കഥാപ്രബന്ധങ്ങൾ
ഇന്ദുലേഖാരചനയിൽ കവിക്കുണ്ടായിരുന്ന പരമോദ്ദേശ്യം സമുദായ പരിഷ്കരണമാണു്. ഇംഗ്ലീഷ് വിദ്യഭ്യാസത്തിനു് കേരളത്തിൽ പ്രചാരം സിദ്ധിച്ചുതുടങ്ങുകയും, വിചാരശീലരായ അഭ്യസ്തവിദ്യരിൽ പലരും പഴയ ആചാരവിചാരങ്ങളിൽ ചിലതിനോടു വിപ്രതിപത്തി കാണിച്ചു തുടങ്ങുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഇന്ദുലേഖയുടെ നിർമ്മാണം. നായർ സമുദായത്തിലെ കന്യകമാരെ നമ്പൂരിമാരെക്കൊണ്ടു വേൾപ്പിക്കുകയും, ആ സമ്പ്രദായം തറവാടിൻ്റെ യോഗ്യതയ്ക്കും പ്രഭുത്വത്തിനും യോജിച്ച ഒരേർപ്പാടാണെന്ന് അഭിമാനിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പെൺകുട്ടികളെ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ, കാരണവന്മാരുടെ താല്പ്പര്യമനുസരിച്ചു്, ആർക്കെങ്കിലും പിടിച്ചുകൊടുക്കുവാൻ അന്നത്തെ സാമൂഹ്യസ്ഥിതി അനുവദിച്ചിരുന്നു. തറവാട്ടിൽ കാരണവർക്കു പ്രത്യേകമുണ്ടായിരുന്ന ഈ പരമാധികാരത്തെ ചോദ്യം ചെയ്യാൻ അക്കാലത്തു് ആർക്കും അവകാശമുണ്ടയിരുന്നില്ല. വരൻ പൊട്ടനോ, കുരുടനോ, വിടനോ, വൃദ്ധനോ, ആരുതന്നെയായിരുന്നുകൊള്ളട്ടെ, വധു, കാരണവരുടെ ഇംഗിതം സുഗ്രിവാജ്ഞയായി കൈക്കൊള്ളുകയേ നിവർത്തിയുള്ളു. ശാലീനയും കുലീനയുമായ കല്യാണിക്കുട്ടിയെ വിടനും, വിരൂപനുമായ സൂരിനമ്പൂരിപ്പാട്ടിലേക്ക്, ഒരു പൂച്ചക്കുട്ടിയെ എന്നപോലെ നിഷ്പ്രയാസം പിടിച്ചുകൊടുക്കുവാൻ സാധിച്ചത് അങ്ങനെയുള്ള ഒരു സ്ഥിതിവിശേഷം കൊണ്ടുതന്നെയായിരുന്നു. പത്തെഴുപതു കൊല്ലത്തിനു മുമ്പുള്ള നായർ സമുദായത്തിലെ ബാന്ധവസമ്പ്രദായമാണു് ഇന്ദുലേഖയിൽ പ്രതിബിംബിപ്പിച്ചു പ്രകാശിപ്പിച്ചിട്ടുള്ളതു്.
നിർഭാഗ്യകരമായ ഈ ദുഃസ്ഥിതിയെ തരണംചെയ്യുവാൻ, സ്വാതന്ത്ര്യബോധവും സമുദായാഭിമാനവും വളർത്തുന്ന വിദ്യാഭ്യാസം ഒന്നുകൊണ്ടല്ലാതെ സാദ്ധ്യമല്ലെന്നു ചന്തുമേനോനു ബോദ്ധ്യമുണ്ടായിരുന്നു. വിശേഷിച്ചും, സ്ത്രീലോകത്തിനു കാലോചിതമായ വിദ്യാഭ്യാസം സിദ്ധിച്ചാൽ മാത്രമേ സമുദായരോഗങ്ങളെ അതിവേഗത്തിൽ ധ്വംസിക്കുവാൻ സാധിക്കുകയുള്ളുവെന്നു് അദ്ദേഹം വിശ്വസിച്ചിരുന്നു. തന്മൂലമത്രേ ആഗ്ലേയ വിദ്യാഭ്യാസവും തൻ്റേടവുള്ള ഒരു നായികയെ സൃഷ്ടിച്ചു് അനാചാരങ്ങളോടു മല്ലടിക്കുവാൻ ചന്തുമേനോൻ മുതിർന്നതു്. അദ്ദേഹത്തിൻ്റെ ആ പ്രയത്നം അചിരേണ സഫലമാവുകയും ചെയ്തു. ഇന്നു്, നായർ സമുദായത്തിൽ വന്നുചേർന്നിട്ടുള്ള സാമൂഹ്യപരിഷ്കാരങ്ങൾക്കെല്ലം മുഖ്യകാരണം, സമുദായാംഗങ്ങളിൽ അധികംപേർക്കും സിദ്ധിച്ചിട്ടുള്ള വിദ്യഭ്യസവും, തജ്ജന്യമായ സ്വാതന്ത്ര്യബോധവുമാണെന്നു നിശ്ശങ്കം പ്രസ്താവിക്കാവുന്നതാണ്.