ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

സി.വി.യുടെ അനുഭവത്തിൽപ്പെട്ട തിരുവനന്തപുരം നഗരജീവിതമാണു് പ്രേമാമൃതത്തിൽ പ്രകാശിക്കുന്നതു്. എന്നാൽ അതിൽ സാമാന്യജനങ്ങളുടെ ജീവിതം പ്രതിഫലിപ്പിക്കുവാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ ജീവിതം ഉപരിമണ്ഡലത്തിലുള്ള ആളുകളുമായി കഴിഞ്ഞുകൂടിയതായിരിക്കണം അതിനു കാരണമെന്നു തോന്നുന്നു. താഴ്ന്ന നിലയിലുള്ള കഥാപാത്രങ്ങൾ പ്രേമാമൃതത്തിൽ ചിലതു കാണുന്നുണ്ടെങ്കിൽ, അവ ഉപരിമണ്ഡലത്തിലുള്ള കഥാപാത്രങ്ങളോട് ആശ്രിതഭാവത്തിലോ, മറ്റേതെങ്കിലും വിധത്തിലോ ഒട്ടിനില്ക്കുന്നവർ മാത്രമാണു്. ഉപരിമണ്ഡലത്തിൽ ഉൾപ്പെട്ടവരുടെതന്നെ ചിത്രം വരയ്ക്കുമ്പോഴും, സംഭവഗതികൾ ചിത്രീകരിക്കുമ്പോഴും വർണ്ണ്യ വസ്തുവിൻ്റെ തന്മയീഭാവം വരുത്തുന്നതിനേക്കാൾ, വിസ്മയജനകങ്ങളായ സംഭവങ്ങളേയും മനോഭാവങ്ങളേയും പ്രകടിപ്പിക്കുന്ന വിഷയത്തിലാണു് ഗ്രന്ഥകാരൻ കൂടുതൽ വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്നതും. പ്രേമാമൃതം സാധാരണന്മാരുടെ അനുഭവാദികളിൽനിന്നു വളരെ അകന്നുപോകുവാനുള്ള മുഖ്യ കാരണവും മേല്പറഞ്ഞതുതന്നെ. സി. വി.യുടെ പ്രധാന കൃതികളുടെയെല്ലാം വിശദമായ ഒരു നിരൂപണം, ‘സി.വി.യുടെ ആഖ്യായികകൾ’ എന്ന പേരിൽ ഈ ഗ്രന്ഥകാരൻ പ്രത്യേകം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനാൽ ഇത്രയും കൊണ്ടു് ഈ ഭാഗം അവസാനിപ്പിക്കുന്നു.* (സി.വി.രാമൻപിള്ള തിരുവനന്തപുരത്തു കോട്ടയ്ക്കുകത്തടുത്തുള്ള കൊച്ചു കണ്ണച്ചാർവീട് എന്നു പേരുള്ള ഭവനത്തിൽ 1033 ഇടവം 7-ാം തീയതി ആയില്യം നക്ഷത്രത്തിൽ ജനിച്ചു. മാതാവു്, നെയ്യാറ്റിൻകര താലൂക്കിൽ ആറയൂർ എന്ന സ്ഥലത്തുള്ള കണ്ണങ്കരവീട്ടിലെ പാർവ്വതിപ്പിള്ളയും, പിതാവു്, കുളത്തൂർ പനവിളാകത്തു നീലകണ്ഠപ്പിള്ളയുമാണു്. ബി. എ. പാസ്സായശേഷം ഹൈക്കോടതിയിൽ ഒരു ചെറിയ ശമ്പളത്തിൽ പ്രവേശിച്ച സി.വി. 1087-ൽ സർക്കാരച്ചുക്കൂടം സൂപ്രണ്ട് എന്ന നിലയിൽ പെൻഷൻ പറ്റി. മലയാളി മെമ്മോറിയൽ പ്രക്ഷോഭണം, മലയാളി പത്രം എന്നിവയുടെയെല്ലാം ഉത്ഭവകാരന്മാരിൽ അഗ്രിമനായിരുന്നു കഥാപുരുഷൻ. 1057 മുതൽ മരണപര്യന്തം സമുദായത്തെയും സാഹിത്യത്തെയും അദ്ദേഹം നല്ലപോലെ ഉപാസിച്ചു. 1097 മീനമാസം 8-ാംതീയതി ആ വീരപുരുഷൻ നിര്യാതനായി).

പറങ്ങോടീപരിണയം: ചന്തുമേനോൻ്റെ ഇന്ദുലേഖ പുറപ്പെട്ടതോടുകൂടി ചിലർക്കു് അത്തരം നോവലുകൾ എഴുതുവാനുള്ള ഭ്രമം കലശലായിത്തിർന്നു. മീനാക്ഷി, സരസ്വതി എന്നിങ്ങനെയുള്ള പേരുകളിൽ ഏറെയെണ്ണം പുറപ്പെട്ടുതുടങ്ങി. നിർജ്ജീവങ്ങളും വിരസങ്ങളുമായ അത്തരം കൃതികളെക്കൊണ്ടുള്ള ശല്യം വർദ്ധിച്ചുവശായി. അതിനൊരു പരിഹാരം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി ചില പരിഹാസലേഖനങ്ങളും ഉത്ഭവിച്ചു. കേസരി അഥവാ വേങ്ങയിൽ കുഞ്ഞുരാമൻ നായനാർ ആയിടയ്ക്കു ‘വിദ്യാവിനോദിനി’ മാസികയിൽ ‘ആഖ്യായിക അല്ലെങ്കിൽ നോവൽ’ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനം അങ്ങനെയുള്ളവയിൽ മുഖ്യമായ ഒന്നാകുന്നു. അപ്രഗത്ഭരായ നോവലെഴുത്തുകാരെ കളിയാക്കിക്കൊണ്ടു് ഒരു നോവലെഴുത്തുകാരൻ എഴുതേണ്ട ഏതാനും അദ്ധ്യായങ്ങളുടെ തലക്കെട്ടുകൾകൂടി അദ്ദേഹം അതിൽ കുറിച്ചിരുന്നു. പറങ്ങോടീപരിണയമെന്നു് ഒരു നാമധേയവും അദ്ദേഹം നിർദ്ദേശിച്ചു. നായനാരുടെ ഈ ഫലിത ലേഖനത്തെ പിന്തുടർന്ന് കിഴക്കേപ്പാട്ട് രാമൻകുട്ടിമേനോൻ 1892-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു പരിഹാസ നോവലാണു’ ‘പറങ്ങോടീപരിണയം.’ പരിഹാസചതുരനായ ഗ്രന്ഥകാരൻ ഇന്ദുലേഖയുടെ അനുകർത്താക്കളെ കണക്കിന് പിടികൂടിയിട്ടുണ്ട്. പാൽകുളങ്ങര മാരാത്തു ചങ്ങമാരാർ, മരുമകളായ പറങ്ങോടിയെ താമരശ്ശേരിയിലെ പങ്ങമേനവനെക്കൊണ്ടു സംബന്ധം ചെയ്യിക്കാൻ ശ്രമിക്കുന്നതും മറ്റുമായ ഭാഗങ്ങൾ ഇന്ദുലേഖയെ അന്ധമായി അനുകരിക്കുവാൻ പുറപ്പെടുന്നവർക്കു കൊടുക്കുന്ന കടുത്ത പ്രഹരങ്ങളാണു്. നോവലിൻ്റെ മുഖവുരയും ഒന്നാന്തരം ഒരു വിനോദ വിമർശനം തന്നെ.* (രാമൻകുട്ടിമേനോൻ 1033-ൽ ജനിച്ചു. പിതാവ്, പാട്ടത്തിൽ കൃഷ്ണമേനവനും, മാതാവു്, ശ്രീദേവിയമ്മയുമായിരുന്നു. 1069 ഇടവത്തിലായിരുന്നു കഥാനായകൻ്റെ മരണം.)