ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

ഭൂതരായർ: അപ്പൻതമ്പുരാൻ്റെ സാഹിത്യപരിശ്രമത്തിൻ്റെ വിജയവൈജയന്തിയായി വിളങ്ങുന്ന ഒരു കൃതിയാണു് അദ്ദേഹം 1098-ൽ പ്രസിദ്ധപ്പെടുത്തിയ ‘ഭൂതരായർ’. മൂവാറുനൂറ്റാണ്ടുമുമ്പു മുടിഞ്ഞരുളിയ വീരമാർത്താണ്ഡപ്പെരുമാളിൻ്റെ കാലത്തു നടന്നതായി സങ്കല്പിച്ചിട്ടുള്ള ഒരു കഥയാണ് അതിൻ്റെ പശ്ചാത്തലം. ഒരു കെട്ടുപഴങ്കഥയെന്നേ തന്നിമിത്തം അദ്ദേഹം ആ കൃതിയെപ്പറ്റി അവകാശപ്പെടുന്നുമുള്ളു. പ്രാചീന കേരളചരിത്രത്തിനു നമുക്ക് അവലംബമായിട്ടുള്ള ഒരംശം ഐതിഹ്യങ്ങളാണല്ലൊ. ആ സ്ഥിതിക്കു് ഐതിഹ്യാധിഷ്ഠിതമായ കേരളചരിത്രത്തെ പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള ഒരാഖ്യായികയാണിതെന്നും പറയാം. ഭൂതരായരുടെ അക്രമകർമ്മങ്ങളിൽനിന്നു കേരളധർമ്മം സ്വശക്തിയാൽ രക്ഷപ്പെട്ട്, ഭൂതരായരെ ബഹിഷ്കരിച്ചു ഗുണസമ്പന്നനായ ചേരമാൻപെരുമാളെ ചക്രവർത്തിയായി അഭിഷേകം ചെയ്തു. ഇതാണു് ഇതിലടങ്ങിയിട്ടുള്ള കഥ. കേരള ചരിത്രത്തിൻ്റെ ഒരു പ്രധാനഘട്ടത്തെക്കുറിക്കുന്ന പ്രസ്തുത കൃതിയിൽനിന്നു്, പെരുമാൾ ഭരണകാലത്തെ കേരളം – അഥവാ അക്കാലത്തെ സമുദായ സ്ഥിതി –എങ്ങനെയിരുന്നുവെന്നു സാമാന്യമായി മനസ്സിലാക്കുവാൻ കഴിയും. കഥാഘടനയിൽ യാതൊരു മേന്മയും പറയുവാനില്ല. യാതൊരു ക്രമീകരണവുമില്ലാതെ അനവധി സംഭവങ്ങളെ മേൽക്കുമേൽ പ്രതിപാദിച്ചിരിക്കുകയാൽ കഥാഘടന ശിഥിലമായിത്തീർന്നിരിക്കുന്നു. പാത്രനിർമ്മാണത്തിലും തമ്പുരാൻ വിജയം പ്രാപിച്ചിട്ടില്ല. ഒട്ടുവളരെ കഥാപാത്രങ്ങളെ പ്രവേശിപ്പിച്ചിരിക്കയാൽ, വായനക്കാരനു അവസാനത്തിൽ അവരുടെ പേരുകൾപോലും ഓർമ്മിക്കാൻ പ്രയാസമാണു്. വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെയെങ്കിലും ഇതിൽനിന്ന് എടുത്തുകാണിക്കുവാനില്ല.

കഥാഘടനയിലും പാത്രനിർമ്മിതിയിലും തമ്പുരാൻ വിജയിയായിട്ടില്ലെങ്കിലും വർണ്ണനകളിൽ അദ്ദേഹത്തിൻ്റെ പ്രതിഭാവിലാസം വേണ്ടുവോളം വ്യക്തമായിട്ടുണ്ടു്. മധുരാപുരിയിലെ രാജസദസ്സു്, പെരുമാളവരോധത്തിൻ്റെ ഒരുക്കങ്ങൾ, എന്നു തുടങ്ങിയ ഭാഗങ്ങൾ ഇവിടെ പ്രത്യേകം ചൂണ്ടിക്കാണിക്കാവുന്നവയാണു്. ഭൂതരായരുടെ വിജയം മുഴവൻ കലാസൗഷ്ഠവത്തോടുകൂടിയ തമ്പുരാൻ്റെ ഗദ്യരീതിയിലാണ് അടങ്ങിയിരിക്കുന്നതു്. മലയാള ഗദ്യത്തിൻ്റെ പൂർവ്വചരിത്രത്തോടു ബന്ധമുള്ള ഇതിലെ ഗദ്യം, തമ്പുരാൻ്റെ കീർത്തിയെ വർദ്ധിപ്പിക്കുവാൻ വളരെ സഹായിച്ചിട്ടുണ്ടു്. തുടക്കംതന്നെ നോക്കുക:

‘അന്നത്തെ മലനാടെവിടെ, ഇന്നത്തെ മലയാളമെവിടെ?’ എന്തോ കഥ! ‘കാലം മറിഞ്ഞതോടുകൂടി കോലം കീഴ്മേൽ മറിഞ്ഞു.’ ‘നാടിൻ്റെ കിടപ്പും, നാട്ടാരുടെ നടപ്പും’, അന്നും ഇന്നും ആയിട്ട്, അത്രയ്ക്കുമാത്രം മാറിയിരിക്കുന്നു. നാടിൻ്റെ നാലതിരൊന്നേ മാറാതെ കണ്ടുള്ളു. മലയാളനാടു് ‘മലയാഴികളുടെ മദ്ധ്യത്തിൽതന്നെ’. കേരളരാജ്യം കന്യാകുമാരി ഗോകർണ്ണപര്യന്തം ഇന്നും നീണ്ടുനിവർന്നുകിടക്കുന്നു. പക്ഷേ, മുവ്വാറുനൂറ്റാണ്ടുമുമ്പു മുടിഞ്ഞരുളിയ വീരമാർത്താണ്ഡപ്പെരുമാൾ മലനാടു കണ്ടെഴുതുവാൻ ഒന്നുകൂടി എഴുന്നള്ളുന്നതായാൽ കാണുന്ന കാഴ്ചകൾ വിസ്തരിക്കുവാൻ കണ്ടവർ പറഞ്ഞു കേൾക്കുകതന്നെ വേണം. അത്രത്തോളം മാറിയിരിക്കുന്നു നാട്ടകത്തെ വട്ടങ്ങളും ചട്ടങ്ങളും. നാട്ടാരുടെ ഉടുപ്പുമാറി, നടപ്പുമാറി, പരശുരാമക്ഷേത്രത്തിൻ്റെ അലകും പിടിയും മാറി. ‘നീർപോകും ചാലുകൾ തീബ്ബോട്ടുകൾ നടത്തുന്ന പുഴകളായി. മീൻ ചാട്ടം കയങ്ങൾ വിളവിറക്കുന്ന നിലങ്ങളായി. ആൾപോകും വഴികൾ തീവണ്ടിയോടുന്ന പാതകളും സാറട്ടുപോകുന്ന വീഥികളും ആയി. കുന്നു കഴിയായി; മല മൈതാനമായി; കാട് നാടായി; നാടു നഗരമായി.’