കഥാപ്രബന്ധങ്ങൾ
മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജബഹദൂർ ഇവ മൂന്നുമാണു് സി.വി.യുടെ ആഖ്യായികകൾ. വഞ്ചിരാജ്യത്തിലെ ഏറ്റവും സ്മരണീയമായ ഒരു ഘട്ടത്തിൽ നടന്ന സംഭവങ്ങളാണ് മേല്പറഞ്ഞ കൃതികളുടെ അസ്തിവാരം. വിഖ്യാതന്മാരായ അനിഴംതിരുനാൾ മാർത്താണ്ഡവർമ്മ, കാർത്തികതിരുനാൾ രാമവർമ്മ എന്നീ മഹാരാജാക്കന്മാരുടെ കാലത്തു – കൊല്ലവർഷം 10-ാം നൂറ്റാണ്ടിൽ – തിരുവിതാംകൂറിൽ ഗണനീയങ്ങളായ പല സംഭവങ്ങളും നടക്കുകയുണ്ടായി. എട്ടുവീട്ടിൽപിള്ളമാരുടെ പ്രാബല്യം, തമ്പിമാരുടെ രാജ്യാവകാശവാദം, തിരുവിതാംകൂറിൻ്റെ വിസ്‌തൃതി, മൈസൂർ സുൽത്താന്മാരുടെ ആക്രമണം, സന്ധി, ശത്രുനിധനോദ്യോഗം എന്നുതുടങ്ങി അനേകമനേകം രാജ്യസംഭവങ്ങൾ പ്രസ്തുത മഹാരാജാക്കന്മാരുടെ കാലത്തുണ്ടായിട്ടുള്ളവയാണു്. ആകയാൽ അവിസ്മരണീയമായ ആ കാലഘട്ടത്തിൽ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു്, കേരളീയർക്കാകമാനം അഭിമാനപ്രദമായ ആഖ്യായികകൾ നിർമ്മിക്കുവാൻ പുറപ്പെട്ട പ്രതിഭോജ്ജ്വലനായ സി.വി.രാമൻപിള്ളയുടെ ഔചിത്യവിചാരത്തെ അഭിനന്ദിക്കുകതന്നെ വേണം,
മാർത്താണ്ഡവർമ്മ: നാടുനീങ്ങിയ മഹാരാജാവിൻ്റെ പുത്രനായ പത്മനാഭൻതമ്പി, എട്ടുവീട്ടിൽപിള്ളമാരുടെ സഹായത്തോടുകൂടി യുവ രാജാവായ മാർത്താണ്ഡവർമ്മയെ അപായപ്പെടുത്തി രാജസ്ഥാനം കൈവശപ്പെടുത്തുവാൻ ശ്രമിക്കുന്നു. എന്നാൽ, രാജഭക്തന്മാരായ ചിലരുടെ സഹായത്താൽ ആ ശ്രമം ഫലിക്കുന്നില്ലെന്നു മാത്രമല്ല, തന്ത്രശാലിയും ബുദ്ധിമാനുമായ യുവരാജാവു്, രാജദ്രോഹികളെയെല്ലാം ഉന്മൂലനാശം ചെയ്തു രാജ്യത്തിനു ക്ഷേമവും സ്വാസ്ഥ്യവും വരുത്തുവാൻ ശക്തനായിത്തീരുകയും ചെയ്യുന്നു. ഇതാണ് മാർത്താണ്ഡവർമ്മയിലെ പ്രസിദ്ധമായ ചരിത്രകഥ. പ്രസ്തുത ചരിത്രമാകുന്ന അസ്ഥിപഞ്ജരത്തെ മനോധർമ്മമാകുന്ന രക്തമാംസങ്ങളാൽ സംയോജിപ്പിച്ചു സജീവവും സുകോമളവുമാക്കി സഹൃദയാഹ്ലാദകരമായ വിധത്തിൽ ഗ്രന്ഥകാരൻ ആഖ്യായികയിൽ ഒരു പുനസൃഷ്ടി നിർവ്വഹിച്ചിരിക്കുന്നു. ചരിത്രത്തിൽ, മാർത്താണ്ഡ വർമ്മ, തമ്പിയുടേയും തൽപ്രവർത്തകരുടേയും ആലോചനകളും ഉപജാപകർമ്മങ്ങളും തകർത്തു യഥാകാലം പ്രതാപവാനായിത്തീരുന്ന കഥ മാത്രമേ ഉള്ളു. എന്നാൽ ആഖ്യായികാകാരൻ, പാറുക്കുട്ടി, അനന്തപത്മനാഭൻ എന്നീ നായികാനായകന്മാരെ സൃഷ്ടിച്ചു്, അവരുടെ അനുരാഗാങ്കുരങ്ങളേയും, അവയുടെ വികാസപരിണാമങ്ങളേയും ഉചിതമായ വിധത്തിൽ പ്രകാശിപ്പിച്ച് സ്വകപോലകല്പിതമായ ഒരു നൂതനകഥയായി അതിൽ പകർത്തിയിരിക്കുന്നു. ശോകമധുരമായ സുഭദ്രയുടെ കഥയും അതുപോലെതന്നെ. ഹാക്കിം, സുലൈഖ, സുന്ദരയ്യൻ, കാർത്ത്യായനിയമ്മ, ശങ്കു ആശാൻ മുതലായ കല്പിതപാത്രങ്ങളും ഇതിലെ രസോജ്ജ്വലങ്ങളായ സൃഷ്ടികളത്രെ. ഇങ്ങനെ നൂതനപാത്രങ്ങളേയും കഥയേയും സൃഷ്ടിച്ചു് അവയെ ചരിത്ര വസ്തുക്കൾക്കു പോഷകമാകുമാറു സംയോജിപ്പിച്ചു പ്രകാശിപ്പിക്കുവാൻ ഗ്രന്ഥകാരൻ ചെയ്ത യത്നം ഇതിൽ സർവ്വഥാ വിജയപ്രദമായിത്തീർന്നിരിക്കുന്നു. മാർത്താണ്ഡവർമ്മയെപ്പറ്റി കുഞ്ഞിക്കുട്ടൻതമ്പുരാൻ ആയിടെ പുറപ്പെടുവിച്ച ഒരഭിപ്രായം ഈയവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ!