ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

പരിഷ്കാരപ്പാതി: സാമൂഹ്യപരിഷ്ക്കാരത്തെ മുഖ്യമായി ലക്ഷ്യമാക്കിയായിരുന്നല്ലൊ ഇന്ദുലേഖയുടെ നിർമ്മാണം. അതിനെ അനുകരിച്ച എഴുത്തുകാരിൽ ചിലർ വിജയിച്ചിട്ടുമുണ്ട്. കോട്ടയത്തു് പുതുപ്പള്ളി, കുന്നുകുഴിയിൽ കൊച്ചുതൊമ്മൻ അപ്പോത്തിക്കിരി എഴുതിയ ‘പരിഷ്കാരപ്പാതി’ എന്ന നോവൽ അത്തരത്തിലുള്ള ഒന്നായി കണക്കാക്കാം. മദ്ധ്യകേരളത്തിലെ – അഥവാ ഉത്തരതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ സാമൂഹ്യനടപടികളെ ചിത്രീകരിക്കയാണു് ഇതിൽ ചെയ്തിട്ടുള്ളതു്. പഴയ രീതിയിലുള്ള കല്യാണച്ചടങ്ങ്, നാത്തൂൻപോര്, പരിഷ്കൃതയായ ഒരു യുവതിക്ക് ഒരു ബിരുദധാരിയിൽ ഉണ്ടായ അനുരാഗം, വിഘ്നം, വിവാഹം എന്നു തുടങ്ങിയ കാര്യങ്ങൾ യഥാതഥമായി നോവലിൽ വിവരിച്ചിരിക്കുന്നു. 1067-ൽ പ്രസിദ്ധീകരിച്ച പ്രസ്തുത കൃതി, കേരളീയ നസ്രാണികളുടെ സാമൂഹ്യാചാരങ്ങളെ ചിത്രീകരിക്കുന്ന ആദ്യത്തെ നോവലാണെന്നുകൂടി പ്രസ്താവിക്കേണ്ടതുണ്ട്.

ഗ്രന്ഥകാരൻ്റെ ജീവിതകാലം കൊല്ലം 1026 മുതൽ 1088 വരെയായിരുന്നു. ഒ. എം. ചെറിയാൻ്റെ ‘ശ്വശുരനാണു്’ കഥാപുരുഷൻ.

സരസ്വതീവിജയം: സമുദായസോപാനത്തിൻ്റെ കീഴ്ത്തട്ടിൽ വർത്തിക്കുന്ന സാധുജനങ്ങളുടെ ഉന്നമനത്തെ ലക്ഷ്യമാക്കി മലയാളത്തിൽ ഉണ്ടായിട്ടുള്ള ആദ്യത്തെ നോവലാണ് സരസ്വതീവിജയം. 1892-ൽ അതായതു് എഴുപതു വർഷങ്ങൾക്കു മുമ്പ്, ഇത്തരത്തിൽ ഒരു നോവൽ എഴുതി പ്രസിദ്ധപ്പെടുത്താനുള്ള ധീരതയും ചിന്താസ്വാതന്ത്ര്യവും പ്രദർശിപ്പിച്ച പോത്തേരി കഞ്ഞമ്പു അധഃസ്ഥിതർക്കെന്നുമെന്നും ഒരു ആരാധ്യപുരുഷൻ തന്നെ. നമ്മുടെ ഇന്നത്തെ പുരോഗമന സാഹിത്യകാരന്മാർ ജനിക്കുന്നതിനുപോലും മുമ്പാണു്, ഇത്തരം ഒരു കൃതി കുഞ്ഞമ്പു പ്രസിദ്ധീകരിച്ചതെന്നുകൂടി നാം ഓർക്കേണ്ടതുണ്ട്. അവശനും അധഃകൃതനുമായ ഒരുവൻ സരസ്വതീപ്രസാദത്താൽ – വിദ്യാഭ്യാസം നിമിത്തം – ഔന്യത്വത്തെ പ്രാപിക്കുന്നതാണ്, നോവലിലെ പ്രമേയം. അതുപോലെതന്നെ സ്വജനങ്ങളാൽ കൈകൊട്ടി പുറത്തിറക്കിയ ആലംബഹീനയായ ഒരു അന്തർജ്ജനം, വിദ്യാഭ്യാസത്താൽ ജീവിതവിജയം നേടുന്നതും ഇതിലെ മറ്റൊരു പ്രമേയമാണു്. തന്നിമിത്തം സരസ്വതീവിജയം എന്ന പേർ ദ്വേധാ ഇതിനു് അന്വർത്ഥം തന്നെ.