കഥാപ്രബന്ധങ്ങൾ
ഏവൂർ സി. കെ: വേലക്കാരി. അയൽക്കാരി. ചേട്ടത്തി, രണ്ടു തലമുറകൾ, നൂല്പാലം, പൂക്കളും തീക്കനലും, വിലക്കപ്പെട്ട ആത്മാക്കൾ എന്നു തുടങ്ങി രണ്ടു ഡസനോളം നോവലുകൾ നിർമ്മിച്ചിട്ടുള്ള ഒരു കഥാ കൃത്താണു് ഏവൂർ സി. കെ. മാധവൻനായർ. തറവാടു് അദ്ദേഹത്തിൻ്റെ ഒരു സാമുദായികനോവലാണു്. വാകത്താനത്തു് തറവാട്ടിലെ ശങ്കരിയെ, ശങ്കരത്തെ ശ്രീകണ്ഠനെക്കൊണ്ടു വിവാഹം ചെയ്യിക്കുവാൻ നിശ്ചയിച്ചു. പക്ഷേ, തറവാട്ടുകാരനല്ലെങ്കിലും ശങ്കരിക്കു പാച്ചരൻ ചേട്ടനോടായിരുന്നു ഇഷ്ടം. എന്നാൽ കുടുംബനാഥയായ കല്യാണിയമ്മ ദൗഹിത്രിയുടെ ഇഷ്ടത്തിനു വഴങ്ങിയില്ല. ശ്രീകണ്ഠനുമായുള്ള വിവാഹ ദിവസം നിശ്ചയിച്ചു. പക്ഷേ, ആ ദിവസത്തിനു രണ്ടുമൂന്നു ദിവസം മുമ്പേ വാകത്താനത്തു വന്നുചേർന്ന പാച്ചരനുമായുള്ള ആദ്യത്തെ കുടിവെയ്പകഴിഞ്ഞു് രണ്ടാം വിവാഹമേ, ശങ്കരി ശ്രീകണ്ഠനുമായി നടത്തിയുള്ളു. ഈ ഗാന്ധർവ്വപരിണയം ശങ്കരിക്കും പാച്ചരനും (ഭാസ്‌കരൻ) അല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടതാനും. ശ്രീകണ്ഠൻ്റെ വിവാഹവും കുടിവെയ്പും യഥാവിധി നടന്നു. കാലത്തിൻ്റെ തികവിൽ ശങ്കരി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ആ കുട്ടിയാണു് ആനന്ദൻ. രണ്ടു പതിററാണ്ടിലധികം ശങ്കരിയുമായി കഴിഞ്ഞുകൂടിയെങ്കിലും ആനന്ദനു തൻ്റെനേരെ വേണ്ടത്ര സ്നേഹാദരങ്ങൾ ഇല്ലെന്നുള്ള പരാതിയല്ലാതെ അവൻ തൻ്റെ പുത്രനല്ലെന്നുള്ള തോന്നൽ ധനസമ്പാദന വ്യഗ്രനായിക്കഴിയുന്ന ശ്രീകണ്ഠനു് അവസാനം വരെ ഉണ്ടായിട്ടില്ല. ആനന്ദൻ ബി. എ. പാസ്സായി. കോളേജു ജീവിത കാലത്തു തൻ്റെ സതീർത്ഥ്യയായ ഒരു ഗീതയുമായി അവൻ പ്രണയത്തിൽപ്പെട്ടിരുന്നു. ആഭിജാത്യമേറിയ ചെമ്പ്രാങ്കോട്ടു ശ്രീഹർഷൻ തമ്പിയുടെ പുത്രിയാണു് ഗീത. ആനന്ദനു് കുലമഹിമ പോരെന്നുള്ള കാരണത്താൽ പുത്രിയുടെ ഇംഗിതത്തെ തമ്പി അനുകൂലിച്ചിരുന്നില്ല. അവൾ ഒരുദിവസം ആനന്ദൻ്റെകൂടെ ആരുമറിയാതെ ഇറങ്ങിപ്പോവുകയായി. ഒടുവിൽ ആ കാമുകീകാമുകന്മാർ വാകത്താനത്തെത്തി. ശങ്കരി അവരെ വാത്സല്യപൂർവ്വം സ്വീകരിക്കയും ചെയ്തു. എന്നാൽ ധനമോഹിയായ ശ്രീകണ്ഠനാകട്ടെ എതിരായിത്തീരുന്നു. തുടർന്നുണ്ടായ ചില സംഭവ വികാസങ്ങൾക്കുശേഷം ആനന്ദനും ഗീതയും നിരുപദ്രവരായി ജീവിത മാരംഭിക്കയും ചെയ്യുന്നു. വധൂവരന്മാരുടെ അഭിലാഷത്തിനെതിരായി, തറവാടിൻ്റെ മേന്മയെ മാത്രം ആധാരമാക്കിയുള്ള വിവാഹ സമ്പ്രദായത്തെ പഴിക്കയോ തകർക്കയോ ആണു് ഈ നോവലിൻ്റെ ലക്ഷ്യമെന്നു തോന്നുന്നു. സോഭാവികതയെ ചോദ്യം ചെയ്യുന്ന പലതും ഈ നോവലിലുണ്ടെന്നുള്ളതു വിസ്മരിക്കാവുന്നതല്ല. ഏവൂരിൻ്റെ ആവിഷ്കരണരീതി ആകർഷകമാണു്.