിഭാഗത്തിനു് ഒരു പുതിയ മുതൽക്കൂട്ടാണു് എന്നും മൊയ്തുവിൻ്റെ കൃതിയെപ്പറ്റിയും പറയാവുന്നതാണു്. പടിയത്തു അനേകം നോവലുകൾ എഴുതിയിട്ടുണ്ട്. ഉമ്മ, ളൂസി, കുയിൽ നാദം, പുതിയ തലമുറ, രണ്ടാമത്തെ ഉമ്മ, രണ്ടിറ്റ് കണ്ണിരാ. ഇരുളിലെ ജീവിതം, തറവാടു തലതാഴ്ത്തുന്നു. കൂടപ്പിറപ്പിൻ്റെ മകൾ, വിലയിടിഞ്ഞ പെണ്ണ്, കല്ലേറേറ്റ് പളുങ്കുപാത്രങ്ങൾ, നീ എൻ്റെ പെങ്ങളാണു്. പട്ടിൽ പൊതിഞ്ഞ തീക്കനൽ, ഇവിടെയാണു് സുഖജീവിതം. “ൻ്റ മോൻ ഫാക്യോള്ളോനാ”, ആചാരങ്ങളേ മാറിക്കൊൾക, അല്പം വൈകിപ്പോയ കത്ത്, വാടിക്കൊഴിഞ്ഞ ഒരു പനിനീർപ്പൂവു് എന്നിങ്ങനെ ഒരു നീണ്ട ലിസ്റ്റ് ഇവിടെ കുറിക്കേണ്ടിവരുന്നു.
