കഥാപ്രബന്ധങ്ങൾ
പ്രസ്തുത കൃതിയിലെ അംഗിയായ രസം വീരമാകകൊണ്ടു് ആ വിധത്തിലും, ഭാഷാരീതി പ്രൗഢമായിത്തീർന്നു് ദുർഗ്രഹതയ്ക്കിടയാക്കി. ഉഗ്ര പ്രതാപശാലികളായ ടിപ്പു, ഗൗണ്ഡൻ മുതലായവരുടെ ആഗമന നിർഗ്ഗമനാവസരങ്ങളിലും മറ്റും രസാനുഗുണമായ രചനാപ്രൗഢി സമ്മേളിച്ചിരിക്കുന്നു. എന്നാൽ അംഗിരസത്തിനു പോഷകമായി നിലകൊള്ളുന്ന ഇതര രസങ്ങൾ പ്രകാശിപ്പിക്കുമ്പോൾ, ഓരോ കഥാപാത്രങ്ങളുടേയും തന്മയീഭാവം സാധിക്കുവാൻ വേണ്ടി കൈക്കൊള്ളുന്ന ഭാഷയും ഭാവവും. സാധാരണന്മാരെ അടുപ്പിക്കുകയും, രസാസ്വാദനത്തിനു് അവരെ അർഹരാക്കിത്തീർക്കുകയും ചെയ്യാതിരിക്കുന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ, അഭിജ്ഞലോകത്തിനു ധാരാളം സമയം നീക്കിവെച്ചു ക്ഷമയോടുകൂടി ഇരുന്നു വായിക്കുവാനുള്ള ഒരു കൃതിതല്ലജമാണു് രാമരാജബഹദൂർ. ഒരു പക്ഷേ, കവിരാജമകുടീഭൂതനായ ശ്രീഹർഷൻ സ്വകാവ്യമായ നൈഷധത്തെ ഉദ്ദേശിച്ചു’ ‘മാസ്മിൻ ഖലഃ ഖേലതു’ എന്നു പ്രസ്താവിച്ചതുപോലെ, സി. വി. രാമൻപിള്ളയും രാമരാജബഹദൂർ തുടങ്ങിയ തൻ്റെ ആഖ്യായികകൾ കേവലം ഉപരിപ്ലവ ബുദ്ധികൾക്കുള്ളതല്ലെന്നു വല്ലപ്പോഴും പ്രസ്താവിച്ചിട്ടുണ്ടോ എന്തോ?
പ്രേമാമൃതം: രാമൻപിള്ളയുടെ ഒരു സാമുദായികാഖ്യായികയാണു് പ്രേമാമൃതം. പ്രേമമാകുന്ന അമൃതത്തെ പരസ്പരം പ്രതിസന്ദാനം ചെയ്ത നായികാനായകന്മാരുടെ ചരിതം ഇതിൽ അടങ്ങിയിട്ടുള്ളതുകൊണ്ടായിരിക്കാം, അഥവാ, പ്രേമം അമൃതമായി ഭവിക്കുന്നവിധം കഥയെ സംവിധാനം ചെയ്തിരിക്കുന്നതിനാലായിരിക്കാം, പ്രസ്തുതകൃതിക്കു പ്രേമാമൃതം എന്ന പേർ നല്കിയിട്ടുള്ളതു്. ചരിത്രവിഷയങ്ങളെ ആസ്പദമാക്കി ആദർശാത്മകരായ ചില വീരമൂർത്തികളെ സൃഷ്ടിക്കുകയും, അവരുടെ കൃത്യങ്ങളെ അത്ഭുതജനകമായവിധത്തിൽ വർണ്ണിച്ചു കഥയിൽ ഘടിപ്പിക്കുകയുമാണു് പ്രായേണ ചരിത്രാഖ്യായികകളിൽ സി.വി. ചെയ്തിട്ടുള്ളതു്. സാമുദായികാഖ്യായികകളിൽ ഈ രീതി ഫലപ്രദമല്ലെന്നു വ്യക്തമാണല്ലോ. സാമുദായികാഖ്യായികയിലെ വർണ്ണ്യസംഭവങ്ങൾ, ചുറ്റുപാടുകളിൽനിന്നു പകർത്തിയതായിരിക്കണം. ജീവിത യാഥാർത്ഥ്യങ്ങളുടേയും ലോകാനുഭവങ്ങളുടേയും പ്രതിഫലനമാണു് അവയിൽ പ്രകാശിക്കേണ്ടതു്. കല്പനാശക്തിയേക്കാൾ ലോകസമീക്ഷണപാടവത്തിനു് അതിൽ കൂടുതൽ സ്ഥാനം കല്പിക്കണം. കഥാഘടനയിലാകട്ടെ, പാത്രസൃഷ്ടിയിലാകട്ടെ, സമുദായസ്ഥിതികളുടെ ഛായ വരയ്ക്കുന്നതിലാകട്ടെ, അസംഭാവ്യതയോ അസ്വാഭാവികതയോ വന്നുകൂടാ. അങ്ങനെയായാൽ മാത്രമേ അനുവാചകർക്കു് അവയിൽ വിശ്വാസവും, അനുഭവരസവും ജനിക്കുകയുള്ളു. ഇന്ദുലേഖ, ശാരദ മുതലായ കൃതികൾ നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു അകന്നുനില്ക്കാതിരിക്കുന്നതു് മേല്പറഞ്ഞ ഗുണവിശേഷങ്ങൾ അവയിൽ ഉള്ളതുകൊണ്ടാണു്. പ്രേമാമൃതം ഒരു സാമുദായികാഖ്യായികയാണെങ്കിലും, മുൻപറഞ്ഞ കൃതികളിൽനിന്നു ഇതു കുറെ ഭിന്നമായ ഒരു നിലയെ അവലംബിക്കുന്നു.