കഥാപ്രബന്ധങ്ങൾ
തകഴിയുടെ രണ്ടിടങ്ങഴി, ചെമ്മീൻ, തോട്ടിയുടെ മകൻ എന്നീ കൃതികൾ യഥാക്രമം ‘ദൊ സേർ ധാൻ’ ‘മച്‌ഛുവാരെ’ ‘ചുനൗതി’ എന്നീ പേരുകളിൽ തോട്ടയ്ക്കാട്ട് ഭാരതിഅമ്മ ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ചെമ്മീൻ, ചെക്കസ്സോവ്യ, റഷ്യൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വിവർത്തനം ചെയ്തിട്ടുണ്ടു്. ഇംഗ്ലീഷിൽ പ്രസ്തുത കൃതി വിവർത്തനം ചെയ്തിട്ടുള്ളതു് ഡോ. വി. കെ. നാരായണമേനവനാണു്. 1957-ൽ കേന്ദ്ര സാഹിത്യഅക്കാദമിയിൽനിന്നു മലയാളത്തിൽ പുരസ്ക്കാരം നേടിയ നോവലുമാണു് ചെമ്മീൻ,
തോട്ടിയുടെ മകൻ, തെണ്ടിവർഗ്ഗം, തലയോടു്. അവുസേപ്പിൻ്റെ മക്കൾ. ഏണിപ്പടികൾ തുടങ്ങിയവയത്രെ തകഴിയുടെ മറ്റു നോവലുകൾ.
മുഹമ്മദുബഷീർ: ബഷീറിൻ്റെ കൃതികളിൽ പ്രസിദ്ധിയേറിയതാണു് ബാല്യകാലസഖി. മുസ്ലീം സമുദായത്തിൻ്റെ ആചാരവിചാരങ്ങളെ ഇത്രയും ഹൃദയംഗമമായി പ്രകാശിപ്പിച്ചിട്ടുള്ള ഒരു കൃതി ഇതിനു മുമ്പു മലയാളത്തിൽ ഉണ്ടായിട്ടില്ല. വ്യക്തിത്വം തികഞ്ഞ കഥാപാത്രങ്ങളാണു് ഇതിലുള്ളതെല്ലാം. നായികാനായകന്മാരായ സുഹ്രാ, മജീദ് എന്നിവർ വായനക്കാരുടെ ഹൃദയം കവർന്നെടുക്കുന്നു. എന്തൊരു സജീവ സ്വാഭാവികതയാണു് ഈ കഥാപാത്രങ്ങൾക്ക്! പുസ്തകം താഴെവയ്ക്കുംമ്പോഴാണു്, അവരെപ്പറ്റി നമുക്കധികം ചിന്തിക്കുവാൻ തോന്നുന്നതു്. മാതൃഹൃദയം തുറന്നുകാണിക്കുന്ന ഇതിലെ ‘ഉമ്മ’യെ ഒരാൾക്കും വിസ്മരിക്കുവാൻ സാദ്ധ്യമല്ല. ചാക്കു കക്ഷത്തിൽ മടക്കിവെച്ച് അല്പം മുമ്പോട്ടു വളഞ്ഞ ദേഹത്തോടുകൂടിയ അടയ്ക്കക്കച്ചവടക്കാരൻ, സുഹ്രായുടെ ബാപ്പയും നമ്മുടെ സ്മരണമണ്ഡലത്തിൽനിന്നു വിട്ടുപോകുവാൻ പ്രയാസം. ജീവിതത്തിലെ ദയനീയ വിപര്യയങ്ങളെ എത്രയും ഹൃദയസ്പശകമായി ഈ ചെറു നോവലിൽ പ്രകാശിപ്പിച്ചിരിക്കുന്നു. അവതാരികയിൽ പണ്ഡിതനായ എം. പി. പോൾ പറഞ്ഞിട്ടുള്ളതുപോലെ, “ബാല്യകാലസഖി ജീവിതത്തിൽനിന്നു വലിച്ചുചീന്തിയ ഒരേടാണു്.” “മരണത്തേക്കാൾ ദാരുണമായ ദുരനുഭവങ്ങൾ ജീവിതത്തിലുണ്ടെ’ന്നു ബാല്യകാലസഖി വിളംബരം ചെയ്യുന്നു. സ്വാനുഭവങ്ങളുടെ ആത്മാർത്ഥമായ പ്രകാശനം ഇതിലെവിടെയും കാണാം. ബഷീറിൻ്റെ വാചകങ്ങളുടെ ലാളിത്യവും ചൊറുചൊറുക്കം ഈ കൃതിയെ ഏത്രെയേറെ സമ്മോഹനമാക്കിത്തീർട്ടുമുണ്ടു്.