ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

പ്രതികാരകർമ്മ പ്രവർത്തകനായ ഹരിപഞ്ചാനനയോഗീശ്വരൻ, രാജകുലത്തെ ഉന്മൂലനം ചെയ്യുന്നതിനു ബദ്ധപരികരനായി പലപല ജീവിതയജ്ഞങ്ങൾ ആരംഭിക്കുന്നു. അതിൻ്റെ ഫലമായി ശക്തിയേറിയ അനേകം ഉപജാപകസംഘങ്ങൾ സംഘടിപ്പിച്ചു പ്രവർത്തിക്കുവാൻ അദ്ദേഹം ശക്തനായിത്തീരുന്നു. എന്നാൽ രാജഭക്തന്മാരായ കേശവപിള്ള തുടങ്ങിയ പ്രതിഭാവിലാസചതുരന്മാർ ആ സംഘടനകളുടെ അകമേ കടന്ന് അവയെ അപ്രതീക്ഷിതമായി തച്ചുടയ്ക്കുകയാൽ, ഹരിപഞ്ചാനനൻ്റെ സർവ്വവീര്യ വിഭൂതികളും അമർന്നുപോകുന്നു. അതോടുകൂടി രാജശക്തി വീണ്ടും പൂർവ്വവൽ പ്രബലപ്പെടുകയുമായി. രാമരാജബഹദൂറിലും, രാജഭക്തരായ കേശവപിള്ള മുതൽപേരുടെ നയതന്ത്രങ്ങളാലും, ദൈവാനുകൂല്യത്താലും എതിരാളികളായി വർത്തിക്കുന്ന ഹൈദരാലി, ടിപ്പു മുതൽ പേരെ സ്വാധീനപ്പെടുത്തിയും പരാജയപ്പെടുത്തിയും രാജ്യവും രാജസ്ഥാനവും സുരക്ഷിതമായിത്തീരുന്നു. ഇങ്ങനെ ഈ ആഖ്യായികകളിലെ കഥാഗതി, രാജശക്തിയും എതിർശക്തിയും തമ്മിലുള്ള വമ്പിച്ച ഒരു വടംവലിയാണെന്നുള്ളതു സുവ്യക്തമാണു്.

രാമരാജബഹദൂർ: സാഹിത്യ ലോകത്തിൽ സി.വി.രാമൻപിള്ളയുടെ കീർത്തിയെ അനേകം മടങ്ങു പ്രോജ്ജ്വലമാക്കിത്തീർത്തിട്ടുള്ള കൃതിയാണു് രാമരാജബഹദൂർ. ധർമ്മരാജാവിലെ പ്രസ്താവനയനുസരിച്ചു്, പ്രസ്തുത കൃതി അതിൻ്റെ പിന്തുടർച്ച മാത്രമാണു്. പ്രതിപാദ്യം, പാത്രസൃഷ്ടി, ഭാഷാരീതി എന്ന ഓരോന്നിലും ഇതു് ധർമ്മരാജാവിൻ്റെ അനുബന്ധമാണെന്നു സുവ്യക്തമാകുന്നു. എന്നാൽ പ്രസ്തുതകൃതി ധർമ്മരാജാ വിനേക്കാൾ ഏതുകൊണ്ടും ഉയർന്നുനില്ക്കുന്നു എന്നുള്ളതും വക്തവ്യമത്രേ. തിരുവിതാംകൂറിൽ ധർമ്മരാജാവെന്നപേരിൽ സുപ്രസിദ്ധനായിത്തീർന്ന രാമവർമ്മരാജാവിൻ്റെ കാലത്തുണ്ടായ മൈസൂർസുൽത്താന്മാരുടെ ആക്രമണങ്ങളും, ആ ആക്രമണങ്ങളെയും അവയെ സഹായിക്കുവാൻ ഇവിടെ സന്നദ്ധരായിരുന്ന ഉപജാപകസംഘങ്ങളേയും ശിഥിലമാക്കി രാജ്യരക്ഷ ചെയ്യാൻ കേശവദാസ് ദിവാൻജി ശക്തനായിത്തീർന്ന വസ്തുതയും വിവരിക്കുന്ന ഒരു നവീനകഥയാണു് ധർമ്മരാജാവിലും രാമരാജബഹദൂർ ഒന്നും രണ്ടും ഭാഗങ്ങളിലുമായി ഉള്ളടക്കിയിട്ടുള്ളത്.