കഥാപ്രബന്ധങ്ങൾ
ആർ. എസ്. കുറുപ്പു്: കുറുപ്പിൻ്റെ നോവലുകളിൽ നല്ല കൃതിയാണു്’ ‘തോട്ടി’. അജ്ഞരും അപരിഷ്കൃതരുമായ ഒരു തൊഴിലാളി വിഭാഗമാണല്ലോ തോട്ടികൾ. അവരുടെ രാഗദ്വേഷാദി ചിന്തവൃത്തികളെ എത്രയും സ്വാഭാവികമായി ഭാവഭംഗിയോടുകൂടി ഇതിൽ ചി ത്രീകരിച്ചിരിക്കുന്നു. അവക്രമായ ഒരു കഥയാണു നോവലിലുള്ളത്. തോട്ടിപ്പണിക്കാരനായ കേളു, തൂപ്പുകാരിയായ നാണിയിൽ അനുരക്തനായിത്തീർന്നു. അചിരേണ അവർ ദമ്പതിമാരായി. നാണി, ഒരു പുത്രിയെ യഥാകാലം കേളുവിനു സമർപ്പിച്ചിട്ടു”, കാലൻ്റെ വിളിക്കു കീഴടങ്ങി. കുട്ടിയെ വളർത്തുവാൻ അപ്രാപ്തനായിത്തീന്ന കേളു, അതിനെ ഒരു ക്രിസ്ത്യൻ അനാഥ ശിശുമന്ദിരത്തിൽ കൊണ്ടുചെന്നാക്കി. അവൻ പഴയ പടി ജീവിതം തുടർന്നു. എന്നാൽ നാണിയുടെ വേർപാടിനുശേഷം, അവനു ജീവിതത്തിൽ യാതൊരു സുഖമോ സ്വാസ്ഥ്യമോ ഇല്ലാതായി. ജീവിതത്തിൽ ഒട്ടധികം പരുക്കുകളേറ്റു് അവൻ്റെ ഹൃദയം മരവിക്കുകതന്നെ ചെയ്തു. വർഷങ്ങൾ ഇരുപതു് ഇതിനകം പുറകോട്ട് നീങ്ങിക്കഴിഞ്ഞു. അനാഥശിശു സംരക്ഷകർ യൗവനയുക്തയായ അവൻ്റെ, പുത്രിയെ മറ്റൊരു തൊഴിലാളിക്കു വിവാഹം ചെയ്തുകൊടുത്തു. പുത്രിയുടെ വിവാഹത്തിനു കേളുവിനെ ക്ഷണിച്ചിരുന്നെങ്കിലും അവൻ അതിൽ പങ്കുകൊണ്ടില്ല. പുത്രിയും ജാമാതാവും കേളുവുമായുള്ള രക്തബന്ധം അറിയപ്പെടാതെ തന്നെ ജീവിതവൃത്തി നയിച്ചുപോന്നു. വാർദ്ധക്യത്തിലും രോഗത്തിലും കാലൂന്നിയ കേളുവിന്നു് ഒരു വേലുവും ചാരായവുമാണു പിന്നീടു് കൂട്ടും തുണയുമായിത്തീർന്നതു്. അങ്ങനെ നാണിയുടെ വേർപാടിനുശേഷം 25-ലേറെ വർഷങ്ങൾ ഒരുവിധത്തിൽ കഴിച്ചു കൂട്ടി അവസാനം അവൻ ജീവിതത്തിൽനിന്നും നിത്യമായി മറയുന്നു. ഇതാണ്’ ‘തോട്ടി’യിലെ പ്രതിപാദ്യം.