കഥാപ്രബന്ധങ്ങൾ
പള്ളിക്കുന്നത്തു കടപ്പുറത്തെ മരയ്ക്കാന്മാരുടെ ചില അന്ധവിശ്വാസങ്ങളെ വെളിപ്പെടുത്തിക്കൊണ്ടാണു് ഗ്രന്ഥകാരൻ കഥ ആരംഭിക്കുന്നതു്. കഥയുടെ അവസാനത്തിൽ ആ അന്ധവിശ്വാസങ്ങളെ തുടച്ചുമാറ്റി പുരോഗമനോന്മുഖമായ ഒരു ചിന്താഗതി അവരിൽ വളർത്തുമെന്നു വായനക്കാർ ന്യായമായി വിചാരിച്ചുകാണും. എന്നാൽ ഇവിടെ സംഭവിച്ചതോ? കടപ്പുറത്തെ മരയ്ക്കാന്മാരുടെ ഇടയിൽ ഏതേത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടായിരുന്നോ, അവയെ അതേപടി – പോരാ, അരക്കിട്ടുറപ്പിച്ചു – നിലനിർത്തുവാൻതന്നെ തകഴി ശ്രമം ചെതിരിക്കുന്നു.
മരയ്ക്കാത്തികൾ പതിവ്രതകളായിരിക്കണമെന്ന ആദർശം തെറ്റല്ല. എന്നാൽ ആ ആദർശം ഉറപ്പിക്കുവാൻ പഴയ യുഗങ്ങളിലെ അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കണമോ? യഥാഭൂതമായ ഒരു ലോകത്തെ – അതും അന്ധവിശ്വാസജടിലമായ ഒരു ലോകത്തെ – കെട്ടിപ്പടുക്കുവാൻ ശ്രമിക്കുന്നതാണോ ഈ ശാസ്ത്ര യുഗത്തിലെ പുരോഗമനം? ഭിന്ന സമുദായങ്ങളെ ഒന്നിപ്പിക്കുക, രക്തബന്ധത്താൽ കൂട്ടിയിണക്കുക എന്ന നിലയിലാണു് പരിക്കുട്ടിയുടേയും കറുത്തമ്മയുടേയും ബാല്യസ്നേഹം വളർന്നുവന്നതു്. ശാശ്വതമായ സമുദായൈക്യം കേരളത്തിലും ഭാരതത്തിലും ആ വിധത്തിലേ വന്നുചേരൂ എന്നുള്ള ആദർശത്തിനുവേണ്ടിയാണു്. അവരെ പ്രണയത്തിലേക്കു വലിച്ചിഴച്ചതെന്നു സംശയിക്കാൻ അവകാശമുണ്ടായിരുന്നു. എന്നാൽ മരയ്ക്കാന്മാരുടെ പരമ്പരാഗതമായ മൂഢവിശ്വാസത്തിനു വിധേയനായി ഗ്രന്ഥകാരൻ ആ രണ്ടു വ്യക്തികളേയും നിർദ്ദയം നശിപ്പിക്കുക മാത്രമാണു് ചെയ്തതു്. കറുത്തമ്മയെ പളനിക്കു പിടിച്ചുകൊടുക്കുമ്പോഴെങ്കിലും “വധുവിൻ മനമോരാതെ – വരനെ തീർച്ചയാക്കുന്ന വിവാഹ സമ്പ്രദായത്തെ, നമ്മോക്തികൊണ്ടെങ്കിലും ഒന്നു താക്കീതു ചെയ്യാമായിരുന്നു!
ആശാൻ്റെ ‘ലീല’യിൽ, തോഴി, നിരാലംബയായി കേഴവേ ലിലാ മദനന്മാരുടെ പ്രേതങ്ങൾ പ്രത്യക്ഷപ്പെട്ട് – “ആരും തോഴീ! ഉലകിൽ മറയുന്നില്ല…വിരതഗതിയായില്ല സംസാരചക്രം” എന്നിങ്ങനെ ചില ജീവിതതത്ത്വങ്ങൾ നല്കി അവളെ ആശ്വസിപ്പിക്കുന്നതായി നാം കാണുന്നുണ്ടല്ലൊ. അതുപോലെ പഞ്ചമി, കൈക്കുഞ്ഞുമായി സശോകം കടൽക്കരയിൽ എത്തിയപ്പോൾ ചില ജീവിതാദർശങ്ങൾ ആകാശവാണിയായിട്ടെങ്കിലും പരീക്കുട്ടിയുടേയും കറുത്തമ്മയുടേയും വകയായി തകഴിക്ക് ഉൽഗാനം ചെയ്യാമായിരുന്നു എന്നുപോലും ഇവിടെ പറയാൻ തോന്നിപ്പോകുന്നു. പരസ്പരാലിംഗനബദ്ധരായി കടലിൽച്ചാടിയ ആ കാമിനികാമുകന്മാരുടെ ശവശരീരങ്ങൾ രണ്ടുനാൾ കഴിഞ്ഞു് അതേപടി കടപ്പുറത്തു അടിഞ്ഞുകയറിയതു മഹാത്ഭുതങ്ങളിൽ ഒന്നായി കരുതേണ്ടതാണ്.