ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

ചക്കി മരിച്ചശേഷം ചെമ്പൻകുഞ്ഞു മറ്റൊരുത്തിയെ ഭാര്യാസ്ഥാനത്തു പ്രവേശിപ്പിച്ചു. കറുത്തമ്മയുടെ അനുജത്തിയായ പഞ്ചമി, ഇളയമ്മായോടു പിണങ്ങി കറുത്തമ്മയുടെ കുടിലിലെത്തി. പഞ്ചമി പറഞ്ഞു കേൾപ്പിച്ച നാട്ടുവർത്തമാനങ്ങളിൽ നിന്നു പരീക്കുട്ടിയെപ്പറ്റിയും, കറുത്തമ്മയ്ക്കു ചിലതു മനസ്സിലാക്കുവാൻ സാധിച്ചു. തന്നിൽ അമർന്നു കിടന്നിരുന്ന പരീക്കുട്ടി വിഷയകമായ സ്നേഹം തലയുയർത്തുവാൻ അത് ഒരു കാരണമായിത്തീർന്നു. പളനി, കടലിൽ ചൂണ്ടയിടാൻപോയ ഒരു ദിവസം, അർദ്ധരാത്രി, പരിക്കുട്ടി കറുത്തമ്മയെ അന്വേഷിച്ചു തൃക്കുന്നപ്പുഴയെത്തി. കറുത്തമ്മ കുടിലിൽനിന്നിറങ്ങി അവനെ അനുഗമിച്ചു. പ്രണയബദ്ധരായിത്തീർന്ന അവർ പരസ്പരാലിംഗനബദ്ധരുമായി. ആ നിലയിൽ കടലമ്മയ്ക്ക് അവർ അവരെത്തന്നെ സമർപ്പിക്കയും ചെയ്തു. ചൂണ്ടയ്ക്കുപോയ പളനിയെ, ഇതേ അവസരത്തിൽത്തന്നെ പ്രക്ഷുബ്ധയായിത്തീർന്ന കടലമ്മ ബലാൽക്കാരമായി അപഹരിക്കയും ചെയ്തു. ഇതാണു് കഥയുടെ ചുരുക്കം.

കറുത്തമ്മയുടെ ജീവിതകഥയാണു് ചെമ്മീനിൽ വർണ്ണിക്കുന്നതു്. അതു ഭാവോജ്ജ്വലമായി ചെയ്തിട്ടുമുണ്ടു്. അരയന്മാരുടെ സാമൂഹ്യജീവിതത്തിൻ്റെ ഉള്ളറകളിൽ കടന്നുചെല്ലുവാൻ തകഴിക്കു സാധിച്ചിട്ടുമുണ്ടു്. കലയുടെ കമനീയത കാവ്യത്തിൽ ഉടനീളം വിളങ്ങുന്നുമുണ്ടു്. ഇതിലധികം ഇനി മറ്റെന്തുവേണം? എന്നാൽ സാംസ്‌കാരികമൂല്യം ഇതിലെന്തുണ്ടു്? ആ ചോദ്യത്തിനുള്ള ഉത്തരമാണു് ഈ നോവലിൽനിന്നു കിട്ടാത്തതു്.

കാലിക പ്രശ്നങ്ങളെ മുൻനിറുത്തിയുള്ളതായാലും ശരി, സാർവ്വകാലികപ്രശ്നങ്ങളെ മുൻനിറുത്തിയുള്ളതായാലും ശരി, കല ജീവിതത്തിനു വേണ്ടിയുള്ളതാണു്. അതിനാൽ അതിൽ ഒരു ജീവിതാദർശം തലയുയർത്തി നിലകൊള്ളേണ്ടതുണ്ടു്. യഥാഭാവ്യമായ ഒരു ലോകത്തെ കെട്ടിപടുക്കുന്നതിനു പ്രേരകമായിത്തിരുന്നതും അതാണ്.