കഥാപ്രബന്ധങ്ങൾ
ശാരദ, പരിണിതയാകുന്നതിനുമുമ്പുതന്നെ ഗ്രന്ഥകാരൻ ഐഹികവാസം വെടിഞ്ഞുവെങ്കിലും, ആ സൗഭാഗ്യവതിക്കു്, ഒരു ഭാവിവരനെ അദ്ദേഹം നിർദ്ദേശിക്കാതിരുന്നിട്ടില്ല. രാഘവനുണ്ണിയുടെ പുത്രനും ബിരുദധാരിയും പ്രതിഭാശാലിയും സുഭഗനും സുശീലനുമായ കൃഷ്ണമേനവനെ, വായനക്കാർ ഒരുപക്ഷേ, ഈയവസരത്തിൽ സ്മരിച്ചുകാണും. ശാരദയെ അവളുടെ കലാഭിജാത്യങ്ങൾക്കനുരൂപമായ വിധത്തിൽത്തന്നെ വിവാഹം ചെയ്യിക്കേണമെന്നുള്ള ഒരു സങ്കല്പം ചന്തുമേനോനു മുൻകൂട്ടി ഉണ്ടായിരിക്കണം. കൃഷ്ണമേനവനെ ആ ഉദ്ദേശ്യത്തോടുകൂടിത്തന്നെയായിരിക്കണം ഉചിതമായരൂപത്തിൽ രംഗപ്രവേശം ചെയ്യിച്ചിട്ടുള്ളതു്. ശാരദയ്ക്കു കൃഷ്ണമേനവനേക്കാൾ കൂടുതൽ അനുരൂപനായ ഒരു വരനെ കഴിഞ്ഞേടത്തോളമുള്ള കഥാഭാഗങ്ങളിൽനിന്നു നമുക്ക് കണ്ടുപിടിക്കുവാനും സാധിക്കുന്നില്ല. അതിനാൽ ആ യുവാവിനെ തന്നെയായിരിക്കണം ചന്തുമേനോൻ ശാരദയുടെ കാമുകനായി സങ്കല്പിച്ചിട്ടുള്ളതെന്നു ന്യായമായി ഊഹിക്കാവുന്നതാണു്.
ശാരദയിലെ കഥാപാത്രങ്ങളുടെ വ്യക്തിഭാവം ഇന്ദുലേഖയിലേതിനേക്കാൾ കൂടുതൽ സജീവവും പ്രസ്‌ഫുടവുമായിട്ടുണ്ട്. സർപ്പദൃഷ്ടിക്കാരനായ വൈത്തിപ്പട്ടർ, പരിപാവനനായ ശങ്കുവാര്യർ, കാര്യസ്ഥനായ കണ്ടൻമേനോൻ, എടത്തിലച്ചൻ മുതലായവരുടെ ഛായകൾ ശാരദ വായിക്കുന്ന ഒരാളുടെ മനോമുകുരത്തിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നതല്ല. എടത്തിൽ നിന്നുള്ള ‘ശങ്കരൻ ഓട്ടം’, ‘വക്കീലന്മാരുടെ കൊളമ്പു്’ തുടങ്ങിയ വർണ്ണനകൾ ചന്തുമേനോൻ്റെ സജീവമായ ചിത്രീകരണ സാമർത്ത്യത്തെയും ഫലിതപ്രയോഗചാതുര്യത്തേയും വിളിച്ചു പറയുന്നവയാണു്.
പരിഹാസവും വിമർശനവും: ശാരദയുടെ മറ്റൊരു പ്രത്യേകത, അതിൽ കാണുന്ന പരിഹാസവും വിമർശനവുമാകുന്നു. വക്കീലന്മാരുടെ വായനശാല (കൊളമ്പുതന്നെ ഒന്നാന്തരം ദൃഷ്ടാന്തമാണല്ലോ. കർപ്പായ്യൻ നോവലിന്നു സർട്ടിഫിക്കെറ്റ് എഴുതുന്നതും മറ്റും, അന്നത്തെയും ഇന്നത്തെയും ചില വീരന്മാരെസ്സംബന്ധിച്ചിടത്തോളം, ഗ്രന്ഥകാരന്മാരുടേയും വിമർശകന്മാരുടേയും നേർക്കുള്ള ഒരു നിശിതശരപ്രയോഗം തന്നെയാണു്. അവിടെവെച്ചു നടക്കുന്ന വാദപ്രതിവാദം അക്കാലത്തു കേരളീയരിൽ നോവൽനിർമ്മാണഭ്രമം എത്രമാത്രം കലശലായിത്തീർന്നിരുന്നുവെന്നുള്ളതിനു് ഒരു തെളിവുമാണു്. കണ്ടൻമേനവൻ്റെ ഓപ്യവും, റില്ലി ആക്ടും, വക്കീൽ രാഘവമേനവനോടൊപ്പം വായനക്കാരെയും പൊട്ടിച്ചിരിപ്പിക്കുവാൻ മതിയായവതന്നെ. ചാത്തുപ്പണിക്കർ, എടത്തിലും, ഉദയന്തളിയിലും പ്രശ്നംവെച്ചു വ്യാഖ്യാനിക്കുന്നതു കേൾക്കുമ്പോൾ, കുഞ്ചൻനമ്പ്യാർ ചെമ്പകശ്ശേരിയിലെ സദ്യയെപ്പറ്റി എഴുതിയ ശ്ലോകം, തിരുവനന്തപുരത്തു ചൊല്ലി ഫലിപ്പിച്ച കഥ ആരും അനുസ്മരിച്ചുപോകും. ശാരദ, മുസൽമാൻപെണ്ണാണെന്നു കൃഷ്ണൻ തെളിവുകൊടുക്കുന്നതിനെ ആസ്പദമാക്കി ഉദയന്തളി അദ്ധ്യയനമഠത്തിൽ അച്ചൻ എഴുത്തയയ്ക്കുമ്പോൾ അവിടെ നടക്കുന്ന വിപ്ലവം, ‘നമ്പൂരിമാരുടെ ഓടിയെത്തൽ’ എന്നിങ്ങനെയുള്ള ഭാഗങ്ങൾ വായിക്കുന്ന ഏതൊരാളും ചിരിച്ചു മണ്ണുകപ്പാതെ തരമില്ല. അത്രമാത്രം ഫലിതഭാസുരമായിട്ടുണ്ട് പ്രസ്തുതഭാഗങ്ങൾ ഓരോന്നും. ചുരുക്കത്തിൽ, ഇന്ദുലേഖ, ശാരദ എന്നീ നോവലുകൾ മലയാള സാഹിത്യത്തിൽ ഗണനീയമായ ഒരു സ്ഥാനത്തെ എന്നും അർഹിക്കുന്നവയാണെന്നു നിസ്സംശയം പറയാം.* (തലശ്ശേരിക്കടുത്തു് ഇടപ്പാടി ചന്തുനായരുടേയും, കൊടുങ്ങല്ലൂരിനടുത്തു ചിറ്റേഴത്തു പാർവ്വതിയമ്മയുടേയും കനിഷ്ഠപുത്രനായി 1847 ജനുവരി 9-ാം തീയതി ചന്തുമേനോൻ ജനിച്ചു. വടക്കൻ കോട്ടയത്തു തിരുവങ്ങാട്ട് ഒയ്യാരത്തു് എന്ന ഗൃഹത്തിൽ താമസമാക്കിയതു മുതൽ ഒയ്യാരത്തു ചന്തുമേനോൻ എന്ന പേര് പ്രസിദ്ധമായിത്തീർന്നു. കോഴിക്കോട്ടു സബ്ജഡിയായിരിക്കുമ്പോൾ 1899 സെപ്റ്റംബർ 7-ാം തീയതി പെട്ടെന്നു ചരമമടഞ്ഞു.)