കഥാപ്രബന്ധങ്ങൾ
‘എള്ളിലുള്ള എണ്ണകണക്കെ എല്ലാവരുടേയും ഉള്ളിൽ ഒരേ ഈശ്വരൻതന്നെ ഇരിക്കുന്നു’ എന്ന സനാതനതത്ത്വം മരത്തൻ എന്ന പുലയ കുട്ടി പാടിപ്പോയി. അതു കേട്ടു കോപാന്ധനായിത്തീർന്ന കനകശേഖര ഇല്ലത്തു കുബേരൻനമ്പൂരിയുടെ ആജ്ഞാനുവർത്തിയായ വാല്യക്കാരൻ അവനെ കണക്കിനു പ്രഹരിച്ചു. മരത്തൻ മരിച്ചുപോയെന്നു ശ്രുതി പരന്നതോടെ പരിഭ്രാന്തനായ നമ്പൂരി കാശിയിലെത്തി ഒളിവിൽ താമസമാക്കി. മാത്തൻ കോഴിക്കോട്ട് ഒരു പാതിരിയുടെ സഹായത്താൽ വിദ്യാഭ്യാസം നേടുകയും ഏശുദാസനായിത്തീർന്നു്, ഉയർന്ന ഒരു ഉദ്യോഗസ്ഥനായിത്തീരുകയും ചെയ്തു. ഏശുദാസൻ തലശ്ശേരിയിൽ സബ് ജഡ്ജിയായിരിക്കേ ഒളിവിൽ കഴിഞ്ഞുകൂടിയിരുന്ന നമ്പൂരിയെ പോലീസുകാർ പിടികൂടി കോടതിയിൽ കൊണ്ടുവന്നു. വിചാരണയിൽ തെളിവില്ലെന്ന കാരണം പറഞ്ഞ് ജഡ്ജി നമ്പൂരിയെ വിട്ടയയ്ക്കയും ചെയ്തു. ഇതാണു് സരസ്വതിവിജയത്തിലെ പ്രധാന ഇതിവൃത്തം.
സമുദായത്തിൻ്റെ മേൽത്തട്ടിൽ കഴിഞ്ഞുകൂടുന്നവരെ ഇരുത്തി ചിന്തിപ്പിക്കുവാൻ പോരുന്ന ഒരു ഇതിവൃത്തമാണിതെന്നു പറയേണ്ടതില്ലല്ലോ. അശരണരായിക്കഴിയുന്ന ഇന്നാട്ടിലെ പാവങ്ങളെ ത്യാഗശീലരായ മിഷ്യനറിമാർ വന്നു തുണയ്ക്കുന്നതും, വിദ്യാഭ്യാസം നല്കി അവരെ ഉദ്ധരിക്കുന്നതും മറ്റുമായ കാഴ്ചകൾ കാണുന്ന ഹൈന്ദവനേതാക്കന്മാരിൽ ചിന്തയും അതുവഴിക്കുള്ള മനഃപരിവർത്തനവും ഉണ്ടാക്കിത്തീർക്കണമെന്ന ലക്ഷ്യം ഈ നോവൽനിർമ്മിതിയിൽ സമുദായാഭിമാനിയായ ഗ്രന്ഥകാരന് ഉണ്ടായിരുന്നുവെന്നുള്ളതു സുവ്യക്തമാണു്. ഗ്രന്ഥത്തിൻ്റെ മേന്മയ്ക്കു ഹാനികരമായ ചില ന്യൂനതകൾ ഇതിൽ നിരൂപകന്മാർക്കു ചൂണ്ടിക്കാണിക്കുവാൻ കഴിയുമെങ്കിലും, പാവപ്പെട്ടവരുടെ ജീവിതം ചിത്രീകരിക്കുകയും, അവരെ ഉദ്ധരിക്കാനുതകുന്ന ഉത്തമമായ പരിഹാരമാർഗ്ഗം നിർദ്ദേശിക്കുകയും ചെയ്തിട്ടുള്ള ഈ നോവൽ മലയാളത്തിലെ ജീവൽസാഹിത്യത്തിനു ഉത്തമമായ ദൃഷ്ടാന്തംതന്നെയാണു്. * (കുഞ്ഞമ്പു – കണ്ണൂരിനടുത്തുള്ള പള്ളിക്കുന്നുദേശത്തു പോത്തേരി എന്ന തീയഗൃഹത്തിൽ, 1857 ജൂൺ് 6-ാംതീയതി ജനിച്ചു. സ്വസമുദായത്തേക്കാൾ അധഃസ്ഥിതരായി അവശത അനുഭവിച്ചുകൊണ്ടിരുന്ന ചെറുമക്കളുടെ ഉന്നമനത്തിലായിരുന്നു മനുഷ്യസ്നേഹിയായ കഥാപുരുഷൻ കൂടുതൽ ശ്രദ്ധചെലുത്തിയിരുന്നതു്. ‘രാമായണസാരപരിശോധന’, ‘തീയർ’ എന്നിങ്ങനെ ചില കൃതികളും നോവലിനു പുറമെ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 1919 ഡിസംബർ 24-ാം തീയതി കുഞ്ഞമ്പു നിര്യാതനായി.)