കഥാപ്രബന്ധങ്ങൾ
ഇത്തരം ഗദ്യത്തിൻ്റെ നൈസർഗ്ഗികമായ രാമണീയകം ഒന്നു വേറെ തന്നെ. പഴയകരണങ്ങൾ, ഗ്രന്ഥവരികൾ മുതലായവയിൽ കാണുന്ന ഗദ്യത്തിൻ്റെ ഒരു പുതിയ പതിപ്പാണു് ഭൂതരായരിൽ പലേടത്തും പ്രയോഗിച്ചുകാണുന്നതു്. മിക്കവാറും വിസ്‌മൃതപ്രായമായ പഴയ ഗദ്യത്തെ വീണ്ടും പ്രചരിപ്പിക്കുവാൻ വളരെയധികം പരിശ്രമിച്ചിട്ടുള്ള തമ്പുരാനു ഗദ്യസാഹിത്യചരിത്രത്തിൽ സമുന്നതമായ ഒരു സ്ഥാനം കല്പിക്കാവുന്നതുതന്നെ * (അപ്പൻതമ്പുരാൻ -1051 തുലാം 24-ാം തീയതി പുരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചു. മാതാവു്, സ്ഥാനത്യാഗം ചെയ്ത കൊച്ചിമഹാരാജാവു തിരുമനസ്സിലെ സഹോദരി കൊച്ചിക്കാവു തമ്പുരാട്ടിയും, പിതാവു്, പാഴൂർ പടുതോൾ തുപ്പൻ നമ്പൂതിരിപ്പാടുമായിരുന്നു. ബാല്യത്തിലെ സംസ്കൃത പഠനത്തിനു ശേഷം എറണാകുളം കോളേജിലും, മദിരാശി പ്രസിഡൻസി കോളേജിലും ചേർന്നു് ബി. എ.വരെ പഠിച്ചു. ഇംഗ്ലീഷ് വിഭ്യാസത്തിനുശേഷം പി. എസ്. അനന്തനാരായണശാസ്ത്രി മുതലായവരിൽ നിന്നു് സംസ്കൃതത്തിലെ വ്യാകരണം തുടങ്ങിയ ഉപരിഗ്രന്ഥങ്ങൾ പലതും പഠിക്കുകയുണ്ടായി. രസികരഞ്ജിനി, മംഗളോദയം എന്നീ മാസികകളുടെ ഉൽപത്തിക്കു ഹേതുഭൂതൻ തമ്പുരാനായിരുന്നു. 1927-ൽ ഇടപ്പള്ളിയിൽ സമാരംഭിച്ച സമസ്തകേരള സാഹിത്യപരിഷത്തിൻ്റെ ജനയിതാക്കളിൽ ഒരാളും അവിടുന്നായിരുന്നു. ‘പരിഷൽ’ മാസികത്തിൻ്റെ ആരംഭകന്മാരിൽ പ്രഥമഗണനീയനും മറ്റാരുമായിരുന്നില്ല. 1114-ൽ പാലക്കാട്ടുവെച്ചു കൊണ്ടാടിയ പരിഷൽസമ്മേളനത്തിൽ വെച്ചാണു് ഈ ഗ്രന്ഥകാരനു തമ്പുരാനുമായി നേരിട്ടു പരിചയപ്പെടുവാൻ ഭാഗ്യമുണ്ടായതു്. ആർദ്രവും വിനീതവുമായ സ്വരത്തിൽ പുറപ്പെടുന്ന ആ വാങ് മധു ആസ്വദിക്കാൻ കഴിഞ്ഞിട്ടുള്ള ഒരുവനും ആ ഹൃദയാലുവിനെ സ്വജീവിതത്തിൽ ഒരിക്കലും വിസ്മരിക്കുവാൻ സാദ്ധ്യമല്ല. മഹാനുഭാവനായ ആ പുണ്യശ്ലോകൻ 1117 തുലാം 3-ാം തീയതി 66-ാമത്തെ വയസ്സിൽ ദിവംഗതനായി).
കാലൻ്റെ കൊലയറ: അനേകം പ്രൗഢഗ്രന്ഥങ്ങളുടെ കർത്താവെന്ന നിലയിൽ പ്രസിദ്ധനായിട്ടുള്ള ഒ. എം. ചെറിയാൻ്റെ ഒരു ഡിറ്റക്റ്റീവ് നോവലാണ്’ ‘കാലൻ്റെ കൊലയറ’. ഒരു ഇംഗ്ലീഷ് കഥയെ അനുകരിച്ചു ഇരുപത്തേഴദ്ധ്യായങ്ങളിലായി വിവരിച്ചിട്ടുള്ള പ്രസ്തുത കൃതിയിൽ, ചെറിയാൻ്റെ തൂലികാവൈദഗ്ദ്ധ്യം, നല്ലപോലെ പ്രകാശിക്കുന്നുണ്ടു്. ആദ്യത്തെ അപസർപ്പകകഥയായ ‘ഭാസ്‌കരമേനോനെ’ തുടർന്നുണ്ടായിട്ടുള്ള ഒരു കൃതിയാണിതു്. 1103-ൽ പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത നോവലിൻ്റെ മുഖവുരയിൽ ‘കാലൻ്റെ കൊലയറ’ എന്ന ഈ പുസ്തകം എഴുതിത്തീർന്നിട്ട് ഇപ്പോൾ പത്തുവഷർത്തിലധികമായിരിക്കുമെന്നു തോന്നുന്നു എന്നു പ്രസ്താവിച്ചുകാണുന്നു.
ബാലികാസദനം: കണ്ടത്തിൽ വറുഗീസുമാപ്പിളയുടെ മരണാനന്തരം ഭാഷാപോഷിണിമാസികയെ അഭിനന്ദനീയമായ വിധത്തിൽ നടത്തിപ്പോന്നതു് വ്യവസായ സമ്പന്നനായ പി. കെ. കൊച്ചിപ്പൻ തരകനായിരുന്നു. 1036-ാമാണ്ടു മാവേലിക്കര പോളച്ചിറക്കുടുംബത്തിലാണു് അദ്ദേഹം ജനിച്ചത്. തരകൻ്റെ പ്രധാനമായ രണ്ടു കൃതികൾ ‘മറിയാമ്മ’ നാടകവും, ‘ബാലികാസദനം’ നോവലുമാണ്. രണ്ടും സാമുദായിക വിഷയങ്ങളെ പുരസ്‌കരിച്ചുള്ളതുമാണു്. ബാലികാസദനം നോവലിൽ രണ്ടു ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. സംഭവബഹുലമാണു് അതിലെ കഥ. തിരുവിതാംകൂറിലെ രാജ്യസ്ഥിതി, ജനങ്ങളുടെ ജീവിതരീതി മുതലായവയെ സരസമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. പാത്രസൃഷ്ടിയിലാണു് ഗ്രന്ഥകാരൻ്റെ വിജയം മുന്നിട്ടുനില്ക്കുന്നതു്. ഇതിലെ ഒരു പ്രധാന കഥാപാത്രമായ ഭക്തൻ ‘കുഞ്ഞു’ വായനക്കാരുടെ സ്മരണയിൽ നിന്നു് ഒരിക്കലും മാഞ്ഞുപോകുന്നതല്ല.
(1115 ഇടവം 7-ാം തീയതി 79-ാമത്തെ വയസ്സിൽ തരകൻ ചരമ മടഞ്ഞു.)