കഥാപ്രബന്ധങ്ങൾ
ശാരദ ഒരു വ്യവഹാരകഥയാണെന്നുള്ളതു് അതിലെ ഒന്നാമദ്ധ്യായം മുതൽ പതിനൊന്നാമദ്ധ്യായം വരെയുള്ള ഏതുഭാഗം നോക്കിയാലും വ്യക്തമാണു്. ഒന്നാമദ്ധ്യായത്തിൽ രാമൻമേനവൻ ശങ്കരൻവശം പൂഞ്ചോലക്കര എടത്തിലേക്കു കത്തയയ്ക്കുന്നതോടുകൂടിത്തന്നെ വ്യവഹാരത്തിൻ്റെ ബീജാവാപം ചെയ്തുകഴിയുന്നു. പക്ഷേ, ശുദ്ധഗതിക്കാരനായ രാമൻമേനവൻ അങ്ങനെയൊരു ദുരന്തഭാവി മനസ്സിൽ കരുതിക്കാണുകയില്ലായിരിക്കാം. എന്നാൽ പിന്നീടുണ്ടായ സംഭവങ്ങൾ ഒന്നിനൊന്നു കോടതികയറ്റത്തിനു വഴിതെളിച്ചുകൊണ്ടാണു പോന്നിട്ടുള്ളതെന്നു സ്പഷ്ടമാണു്. ഉദയന്തളി രാമവർമ്മ തിരുമുൽപ്പാടു രാമൻമേനവനു സഹായഹസ്തം നീട്ടിയതോടുകൂടി വ്യവഹാരബീജത്തിനു ചൂടും തണുപ്പും തട്ടിത്തുടങ്ങിയെന്നുള്ളതു് നിസ്സംശയമാകുന്നു. പിന്നീടു വക്കീൽ രാഘവമേനോനെക്കൊണ്ടു് എടത്തിലച്ചനു നോട്ടീസ്സയപ്പിച്ചു വ്യവഹാരം കൊടുപ്പാൻ തീർച്ചയാക്കുന്നതോടുകൂടി മുളയും വന്നുകഴിഞ്ഞു. പക്ഷേ, ഈ ഘട്ടത്തിൽ കഥ അപൂർണ്ണമായി ചമയുന്നതുകൊണ്ടു്, അതിനെത്തുടർന്നു പിന്നീടു ചെയ്യുന്ന നിരൂപണങ്ങൾ കേവലം ഒരു യുക്തിവിചാരം മാത്രമായിത്തീരുവാനേ വഴിയുള്ളൂ. അവയിൽ പലതും ഗ്രന്ഥകാരൻ്റെ ലക്ഷ്യത്തിൽനിന്നും വ്യതിചലിച്ചവയുമായിത്തിരാവുന്നതാണു്. അതിനാൽ അസ്ഥാനസ്ഥിതമായ ആ കൃത്യത്തിനു തുനിയാതിരിക്കുകയാണു് അധികം നന്നെന്നു തോന്നുന്നു. എന്നാൽ ഒരു കാര്യം സ്പഷ്ടമാണു്.
വത്തിപ്പട്ടർ, കൃഷ്ണൻ, കറപ്പൻചെട്ടി, എടത്തിൽ അച്ചൻ, ശങ്കുനമ്പി തുടങ്ങിയ ദുഷ്ടപാത്രങ്ങളേയും, രാമൻമേനോൻ, ശങ്കരൻ, ശങ്കുവാര്യർ, ശാരദ തുടങ്ങിയ സൽപാത്രങ്ങളേയും കൂട്ടിക്കലർത്തിയ ഗ്രന്ഥകാരനു്, അധർമ്മത്തിൻ്റെ വിനാശവും, ധർമ്മത്തിൻ്റെ സംസ്ഥാപനവും മാതൃകായോഗ്യമായി നിർവ്വഹിക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നിരിക്കണം. അതു കാവ്യത്തിൻ്റെ ധർമ്മവുമാണു്. സി. അന്തപ്പായിയുടെ ശാരദ 2-ാം ഭാഗത്തിൽ, ഒരു ബട്‌ലരുടെ ഉന്നംതെറ്റിയ വെടിയേറ്റു ദ്രോഹമൂർത്തിയായ വൈത്തിപ്പട്ടർ കാലാലയത്തിൽ എത്തിയതായി വർണ്ണിച്ചിരിക്കുന്നു. ഈവിധത്തിലുള്ള ഒരു അപമൃത്യുകൊണ്ടു് അയാളുടെ അധർമ്മത്തിനു മതിയായ യാതൊരു ശിക്ഷയും ലഭിക്കുന്നില്ല. ആ പരമദ്രോഹി ആരെയെല്ലാം ഉപകരണമാക്കി സാധുജനദ്രോഹം ചെയ്യാൻ മുതിർന്നുവോ, ആ കരുക്കൾതന്നെ എതിരെ തിരിഞ്ഞു നിന്നു് ആ കുടിലമൂർത്തിയുടെ അധർമ്മത്തതിനു ശിക്ഷ കല്പിക്കുവാൻ ഇടവരുമ്പോൾ മാത്രമേ, അധർമ്മത്തിന് അതിന്നനുരൂപമായ ശിക്ഷയും അധഃപതനവും സംഭവിക്കുന്നുള്ളൂ; അപ്പോൾ മാത്രമേ ദുഷ്കൃതങ്ങൾക്കു ശരിയായ വിനാശവും, സാധുക്കൾക്ക് സവിശേഷമായ പരിത്രാണവും വന്നുകൂടുന്നുള്ളു. അതുപോലെതന്നെ അതിലെ ഇതരകഥാപാത്രങ്ങൾക്കും അവരവരുടെ ഗുണദോഷങ്ങൾക്കനുരൂപമായ നന്മതിന്മകൾ അനുഭവപ്പെടേണ്ടതായിട്ടുണ്ട്. അങ്ങനെവന്നാൽ മാത്രമേ പ്രസ്തുത കൃതിയിലെ പാത്രസൃഷ്ടിക്കും അതിൻ്റെ ഘടനയ്ക്കും മതിയായ കാന്തിയും മൂല്യവും നാം കാണുകയുള്ളൂ. സാഹിത്യത്തിനു സാന്മാർഗ്ഗികമായ ഒരു ഉദ്ദേശ്യമുണ്ടെന്നുള്ള പരമതത്വവും അപ്പോഴേ തെളിഞ്ഞു വിളങ്ങുകയുള്ളൂ.