കഥാപ്രബന്ധങ്ങൾ
സി. വി. രാമൻപിള്ള: ചന്തുമേനോൻ സാമൂഹ്യവിഷയങ്ങളെ ആസ്പദമാക്കി സമുദായപരിഷ്ക്കരണാർത്ഥം ഇന്ദുലേഖ, ശാരദ എന്നീ നോവലുകൾ നിർമ്മിച്ചു. ആ മാർഗ്ഗത്തിൽ സഞ്ചരിച്ചിട്ടുള്ളവരിൽ അദ്ദേഹം അജയ്യനുമായിത്തീർന്നു സി. വി. അതിൽനിന്നു ഭിന്നമായ ഒരു പദ്ധതിയെ അവലംബിച്ചു. ദേശചരിത്രത്തെയും രാഷ്ട്രസംഭവങ്ങളെയും പശ്ചാത്തലമാക്കിയുള്ള കാവ്യരചനയ്ക്കായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്യമം. വേറൊരു വിധത്തിൽ പറഞ്ഞാൽ, രാഷ്ട്രീയസംഭവങ്ങളെ പുരസ്ക്‌കരിച്ചു പൂർവ്വികന്മാരുടെ വീരത്വത്തേയും രാജഭക്തിയേയും പ്രോജ്ജ്വലിപ്പിക്കുന്ന ചരിത്രാഖ്യായികകൾ രചിക്കുവാനാണു് അദ്ദേഹം പുറപ്പെട്ടതു്. രാജ്യചരിത്രത്തെ ആധാരമാക്കിയുള്ള ഏതെങ്കിലും ഒരാഖ്യായിക മലയാളത്തിൽ സി.വി.യുടെ കൃതികൾക്കുമുമ്പു് ഉത്ഭവിച്ചിട്ടുണ്ടെങ്കിൽ അതു് ‘അക്‌ബർ’ മാത്രമായിരുന്നു. 1882 മുതൽ ആരംഭിച്ച ‘അക്ബർ’ തർജ്ജമ 1894-ൽ അതായതു്, ഒരു പന്തീരാണ്ടുകൊണ്ട് മുഴുവനാക്കി പ്രസിദ്ധീകരിച്ചുള്ളൂ എന്ന വസ്തുത വിസ്മരിക്കുന്നില്ല. പ്രസ്തുത കൃതി ഇംഗ്ലീഷ് ഭാഷയിൽനിന്നുള്ള ഒരു വിവർത്തനമാകയാൽ മലയാളത്തിലെ സ്വതന്ത്രാഖ്യായികകളുടെ മുൻഗാമിയെന്നോ മാതൃകയെന്നോ പറയുവാനും നിവൃത്തിയില്ല. ആകയാൽ സി.വി.യുടെ കൃതികൾതന്നെയാണു് ഭാഷയിലെ സ്വതന്ത്രാഖ്യായികകളിൽ ആദ്യത്തേതെന്നു നിസ്സംശയം പറയാം. ആദ്യത്തേതു് എന്ന നിലയിൽ മാത്രമല്ല, ആ പ്രസ്ഥാനത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള കൃതികളിൽ അഗ്രിമ സ്ഥാനമർഹിക്കുന്നതു് എന്ന നിലയിലും അവ പ്രഖ്യാതങ്ങളാണു്.