ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

“നാനാരീതിയിൽ നോവലിന്നു മലയാളത്തിൽ പരന്നീടിലും മാനാവേശമൊടിന്ദുലേഖയുലകിൽപ്പാരം പ്രകാശിക്കിലും തേനാറീടിന കുന്ദപുവ്വലതയെൻ ചിത്തദ്രുമേ ചുറ്റിലും ഞാനാരാലിവിടെപ്പുകഴ്ത്തുമധികം മാർത്താണ്ഡവർമ്മാവിനെ.”

“തത്തൽ പാത്രമതിന്നുചേർന്ന വചനം പാത്രങ്ങൾ ചൊല്ലുന്നതും
ചിത്തപ്രീതിവരുത്തിടുന്നൊരു കഥാബന്ധത്തിലെ പ്രൗഢിയും
സത്തിൽപെട്ടൊരു സാധുവീരരസവും ശൃങ്ഗാരസാഹായവും
ഹൃത്തിൽപെട്ടുമയങ്ങി മാനമൊടുഞാൻ മാർത്താണ്ഡവർമ്മാവിനാൽ.”

ധർമ്മരാജാ: മാർത്താണ്ഡവർമ്മ പ്രസിദ്ധപ്പെടുത്തിയതു് 1063 (1891)-ൽ ആയിരുന്നു. അതിനുശേഷം വളരെക്കാലത്തേക്ക്, ഏകദേശം രണ്ടു വ്യാഴവട്ടക്കാലത്തേക്ക്, സി. വി. സാഹിത്യരംഗത്തിൽ നിന്നും മിക്കവാറും ഒഴിഞ്ഞു നിൽക്കുകയാണ് ചെയ്തത്. 1088 (1913)-ൽ ആയിരുന്നു ധർമ്മരാജായുടെ പ്രസിദ്ധീകരണം.

രാജാ കേശവദാസൻ എന്ന പേരിൽ വിഖ്യാതനായിത്തീർന്ന തിരുവിതാംകൂർ ദിവാൻ കേശവപിള്ളയുടെ ജീവചരിത്രമാണു് ഈ ആഖ്യായികയുടെ പശ്ചാത്തലം. “എന്നാൽ കഥയുടെ ആസ്വാദ്യതയും, ആ മഹാനുഭാവൻ്റെ ജീവിതസംഭവങ്ങളുടെ പുർണ്ണതയും ഏകീഭവിച്ച് ഒരൊറ്റ ആഖ്യായികാഗ്രന്ഥം നിർമ്മിക്കുന്നതു് അത്യദ്ധ്വാനമെന്നു തോന്നുകയാൽ, ആ മഹാജീവിതകഥയെ മൂന്നായി ഭാഗിച്ച് പ്രഥമ ഭാഗത്തെ ഈ ധർമ്മരാജാ എന്ന ആഖ്യായികയിൽ കഴിയുന്നത്ര സംഘടിപ്പിച്ചിരിക്കുന്നു.” മറ്റു രണ്ടു ഭാഗങ്ങളിൽ ആദ്യത്തേതു് 1093 (1917) – ലും രണ്ടാമത്തേതു് 1095 (1920) – ലും ‘രാമരാജബഹദൂർ’ എന്ന പേരിൽ പിന്നീടു പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. കേശവപിള്ളയുടെ ഔന്നത്യത്തിനും വിജയത്തിന്നും ആസ്പദവും ഈ കഥയുടെ കേന്ദ്രവുമായി വർത്തിക്കുന്നതു് തിരുവിതാംകൂറിലെ ധർമ്മരാജാവെന്നപേരിൽ സുപ്രസിദ്ധനായിത്തീർന്നിട്ടുള്ള രാമവർമ്മ മഹാരാജാവാകയാൽ അദ്ദേഹത്തിൻ്റെ നാമധേയത്തെ അധികരിച്ച് ഈ ഗ്രന്ഥപരമ്പരയ്ക്ക് ധർമ്മരാജാ എന്നും രാമരാജബഹദൂർ എന്നും നാമകരണം ചെയ്തിട്ടുള്ളതു സമുചിതമായിട്ടുണ്ട്. പ്രസ്തുത കൃതികളിൽ, രാജാകേശവദാസൻ്റെ ജീവിതവിജയത്തിൻ്റേയും ബുദ്ധിവിലാസത്തിൻ്റേയും ആദ്യഘട്ടത്തെ പ്രദർശിപ്പിക്കുന്ന കൃതിയാണു് ‘ധർമ്മരാജാ’.

സി.വി.യുടെ എല്ലാ ആഖ്യായികകളും, രാജഭക്തിയുടെ വിവിധ വശങ്ങളെ വിളംബരം ചെയ്യുന്ന ഊർജ്ജിതപടഹങ്ങളാണു്. രാജശക്തിയെ ധ്വംസിച്ച് അതിനെ സ്വായത്തമാക്കാൻ ശ്രമിക്കുന്ന പ്രതിയോഗികളുടെ സംരംഭത്തെ സർവ്വഥാ ശിഥിലീകരിച്ചു. രാജപ്രതാപത്തെ പുനഃസ്ഥാപിക്കുവാൻ പുറപ്പെടുന്ന രാജഭക്തന്മാരുടെ വിജയചരിത്രമാണു് ഈ കൃതികളിൽ വിളങ്ങുന്നത്. മാർത്താണ്ഡവർമ്മയിൽ, യുവരാജാവായ മാർത്താണ്ഡവർമ്മയെ അപായപ്പെടുത്തി രാജ്യം ഭരിക്കുവാൻ തമ്പിമാർ ഉപജാപകർമ്മങ്ങൾ തുടരുന്നു. അവയോടു മല്ലടിക്കുവാൻ അനന്തപത്മനാഭൻ തുടങ്ങിയ രാജഭക്തന്മാർ മുതിരുന്നു. ഒടുവിൽ ഈ രാജഭക്തന്മാരുടെ ഉദ്യമങ്ങൾ വിജയശ്രീലാളിതങ്ങളായിത്തീർന്നു്, രാജശക്തി വീണ്ടും സുസ്ഥിരമായി ഭവിക്കുന്നു. ധർമ്മരാജായിലെ കഥാഗതിയും മിക്കവാറും അതുപോലെതന്നെ.