കഥാപ്രബന്ധങ്ങൾ
കേരളഗ്രസനത്തിനു് ഒരുമ്പെട്ട സ്വപിതാവിനു വഞ്ചിരാജ്യത്തിൽ പ്രവേശിക്കുവാൻ കഴിയാതെപോയതിലുള്ള കുറവിനെ പരിഹരിക്കണമെന്ന് പുത്രനായ ടിപ്പുസുൽത്താൻ ദൃഢനിശ്ചയം ചെയ്തു. അതിലേക്കുള്ള പ്രാരംഭമായി ചില ചാരന്മാരെ വിവിധ വേഷത്തിലും ഭാവത്തിലും തിരുവനന്തപുരത്തേക്കയയ്ക്കുവാനും സുൽത്താൻ തീർച്ചപ്പെടുത്തി. ബബ്ബലേശ്വരനായ അജിതസിംഹൻ, കാളിപ്രഭാവഭട്ടൻ അഥവാ മാണിക്ക ഗൗഡൻ, കണ്ഠീരവരായർ, ഇട്ടുണ്ണിക്കണ്ടപ്പകാര്യക്കാർ എന്നിവർ അവരിൽ പ്രമുഖന്മാരാണു്. ഇവരുടെ ഉപജാപവൃത്തികൾ രാജപക്ഷക്കാരായ കേശവപിള്ള, കുഞ്ചിക്കുട്ടിപ്പിള്ള, ത്രിവിക്രമൻ, അഴകൻപിള്ള എന്നുതുടങ്ങിയ വിപരീതശക്തികളോട് ഏറ്റുമുട്ടുകയുണ്ടായി. അതോടുകൂടി രാമരാജബഹദൂറിലെ കഥ ശാഖോപശാഖകളായി വികസിക്കുന്നു. അതുപോലെതന്നെ, ധർമ്മരാജാവിൽ സുദൃഢപ്രേമത്തിൽ സംഘടിച്ച നായികാനായകന്മാരായ മീനാക്ഷിക്കുട്ടിക്കും കേശവൻകുഞ്ഞിനും വിധിവൈപരീത്യത്താൽ പ്രണയവിഘ്നം നേരിടുകയാൽ അവർ അനുഭവിക്കുന്ന ജീവിതക്ലേശങ്ങളുടെ നീണ്ട ചരിതവും, ആ ദമ്പതിമാരുടെ പുത്രിയായ സാവിത്രിയും ചെമ്പകശ്ശേരിയിലെ ത്രിവിക്രമകുമാരനും തമ്മിലുള്ള പ്രണയം, വെള്ളത്തിരപോലെ മേൽക്കുമേൽ വന്നണയുന്ന അനേകം പ്രതിബന്ധങ്ങളെ തരണം ചെയ്തു ശുഭാപ്തിയിൽ പരിണമിക്കുന്നതായുള്ള ഒരു പ്രേമകഥയും, രാഷ്ട്രകഥയിൽ ഉടനീളം വ്യാപിച്ച് പ്രധാനകഥയ്ക്കു പോഷകമായി ഭവിക്കുന്നതിനാൽ ഈ ആഖ്യായികാഗ്രന്ഥം അതിവിസ്തൃതി പ്രാപിക്കുന്നതിനിടയാകുന്നു. ഒടുവിൽ സി. വി. യുടെ മറ്റ് ആഖ്യായികകളിലെന്നപോലെ ഇതിലും സന്നാഹങ്ങളും സംഘട്ടനങ്ങളും എല്ലാം രാഷ്ട്രവിജയത്തിൽ കലാശിക്കുന്നതോടുകൂടി കഥ അവസാനിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒട്ടനേകം നീണ്ട സംഭവങ്ങൾ ഈ ആഖ്യായികയിൽ വിവരിക്കുന്നുണ്ടെങ്കിലും. ഏകാഗ്രതയ്ക്കോ, ബന്ധദാർഢ്യത്തിനോ യാതൊരു ഭംഗവും സംഭവിക്കാതെ എത്രയും രസപോഷകമായവിധം ഓരോന്നും കൂട്ടിയിണക്കി കഥാനിർവ്വഹണം സാധിക്കുന്നതിൽ ഗ്രന്ഥകത്താവു പ്രദർശിപ്പിച്ചിരിക്കുന്ന ശില്പവൈദഗ്ദ്ധ്യം അനുപമമെന്നേ പറയാവൂ.
രാമരാജബഹദൂറിലെ ഭാഷാരീതി, ധർമ്മരാജാവിലേതിൽനിന്നു അധികം ഭിന്നമല്ല; ഒരുപക്ഷേ, കുറച്ചുകൂടി ദുർഗ്രഹമാണെന്നുതന്നെ പറയണം. ഈ ദുർഗ്രഹത, ഭാഷാകാഠിന്യംകൊണ്ടും വക്രോക്തികൊണ്ടും മാത്രം വന്നുഭവിച്ചിട്ടുള്ളതല്ല. ഗ്രന്ഥത്തിൽ ആദ്യന്തമുള്ള വർണ്ണനകൾ, പുരാണകഥാസൂചനം, ഗൂഢപാത്ര സങ്കലനം. വ്യംഗ്യപ്രയോഗം തുടങ്ങിയ പല കാരണങ്ങളാൽ സംഭവിച്ചിട്ടുള്ളതാണു്. ധർമ്മരാജാവിൻ്റെ അനുബന്ധമെന്ന നിലയിൽ ഈ കൃതി ആസ്വദിക്കുന്നതിനു് അതിലെ കഥാഗതിയുടെ അനുസ്മരണ ആവശ്യമായിട്ടുള്ളതും വേറൊരു കാരണമാണു്. വർണ്ണനയ്ക്കു മോടികൂട്ടുവാൻവേണ്ടി ഉപയോഗിച്ചിട്ടുള്ള അലങ്കാര പ്രയോഗം, സി.വി.യുടെ ഉത്തുംഗമായ ഭാവനയ്ക്കനുസൃതമായ പ്രൗഢി, ഗാംഭീര്യം എന്നിവ എല്ലാംകൂടി സമ്മേളിച്ചപ്പോൾ ഇതിലെ ഭാഷാരീതി സാധാരണന്മാരുടെ പിടിയിൽനിന്നു വളരെദൂരം അകന്നുപോയി. ഒന്നാമദ്ധ്യായത്തിലെ സത്രം, പെരിഞ്ചക്കോടൻ്റെ എലങ്കം (വനകുടീരം), മാങ്കാവിൽഭവനം, ടിപ്പുവിൻ്റെ പാളയം മുതലായതു വർണ്ണിക്കുന്നിടത്തെ ഭാഷാടോപം നോക്കിയാൽ ഇതു സ്പഷ്ടമാകും.