കഥാപ്രബന്ധങ്ങൾ
വിരുതൻശങ്കു: ഫലിതരസികനായ ഒരു കഥാകൃത്തായിരുന്നു കാരാട്ട് അച്യുതമേനോൻ. അദ്ദേഹം രസികരഞ്ജിനിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന ‘അമ്മായിപ്പഞ്ചതന്ത്രം’ അക്കാലത്തു് ആസ്വാദകന്മാരെ ഏറ്റവുമധികം ചിരിപ്പിച്ചിട്ടുള്ള ഒരു കൃതിയാണു്. രസികതയിൽ അമ്മായിപ്പഞ്ചതന്ത്രത്തിൽനിന്നു് അധികം താഴെയല്ല ‘വിരുതൻശങ്കുവും’. വായിക്കുന്നവരുടെ മനസ്സിൽനിന്നു മാഞ്ഞുപോകാത്ത ഒരു കൃതിയാണതു്. മരുമക്കത്തായത്തറവാടുകളിൽ പ്രായേണ കണ്ടുവരാറുള്ള അന്തച്ഛിദ്രങ്ങളും, അവയ്ക്കു ചില നിവാരണങ്ങളുമൊക്കെയാണു് അച്യുതമേനോൻ്റ കൃതികളിൽ ഉള്ളടക്കിയിട്ടുള്ളതു്. വിരുതൻശങ്കുവിലെ നായകനായ വിക്രമനുണ്ണി നാടുവിട്ടു പോകുന്നതുതന്നെ കുടുംബത്തിലെ മേല്പറഞ്ഞ സ്ഥിതിവിശേഷം നിമിത്തമാണു്. വിക്രമൻ ശങ്കുവായിത്തീരുന്നു. ഈ ശങ്കു തസ്കരസംഘത്തോടു ചേർന്ന് അത്ഭുതകരമായ പല വിക്രിയകളം ചെയ്തു തുടങ്ങുകയായി. അതുമുതൽക്കാണ് അയാൾ വിരുതൻശങ്കുവായിത്തീരുന്നതും. വിക്രമനും ശങ്കുവും ഒരാളാണെന്ന് ഊഹിക്കുവാൻ കഴിയുമെങ്കിലും 16-ാം അദ്ധ്യായത്തിലേ അതു സംശയ രഹിതമായിത്തീരുന്നുള്ളു. അതുകൊണ്ടുതന്നെയാണു് താൻ സ്നേഹിച്ചുപോന്ന ശങ്കുവല്ല, വിക്രമനാണു് തന്നെ വേൾക്കാൻ പോകുന്നതെന്നറിഞ്ഞു് കുഞ്ഞിക്കാവു പരിഭ്രാന്തയാകുന്നതും. ചിത്രൻനമ്പൂരി, കുഞ്ഞിക്കാവിനെ സംബന്ധം ചെയ്യാൻ തീരുമാനിക്കുന്നതും, കുഞ്ഞിക്കാവിനു സമ്മതമില്ലെന്നറിയുമ്പോൾ അവളെ തൃപ്തിപ്പെടുത്തുവാനായി ചെയ്യുന്ന പൊടിക്കൈകളും മറ്റും ഫലിതമയമെന്നേ പറയേണ്ടു. *(പാലക്കാടുതാലൂക്കിലുള്ള എലപ്പുള്ളിൽ കാരാട്ട് എന്ന ഗൃഹത്തിലാണു് അച്യുതമേനോൻ ജനിച്ചതു്. ലക്ഷ്മി അമ്മയും എക്കണത്തു ശങ്കുണ്ണിക്കൈമളുമായിരുന്നു മാതാപിതാക്കന്മാർ, 1042 വൃശ്ചികത്തിലാണ് ജനനം. 1088 കർക്കിടകത്തിൽ മരണമടയുകയും ചെയ്തു.)
അപ്പൻതമ്പുരാൻ: ഭാഷയിലെ നോവൽസാഹിത്യത്തിൽ ഗണനീയമായ ഒരു സ്ഥാനം കൈവരിച്ചിട്ടുള്ള ഒരു മഹാനാണു് കൊച്ചി രാമവർമ്മ അപ്പൻതമ്പുരാൻ. കൊല്ലം 11-ാം ശതകത്തിൻ്റെ ഉത്തരാദ്ധർത്തിൽ ജീവിച്ചിരുന്ന സാഹിത്യകാരന്മാരിൽ അവിടുന്നു് എല്ലാവിധത്തിലും ഒരു ആരാധ്യപുരുഷനായിരുന്നു. ഭാസ്‌കരമേനോൻ, ഭൂതരായർ രണ്ടുമാണു നോവൽസാഹിത്യത്തിനു് അദ്ദേഹം നല്കിയിട്ടുള്ള സംഭാവനകൾ.
ഭാസ്കരമേനോൻ: മലയാളത്തിലെ ഡിറ്റക്ടീവ് അഥവാ അപസർപ്പകകഥകളിൽ ആദ്യത്തേതു് എന്ന നിലയ്ക്ക് ഏറ്റവും പ്രസിദ്ധമാണു് പ്രസ്തുത കൃതി. ആദ്യം, ‘ഒരു ദുർമ്മരണം’ എന്ന പേരിൽ അതിൻ്റെ ആദ്യഭാഗങ്ങൾ രസികരഞ്ജിനിയിൽ പ്രസിദ്ധപ്പെടുത്തിവന്നു. ആ ശീർഷകം അമംഗളമെന്നു തോന്നുകയാൽ പിന്നീടു കഥയിലെ പ്രധാന പാത്രമായ ഭാസ്ക്‌കരമേനോൻ എന്ന പേർതന്നെ അതിനു നല്കി. 1080-ാമാണ്ടിടയ്ക്കാണു് പ്രസ്തുത കൃതി പ്രസിദ്ധപ്പെടുത്തിയതു്.