കഥാപ്രബന്ധങ്ങൾ
പാത്രസൃഷ്ടിയിൽ ചന്തുമേനോനു പരാജയം സംഭവിച്ചുപോയെന്നു ചില വിമർശകന്മാർ ആക്ഷേപിക്കാതിരുന്നിട്ടില്ല. ഇന്ദുലേഖാകർത്താവിന് മാതൃകായോഗ്യരായ കഥാപാത്രങ്ങളെ സൃഷ്ടിക്കണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നുവെന്നും, എന്നാൽ പ്രധാന കഥാപാത്രമായ മാധവനിൽപ്പോലും അന്യൂനമായ ഗുണങ്ങളെ പ്രകാശിപ്പിക്കുവാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ലെന്നും മറ്റുമാണു് അത്തരം ആക്ഷേപശരങ്ങൾ തൊടുത്തിട്ടുള്ളവരുടെ മുഖ്യവാദമുഖങ്ങൾ. ഇതുതെറ്റായ ഒരു ധാരണയിൽ നിന്നു വന്നുകൂടിയിട്ടുള്ള അനുമാനം മാത്രമെന്നേ വിചാരിക്കുവാനുള്ളു. ഗുണഗണങ്ങളോടൊപ്പം കുറ്റങ്ങളും കുറവുകളും ഉള്ള സാധാരണജനങ്ങളെ ചിത്രീകരിക്കണമെന്നല്ലാതെ, ആദർശപാത്രങ്ങളെ ഇറക്കിവിടണമെന്ന ഒരു വ്യാമോഹം ചന്തുമേനോനിൽ ഒരിക്കലും ഉണ്ടായിരുന്നതായി വിചാരിക്കുവാൻ തരമില്ല. കഥാവസ്തു, സമകാലികമായ സാമൂഹിക നടപടികളിൽനിന്നു സ്വീകരിച്ചപ്പോൾത്തന്നെ ഗ്രന്ഥകാരനു് ഈ ആശയം ഇല്ലെന്നുള്ളതു സ്പഷ്ടമായിട്ടുണ്ട്. കവി, പുരാണകർത്താക്കളായ മുൻഗാമികളെ അനുകരിച്ചു ആദർശപാത്രങ്ങളെ സൃഷ്ടിക്കുവാൻ പുറപ്പെട്ടിരുന്നുവെങ്കിൽ നിശ്ചയമായും ഈ കഥാപാത്രങ്ങൾ നമ്മുടെ ആദരാഭിനന്ദനങ്ങളെ ഇത്രത്തോളം ഒരിക്കലും അർഹിക്കുമായിരുന്നില്ല. ഇന്ദുലേഖ, സ്വാഭിമാനത്താലും സ്വാതന്ത്ര്യബോധത്താലും അമ്മാവൻ്റെ ആജ്ഞയെ ലംഘിച്ചിരിക്കാം. സംസ്കൃതചിത്തനായ മാധവൻ വെറും ശുദ്ധഗതിക്കാരനും അസമ്മതനുമായിരുന്നിരിക്കാം. (ജനശ്രുതിയാൽ വഞ്ചിതനായി നാടുവിട്ടോടുന്ന മാധവനെപ്പോലെതന്നെ, ശരച്ചന്ദ്രചാറ്റർജിയുടെ ‘പരിണീത’ എന്ന നോവലിൽ ഒരു ശേഖരനും, തൻ്റെ അനുരാഗപാത്രമായ ലളിത അന്യാധീനയെന്നു് അന്ധാളിച്ചു നാടുവിടുന്ന ഒരു ഘട്ടമുണ്ടു്.) എന്നാൽ ഈ സ്ഥിതിവിശേഷങ്ങളെല്ലാം ഇന്നും നമ്മുടെ ചുറ്റുപാടും കാണപ്പെടുന്നവ മാത്രമാണല്ലോ. ആ നിലയിൽ, ചന്തുമേനോൻ്റെ നിരീക്ഷണപാടവവും, പാത്രസൃഷ്ടിയിലുള്ള ചതുരതയും, ഇവയിലെല്ലാം തെളിഞ്ഞു വിളങ്ങുന്നുവെന്നു സമ്മതിക്കുകയായിരിക്കും അധികം സമീചീനമായിട്ടുള്ളതു്.
ഭാഷാരീതിയാണു്, ഇന്ദുലേഖയുടെ പ്രചുരപ്രചാരത്തിനും ആസ്വാദനത്തിനും വിശേഷവിധിയായി നിലകൊള്ളുന്ന മറ്റൊരു കാരണം. കുഞ്ചൻനമ്പ്യാരുടെ ‘ഭാഷയേറിവരുന്ന മണിപ്രവാളരീതി’ തുള്ളൽ സാഹിത്യത്തിൻ്റെ പ്രചുരപ്രചാരത്തെ കുടിൽതൊട്ടു കൊട്ടാരം വരെ പരത്തുവാൻ പര്യാപ്തമായിത്തീർന്നു. മലയാളത്തിലെ ഒന്നാമത്തെ ജീവൽ സാഹിത്യകാരനായ കുഞ്ചൻനമ്പ്യാർക്കുശേഷം, ഗദ്യരൂപത്തിലുള്ള ജീവസാഹിത്യം നിർമ്മിക്കുവാൻ ആദ്യമായി പുറപ്പെട്ട മഹാൻ, ഇന്ദുലേഖയുടെ കർത്താവായ ചന്തുമേനോനാണു്. തൻ്റെ ശ്രോതാക്കളിൽ അധികമാളുകളും, സാമാന്യ ജനങ്ങളാണെന്നുള്ള വിവേകത്താൽ പ്രേരിതനായി, നാം നിത്യം ചെയ്യുന്ന സംഭാഷണ രീതിയെ ആസ്പദമാക്കി നമ്പ്യാർ തുള്ളലുകൾ നിർമ്മിച്ചുവെങ്കിൽ, ചന്തുമേനോനും സ്വകൃതികളിൽ അത്തരം ഭാഷാരീതി തന്നെ കൈക്കൊണ്ടു.
"എന്തെടോ കൂവേ, പഴങ്കഞ്ഞിയേക്കാട്ടിൽ
എന്തുവിശേഷമമൃതിന്നു ചൊല്ലെടോ"
എന്നു നമ്പ്യാർ പറയുമ്പോൾ –
. “എന്താണു മാധവാ, ഇങ്ങനെ സാഹസമായ വാക്കു പറഞ്ഞതു്? ഛീ! ഒട്ടും നനയില്ല! അദ്ദേഹത്തിൻ്റെ മനസ്സുപോലെ ചെയ്യട്ടേ കാരണവർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞുപോയി.” എന്നിങ്ങനെ വീട്ടുഭാഷയെ നാട്ടുഭാഷയാക്കി ചന്തുമേനോൻ പ്രയോഗിച്ചു. ഇന്നത്തെ പുരോഗമന സാഹിത്യകാരന്മാർ പെരുമ്പറയടിച്ചു മുഴക്കുന്ന ഭാഷാരീതി പത്തെഴുപതു കൊല്ലങ്ങൾക്കു മുമ്പുതന്നെ ദീർഘദൃഷ്ടിയോടുകൂടി ചന്തുമേനോൻ ഇന്ദുലേഖവഴി കേരളീയർക്കു പ്രദാനം ചെയ്തുവെന്നു പറഞ്ഞാൽ അതിലേ ഭാഷാരീതിയുടെ ശ്ലാഘനീയതയെപ്പറ്റി അധികമൊന്നും പറയേണ്ടതായിട്ടില്ല.