ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

കെ. നാരായണക്കുരുക്കൾ: ഭരണസംബന്ധമായ വൈകല്യങ്ങളെ വിമർശിക്കുന്ന ആദ്യത്തെ രാഷ്ട്രീയ നോവലുകളുടെ കർത്താവ് എന്ന നിലയിൽ ഏറ്റവും പ്രസിദ്ധനാണു് കെ. നാരായണക്കുരുക്കൾ ബി. എ. ‘പാറപ്പുറം’ (2 ഭാഗങ്ങൾ), ‘ഉദയഭാനു’ (4 ഭാഗങ്ങൾ) എന്നിവയാണു് അദ്ദേഹത്തിൻ്റെ രാഷ്ട്രീയനോവലുകൾ. പ്രസ്തുത രണ്ടു നോവലുകളുടേയും പ്രസിദ്ധീകരണത്തിൽ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയ്ക്കും ഗണ്യമായ ഒരു പങ്കുണ്ട്. തിരുവിതാംകൂറിലെ അന്നത്തെ ഉദ്യോഗസ്ഥവൃന്ദത്തിൻ്റെയും പ്രമാണികളുടെയും രോഷാഗ്നിക്ക്, രാഷ്ട്രീയസംഭവങ്ങളെ പ്രതിപാദിക്കുന്ന പ്രസ്തുത കൃതികളുടെ പ്രസിദ്ധീകരണംമൂലം ഇരുവരും പാത്രമാകാതെയുമിരുന്നില്ല. മൂന്നുനാലു പതിറ്റാണ്ടുകൾക്കുമുമ്പു്, തിരുവിതാകൂറിൽ അന്നു നടമാടിയിരുന്ന അനവധി അനീതികളും ദുർവ്വികളും രണ്ട് ആഖ്യായികകളിലും നിർഭയം നിർദാക്ഷിണ്യം വെളിപ്പെടുത്തിയിരിക്കുന്നു. പാറപ്പുറം അക്കാലത്തു വളരെയധികം ഒച്ചപ്പാടുണ്ടാക്കിയ ഒരു കൃതിയാണു്. അതിലെ കഥ മനോരാജ്യത്തിൽ നടക്കുന്നതായിട്ടാണു് പ്രസ്താവിച്ചിട്ടുള്ളതെങ്കിലും തിരുവിതാംകൂറിലെ അന്നത്തെ രാജവാഴ്ചയേയും, ആ രാജവാഴ്ചയ്ക്കു സർവ്വപ്രകാരേണയും കളങ്കം വരുത്തിവെച്ച ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളെയുമാണു് വ്യാജനാമങ്ങളിൽ നോവലിൽ പ്രത്യക്ഷപ്പെടുത്തിയിട്ടുള്ളതു്. അന്നത്തെ സമുദായസ്ഥിതിയും ഒട്ടൊക്കെ ഇതിൽ വെളിപ്പെടുത്തിയിട്ടുണ്ടു്. അതോടൊപ്പം ആകർഷകമായ ഒരു പ്രണയകഥയും, നോവലിലെ ‘ഭാസിയും’ ‘ഗോമതിയും’ വായനക്കാരുടെ മനോമണ്ഡലത്തിൽ തെളിഞ്ഞു വിളങ്ങുവാൻ പോരുന്ന വ്യക്തിത്വമുള്ള രണ്ടു കഥാപാത്രങ്ങളത്രെ. അക്കാലത്തു വളരെ പ്രാധാന്യവും പ്രചാരവും സിദ്ധിച്ച ഈ നോവലിനു് അവതാരിക എഴുതിയിട്ടുള്ളതും അതു പ്രസാധനം ചെയ്തിട്ടുള്ളതും കുരുക്കളുടെ രാഷ്ട്രീയശിഷ്യനായ കെ. രാമകൃഷ്ണപിള്ളയായിരുന്നു. പ്രസ്തുത നോവലിലെ നായികയായ ഗോമതിയുടെ നാമധേയമാണു് പിൽക്കാലത്തു രാമകൃഷ്ണപിള്ള തൻ്റെ പുത്രിക്കു നൽകിയതെന്ന വസ്തുതയും പ്രസ്താവയോഗ്യമാകുന്നു. ഗുരുവായൂരപ്പൻ കോളേജിൽ ഹിന്ദിവകുപ്പിൻ്റെ അദ്ധ്യക്ഷയായ ശ്രീമതി ഗോമതിഅമ്മയാണ്, ആ പുത്രിയെന്നുകൂടി പറയുവാൻ ഈയവസരം വിനിയോഗിച്ചുകൊള്ളട്ടെ.