ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

“ൻറുപ്പൂപ്പാക്കൊരാനേണ്ടാർന്നു്!”: ബഷീറിൻ്റെ മറ്റൊരു സാമുദായിക നോവലാണിതു്. കുഞ്ഞിപ്പാത്തുമ്മയാണു് ഇതിലെ നായിക. കുഞ്ഞിപ്പാത്തുവിൻ്റെ മാതാമഹനാണു് ആനമക്കാർ. ആനമക്കാരുടെ പുന്നാരമോടെ പുന്നാരമോളായ കുഞ്ഞിപ്പാത്തുമ്മ കൗമാരത്തിലേക്കു കടന്നപ്പോഴേക്കും കുടുംബസ്വത്തെല്ലാം നശിച്ചിരുന്നു. ഗത്യന്തരമില്ലാതെ ബാപ്പയും ഉമ്മയും മകളും നാടുവിട്ട് മറ്റൊരു ദിക്കിൽ താമസമാക്കി. അക്കാലത്തും ആനയുണ്ടായിരുന്ന പിതൃഗൃഹത്തിൻ്റെ പദവിയോർത്തു കുഞ്ഞിപ്പാത്തുവിൻ്റെ അമ്മ നുണഞ്ഞിറക്കിക്കൊണ്ടിരുന്നു. ഇവരുടെ വാസസ്ഥലത്തു് അയൽപക്കത്തു പാർത്തിരുന്ന ഒരു കാളവണ്ടിക്കാരൻ്റെ പൗത്രനാണു കഥാനായകനായ നിസാർ അഹമ്മദ്ദ്. കേവലം ദരിദ്രനായിരുന്നു തൻ്റെ പിതാവെങ്കിലും, കാലഗതിയനുസരിച്ച് അയാൾ പുത്രനെ വിദ്യാഭ്യാസം ചെയ്യിക്കുകയും, നിസാർ അഹമ്മദ് ഒരു എം. എ.ക്കാരനായിത്തീരുകയും ചെയ്തു. അയൽപക്കക്കാരായിരുന്ന കുഞ്ഞിപ്പാത്തുവും നിസാർ അഹമ്മദും തമ്മിൽ പരിചയപ്പെടുകയും, ആ പരിചയം ക്രമേണ വർദ്ധിച്ചു, പ്രണയമായി മാറുകയും, ഒടുവിൽ അവർ ദമ്പതിമാരായിത്തീരുകയും ചെയ്യുന്നു. ഇതാണു് ഈ ചെറുകാവ്യത്തിലെ ഇതിവൃത്തം.

ചുരങ്ങിയ ഈ കഥയെ കലാപരമായ കൈവിരുതോടുകൂടി പതിനൊന്നദ്ധ്യായങ്ങളിൽ മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. കാലപ്രവാഹത്തിൽ വന്നുകൊണ്ടിരിക്കുന്ന ലോകഗതിയെ –പാരമ്പര്യത്തിൻ്റെ, അല്ല, തലമുറകളുടെ മാറ്റത്തെ – ഗ്രന്ഥകാരൻ ചതുരതയോടെ ഇതിൽ ചിത്രീകരിച്ചിട്ടുണ്ടു്. മതത്തിൻ്റെ പേരിൽ കുടികൊണ്ടിട്ടുള്ള ചില അന്ധവിശ്വാസങ്ങൾ, വിദ്യാഭ്യാസത്തിൻ്റെ കുറവിനാൽ വന്നുകൂടിയിട്ടുള്ള അസംസ്കൃതശൈലി എന്നു തുടങ്ങിയ കാര്യങ്ങളിൽ സ്വസമുദായം പുരോഗമനപരമായി പരിവർത്തനം പ്രാപിക്കേണ്ടതിൻ്റെ ആവശ്യകതയെ ഫലിതവും പരിഹാസവും നിറഞ്ഞ സംഭാഷണങ്ങളിൽക്കൂടി എത്രയും നിപുണമായി ബഷീർ ഈ നോവലിൽ വ്യഞ്ജിപ്പിച്ചിരിക്കുന്നു. ഇതര സമുദായങ്ങൾക്ക് അത്ര സുപരിചിതമല്ലാത്ത മുസ്ലീംഗൃഹത്തിലെ അന്തർമ്മണ്ഡലത്തെ ബഷീറിൻ്റെ തൂലിക ഭൂതക്കണ്ണാടിയിൽ എന്നപോലെ തെളിച്ചുകാണിക്കുന്നു. കഥയിൽ ആദ്യന്തം ഉപയോഗിച്ചിട്ടുള്ള മാപ്പിള മലയാളഭാഷ അതിൻ്റെ തന്മയത്വത്തെ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടു്.

ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആടു് മുതലായവയാണു് ബഷീറിൻ്റെ മറ്റു കൃതികൾ.