ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

ഒന്നാമതു്, മേല്പറഞ്ഞ കൃതികളിൽ മിക്കവയും പദ്യരൂപങ്ങളാണ്. ആ​ഗ്ലേയ കഥകൾ അതിനു വിപരീതമാണെന്നു പ്രസിദ്ധവുമാണല്ലോ. കാലബന്ധത്തെ അസ്പദമാക്കി വിസ്മയജനകങ്ങളായ സംഭവ പരമ്പരകളെ കെട്ടിപ്പുണർന്നിട്ടുള്ള ഭാരതീയകഥകൾക്കും, കാര്യകാരണബന്ധത്തോടും, പരിണാമഗുപ്തിയോടും ഏകാഗ്രതയോടും കൂടി നിർമ്മിച്ചിട്ടുളള ആംഗ്ലേയകഥകൾക്കും തമ്മിൽ വലുതായ അന്തരമുണ്ട്. ഭാവനയുടേയും അസംഭാവ്യതയുടേയും കൂടിയാട്ടമാണു് ഭാരതീയകഥകളിൽ സാർവത്രികമായി നാം കാണുന്നതു്. നേരേമറിച്ച്, ദൈനംദിന ജീവിതത്തിൽ അനുഭവപ്പെടുന്ന സാധാരണ സംഗതികളേയും സംഭവങ്ങളേയും യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ വെളിപ്പെടുത്തി പ്രകാശിപ്പിക്കുന്നവയാണു് അധുനിക കഥകളിൽ മിക്കവയും. സംഭാവ്യവും വിശ്വാസ യോഗ്യവുമായ വസ്തുതകളെ മാത്രമേ ആധുനിക കഥകളിൽ പ്രതിപാതിക്കാറുള്ളു. ഒന്ന്, ഒരിടത്തു സുസ്ഥിരമായി നിന്നുകൊണ്ടു ചിന്താശക്തിയെ സ്തംഭിപ്പിക്കുമാറുള്ള അത്ഭുതകർമ്മങ്ങളിൽ ആഹ്ലാദം ജനിപ്പിക്കുന്നുവെങ്കിൽ, മറ്റൊന്നു കാലത്തിൻ്റേയും ലോകത്തിൻ്റേയും പുരോഗതിയിൽ വന്നണഞ്ഞിട്ടുള്ള പരിവർത്തനങ്ങൾ പ്രതിഫലിപ്പിച്ചു പ്രകാശിപ്പിച്ച് സ്വാനുഭവം ഉളവാക്കി ജീവിതത്തെ വികസിപ്പിക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. മനുഷ്യസ്വഭാവത്തിൻ്റെ നാനാവിധ വ്യാപാരങ്ങളും, അവയുടെ ബഹുവിധ പരിണാമങ്ങളും, ലോകത്തിൻ്റെ യഥാർത്ഥ പ്രതിരൂപങ്ങളായ കഥാപാത്രങ്ങളെക്കൊണ്ടു വെളിപ്പെടുത്തി അനുവാചകർക്ക് അനുഭവരസം നല്കുകയാണ് രണ്ടാമതു പറഞ്ഞ കഥകൾ പ്രായേണ ചെയ്തു കൊണ്ടിരിക്കുന്നതു്. ഭാഷയിൽ ഉണ്ടായിട്ടുള്ള നോവലുകളും ചെറുകഥകളും മേല്പറഞ്ഞവയുടെ അനുകരണങ്ങളോ പകർപ്പുകളോ മാത്രമാകുന്നു. അതിനാൽ മലയാളത്തിലെ ആധുനിക കഥാപ്രബന്ധങ്ങളുടെ അസ്തിവാരമായി നിലകൊള്ളുന്നത് ആംഗ്ലേയ കഥകളാണെന്നു, ഇനി വിശേഷിച്ചു പറയേണ്ടതില്ലല്ലോ. അറബിക്കഥകൾ, ഐതിഹ്യമാല മുതലായ കൃതികൾ ആദ്യത്തെ ഇനത്തിൽ ഉൾപ്പെടുന്നു. ആധുനിക കഥകൾക്കു ദൃഷ്ടാന്തങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ലല്ലോ.

നോവലും ആഖ്യായികയും: നോവലെന്നും ആഖ്യായികയെന്നും ഉള്ള പേരുകൾ കേവലം പര്യായപദങ്ങൾ മാത്രമായിട്ടേ ഗണിക്കുവാനുള്ളു. ചിലർ ഇവയ്ക്കു വ്യത്യാസങ്ങൾ കല്പിക്കാറുണ്ടെന്നുള്ളതു് ഇവിടെ വിസ്മരിക്കുന്നില്ല. രാഷ്ട്ര ചരിത്രത്തെ ഇതിവൃത്തമാക്കി എഴുതുന്ന കഥകൾ ആഖ്യായികകളും, നിലവിലുള്ള സമുദായാചാരവിചാരങ്ങളെ അവലംബിച്ചെഴുതുന്നവ നോവലുകളുമാണത്രെ. ഈ വേർപിരിവു വസ്തുക്കളുടെ കേവലം സമയരൂപത്തെ കുറിക്കുവാൻ പ്രയോജനപ്പെടുമെന്നല്ലാതെ, സൂക്ഷ്മസ്വ ഭാവത്തെ വെളിപ്പെടുത്തുവാൻ പര്യാപ്തമായിരിക്കുന്നില്ല. ഇന്നത്തെ സമുദായക്രമങ്ങളും ആചാരവിചാരങ്ങളും നാളത്തെ ചരിത്രമായിത്തീരുന്ന നിലയ്ക്ക്, ഇങ്ങനെ ഒരു വിഭാഗം പ്രത്യേകം കല്പിക്കാതിരിക്കുകയായിരിക്കും ഉത്തമമെന്നു തോന്നുന്നു.