കഥാപ്രബന്ധങ്ങൾ
അതുപോലെതന്നെ, സമുദായത്തിൽ വളരേണ്ടതും, വരുത്തേണ്ടതുമായ പല പരിഷ്കാരനിർദ്ദേശങ്ങളും ഇന്ദുലേഖവഴിക്ക് ചന്തുമേനോൻ പ്രകാശിപ്പിച്ചിട്ടുണ്ടു്. ഇങ്ങനെ കാവ്യപ്രയോജനത്തെ അധികരിച്ചു ചിന്തിക്കുമ്പോൾ, അനവധി വിശിഷ്ടഗുണങ്ങളുടെ കേദാരമാണു് ഇന്ദുലേഖ എന്നു കാണാം. എന്നാൽ, പ്രസ്തുത കൃതിയും നിരൂപകദൃഷ്ടിയിൽ നിർദ്ദോഷമായി നിലകൊള്ളുന്നില്ല.
ഇന്ദുലേഖയിൽ ഗ്രന്ഥകാരനു കൈപ്പിഴ പാറ്റിയിട്ടുള്ളത് പതിനെട്ടാം അദ്ധ്യായത്തിലാണെന്നുള്ളതു പ്രസിദ്ധമാണു്. ഇന്ദുലേഖയെപ്പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ അറിഞ്ഞ നിമിഷത്തിൽ മാധവൻ്റെ ഹൃദയം നായികാസമാഗമത്തിനു് എത്രമാത്രം തിടുക്കം കാണിക്കുമെന്നുള്ളതു് ആർക്കും അനുമാനിക്കാവുന്നതത്രെ. എന്നാൽ, മാധവൻ്റെ അനന്തരകൃത്യം അതിനു വിപരീതമാകുന്നു. സ്വദേശത്തേക്കു പറന്നെത്തുവാൻ അതിവേഗം ചിറകുകൾതന്നെ വിരിക്കേണ്ട മാധവൻ, ധാരാളം ഏകാഗ്രതയും മനഃസ്വാസ്ഥ്യവും ഉണ്ടായിരിക്കേണ്ട ഒരു മതവാദത്തിൽ ഏർപ്പെടുകയാണു ചെയ്യുന്നതു്. കാവ്യരസാസ്വാദനത്തെ സംബന്ധിച്ചിടത്തോളം ഇതു തികച്ചും ഒരനൗചിത്യമായിപ്പോയി എന്നുള്ളതിൽ സംശയമില്ല. എന്നാൽ ഗ്രന്ഥകാരൻ ആ തെറ്റ് അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാവാനേ തരമുള്ളൂ. ചില എഴുത്തുകാർ അവർക്കു വിശേഷവിധിയായി പ്രസ്താവിക്കുവാനുള്ള ചില വിഷയങ്ങൾ ഏതെങ്കിലും സന്ദർഭമുണ്ടാക്കി സ്വകൃതികളിൽ പ്രകാശിപ്പിക്കുക അപൂർവ്വമല്ല. കുരുക്ഷേത്രത്തിൽ കൗരവ പാണ്ഡവന്മാർ ആയുധധാരികളായി, അക്ഷമരായി വർത്തിക്കുന്ന ഒരു ഘട്ടത്തിലാണല്ലോ, ഭഗവാൻ അർജ്ജുനന് ഗീതോപദേശം ചെയ്യുന്നതു്. മഹാഭാരതകഥയെന്തിനു്? വിക്ടർ ഹ്യൂഗോവിൻ്റെ ‘പാവങ്ങൾ’ എന്ന കൃതി ഇവിടെ നല്ല ഒരു ദൃഷ്ടാന്തമായിരിക്കുന്നു. അതിൽ ‘വാട്ടർലൂ യുദ്ധം’ വർണ്ണിച്ചിട്ടുള്ള അദ്ധ്യായം കഥയുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാണു്. എങ്കിലും, പ്രസ്തുതഭാഗം ചിന്താശീലന്മാരെ വേണ്ടുവോളം രസിപ്പിക്കുന്നുണ്ടെന്നുള്ളതിൽ സംശയമില്ല. ഇന്ദുലേഖയിലെ പതിനെട്ടാമദ്ധ്യായത്തിൽ ചന്തുമേനോൻ ചെയ്തിട്ടുള്ളതും മേല്പറഞ്ഞവിധത്തിലുള്ള ഒരപരാധമത്രേ. ഏതായാലും പ്രസ്തുതഭാഗം കാവ്യത്തെസ്സംബന്ധിച്ചിടത്തോളം രസക്ഷതികരമാകയാൽ ദോഷകോടിയിൽ പരിഗണിക്കപ്പെടേണ്ടതായിത്തന്നെ ഇരിക്കുന്നു. എങ്കിലും,
‘ഏകോ ഹി ദോഷോ ഗുണസന്നിപാതേ
നിമജ്ജതീന്ദോഃ കിരണേഷ്വിവാങ്ക:’
എന്നൊരു തത്വമുണ്ടല്ലോ.
ശാരദ: മലയാളസാഹിത്യത്തിൽ ചന്തുമേനോൻ്റെ പേരും പെരുമയും പ്രതിഷ്ഠിച്ചത് ഇന്ദുലേഖ വഴിക്കാണെന്നുള്ളത് അസന്ദിഗ്ദ്ധമാണു്. എന്നാൽ ആ പ്രതിഷ്ഠയ്ക്ക് സർവതോഭദ്രമായ ഉറപ്പ് ഉണ്ടാക്കിത്തീർത്തതു് ‘ശാരദ’ എന്ന രണ്ടാമത്തെ നോവൽവഴിക്കുമാണു്. ഗ്രന്ഥകാരൻ നീതിന്യായം നിരൂപിച്ചിരുന്നകാലത്തു സമാർജ്ജിച്ചിട്ടുള്ള വ്യവഹാരജ്ഞാനം, സാമൂഹ്യജീവിതത്തിൻ്റെ സ്വൈരതയ്ക്ക് വഴിതെളിക്കുമാറു് പ്രകാശിപ്പിക്കുവാൻവേണ്ടിയാണു് ശാരദാനിർമ്മാണത്തിന്നൊരുങ്ങിയിട്ടുള്ളതു്. ഇന്ദുലേഖയിൽ, സമുദായാചാരങ്ങളേയും യുവചാപല്യങ്ങളേയും ഋജുബുദ്ധികളായ കഥാപാത്രങ്ങളെ മുൻനിർത്തി പ്രകാശിപ്പിക്കുവാൻ തുനിഞ്ഞുവെങ്കിൽ, ശാരദയിൽ, ഋജുതയും വക്രതയും കൗടില്യവും ഒക്കെക്കൂടി കെട്ടുപിണഞ്ഞ ഒരു സമ്മിശ്രലോകം സൃഷ്ടിക്കുവാനാണു് ഗ്രന്ഥകാരൻ യത്നം ചെയ്തിട്ടുള്ളതെന്നു കാണാം. ഇന്ദുലേഖയെ അപേക്ഷിച്ചു ശാരദയിലെ ഫലിതങ്ങൾക്ക് ഗഹനതയും വളരെ കൂടുതലാണു്. ഇന്ദുലേഖാകർത്താവിൻ്റെ ശില്പകലാകൗശലം ഏററവും തെളിഞ്ഞുവിളങ്ങുന്നതും ശാരദയിൽത്തന്നെ.