ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

ചിന്ത്യവും പുരോഗമനപരവുമായ പല ആശയങ്ങളും കഥയിൽ വ്യക്തമാക്കിയിട്ടുണ്ടു്. നാണിയുടെ പ്രസവവും മരണവും മനുഷ്യത്വത്തെ ഇല്ലാതാക്കുന്ന ഉന്നതാധമഭേദത്തിൻ്റെ ഫലമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. തോട്ടിത്തൊഴിലാളികളുടെ ജീവിതം ഇന്നും ദയനീയമാണു്. ഹീനമായ പരിതഃസ്ഥിതി മനുഷ്യനെ എപ്പൊഴും ശ്വാസം മുട്ടിച്ചു കൊല്ലുമെന്നുള്ളതിൽ സംശയമില്ല. ഒരു ഡോക്ടരുടെ തക്കസമയത്തുള്ള സാന്നിദ്ധ്യമുണ്ടായിരുന്നെങ്കിൽ നാണിയുടെ ജീവിതം വീണ്ടെടുക്കാമായിരുന്നു. ഹീനമായ പരിതഃസ്ഥിതിയിൽ ജീവിക്കുന്ന കേളുവിൻ്റെ അഭ്യർത്ഥന, ഹോസ്പിറ്റൽ അധികാരികൾ പാടേ അവഗണിച്ചു. കേളുവും അവൻ്റെ കുട്ടംബവും അതോടെ തകർന്നു. ഇതുപോലെ അവശതയിൽപ്പെട്ട എത്രയെത്ര കുടുംബങ്ങളും ജീവിതങ്ങളുമാണു് മാനവസമുദായത്തിൽ ഇന്നു തകർന്നുകൊണ്ടിരിക്കുന്നതു്?

തോട്ടികളുടെയിടയിൽ സംഘടനാബോധം ജനിപ്പിക്കുക, അവകാശവാദം പുറപ്പെടുവിക്കുക മുതലായവ, പുരോഗമനപരമായ ഇതിലെ ചില ആശയങ്ങളാണു്. മനുഷ്യനു ചിന്തിക്കുവാനും മനുഷ്യത്വത്ത മാനിക്കുവാനും വേണ്ട വകകൾ കേളുവിൻ്റെ ജീവിതത്തിൽക്കൂടി നാഗവള്ളി വായനക്കാർക്കു നല്കുന്നുണ്ടു്. എന്നാൽ ശ്രേയസ്‌കരമായ പുരോഗതിക്കു പ്രതിബന്ധമായ ഒരാശയം ഇതിൽ തലയെടുത്തു നില്ക്കുന്നു എന്നു ള്ളതാണു് മനോഹരമായ ഈ കാവ്യകുസുമത്തിന്നു പറ്റിയിട്ടുള്ള ഒരു പുഴക്കുത്തു്. തോട്ടിപ്പണി നിന്ദ്യവും നികൃഷ്ടവുമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. പരോപദ്രവമില്ലാത്ത ഏതു തൊഴിലും അതതിൻ്റെ നിലയ്ക്കു മാന്യമാണു്. അതിനു സാമൂഹ്യമായ ഒരു വിലകൂടി കല്പിക്കുന്നതായാൽ കൂടുതൽ മാന്യമായിക്കൊള്ളും. അത്തരത്തിലുള്ള ഒരു ബോധം തൊഴിലാളിവർഗ്ഗത്തിൽ ജനിപ്പിക്കാതിരിക്കുന്നിടത്തോളംകാലം അവർ സ്വകൃത്യത്തിൽ അസംതൃപ്തരായേ ഇരിക്കൂ. അസംതൃപ്തി അലസത വർദ്ധിപ്പിക്കുന്നതിനും, പുരോഗതിയുടെ അസ്തിവാരത്തെത്തന്നെ തകർക്കുന്നതിനും കാരണമായിത്തീരുകയും ചെയ്യും. ഈ ഒരു ന്യൂനത, കലാപരമായി വളരെ വിജയിച്ചിട്ടുള്ള ഈ നോവലിൽ കടന്നുകൂടിയിട്ടുണ്ടെന്നു പറയാതെ തരമില്ല.

ആണും പെണ്ണും, രണ്ടു ലോകം, ഒഴുക്കത്തുവന്ന വീട്, ചൊവ്വയിലെത്തിയപ്പോൾ ഇവയാണു നാഗവള്ളിയുടെ മററു നോവലുകൾ.