ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

പി. അയ്യനേത്തു്: “മനുഷ്യാ നീ മണ്ണാകുന്നു!” അയ്യനേത്തിൻ്റെ പ്രസിദ്ധമായ ഒരു നോവലാണിതു്. അഥവാ അയ്യനേത്തിനെ പ്രസിദ്ധനാക്കിയ നോവലും ഇതുതന്നെ. മതത്തിൻ്റെ പേരിൽ നടക്കുന്നതായി അയ്യനേത്തു സങ്കല്പിച്ചിട്ടുള്ള ചില സംഭവങ്ങളുടെ അതിശയോക്തിപരമായ ആഖ്യാനമാണിതിലുള്ളതു്. നോവലിൻ്റെ ലക്ഷ്യം സമുദായപരിഷ്ക്കരണമാണെന്നു തോന്നുന്നു. ജോൺ, ഷെവലിയർ അന്തപ്പൻമുതലാളി, സൂസ മുതലായ കഥാപാത്രങ്ങളുടെ സൃഷ്ടി വായനക്കാരിൽ ഒരു വിഭാഗത്തിൻ്റെ അഭിരുചിയേയും പ്രവണതയേയും താലോലിക്കുവാനെ പ്രയോജനപ്പെടുകയുള്ളുവെന്ന് ആക്ഷേപമുണ്ടാകാം. എന്നിരുന്നാലും പ്രസ്തുത കഥാപാത്രങ്ങൾ സമുദായപരിഷ്കൃത്താക്കളുടെ ശ്രദ്ധയ്ക്ക് വിഷയീഭവിക്കേണ്ടവർതന്നെ. ഒന്നേ പറയുവാനുള്ളു. കാഥികൻ തൻ്റെ തൂലികയെ ചലിപ്പിച്ചയവസരത്തിൽ കുറച്ചുകൂടി നിയന്ത്രണവും അന്തസ്സും പരിപാലിക്കേണ്ടതായിരുന്നു. വിവക്ഷിതത്തെ കലാത്മകമായി പ്രതിപാദിക്കുവാനുള്ള കഴിവു് അയ്യനേത്തിനു സ്വായത്തമായിട്ടുണ്ടു്: കല്യാണപ്പെണ്ണ് ഈ കാഥികൻ്റെ മറ്റൊരു കൃതിയാണു്.