കഥാപ്രബന്ധങ്ങൾ
‘ഉദയഭാനു’ കുരുക്കൾ കോട്ടയത്ത് താമസിക്കുമ്പോഴാണ് എഴുതിയതു്. രാഷ്ട്രീയ നവഭാരതം എന്നുകൂടി അതിനുപേർ നല്കിയിട്ടുണ്ടു്. പാറപ്പുറത്തിലെപ്പോലെതന്നെ ഇതിലും രാഷ്ട്രീയസേവകന്മാരെ ഭംഗ്യന്തരേണ പിടികൂടി രൂക്ഷാക്ഷരങ്ങളിൽ വിമർശിച്ചിരിക്കുന്നു. തന്നിമിത്തം സ്കൂൾ ഇൻസ്പെക്ടരായിരുന്ന കുരുക്കൾ അന്നത്തെ തിരുവിതാംകൂർ ഗവണ്മെൻ്റെിൻ്റെ അപ്രീതിക്കു പാത്രമായിത്തീരുകയും 1081-ൽ സർവ്വീസിൽനിന്നു പരിഞ്ഞുപോകുവാൻ ഇടയാകുകയും ചെയ്തു. ഇതും രാമകൃഷ്ണപിള്ളയാണു് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. അവതാരികയിൽ നിന്നു ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:
“ഉദയഭാനുവിനെ തൽക്കർത്താവുദ്ദേശിച്ചിട്ടുള്ളതു തിരുവിതാംകൂർ രാജ്യത്തിൻ്റെ ഒരു മഹാഭാരതചരിതമായിട്ടാണെന്നു് അതിലെ പല ഭാഗങ്ങളിലും വിളിച്ചുപറഞ്ഞിട്ടുണ്ടു്. ആദ്യത്തെ മഹാഭാരതത്തിലെ ദുര്യോധനാദി മഹാരഥന്മാരുടെ നാമങ്ങളെത്തന്നെ ഈ രണ്ടാം മഹാഭാരതത്തിൻ്റെ കഥാപുരുഷന്മാരായിട്ടു ധർമ്മക്ഷേത്രത്തെ വികലപ്പെടുത്തിയ പ്രഭുക്കൾക്കും സേവകജനങ്ങൾക്കും നല്കിയിട്ടുണ്ടു്. ശ്രീമൂലംതിരുനാൾ തിരുമനസ്സിലെ രാജ്യഭരണത്തെ മലിനപ്പെടുത്തിയ സേവകന്മാരുടേയും അവരെ താങ്ങിനിന്നും അവർക്കു കോഴകൊടുത്തും അവരുടെ ഉദ്ദേശങ്ങളെ നിർവ്വഹിച്ച ഉദ്യോഗസ്ഥന്മാരുടേയും വിക്രിയകളേയും അവർ വിനിയോഗിച്ച ഗർഹണീയ സമ്പ്രദായങ്ങളേയും നാട്ടുകാർക്കു് ഈ രാഷ്ട്രീയ ഗ്രന്ഥങ്ങളിൽനിന്നു് ഏതാനും ഗ്രഹിക്കാവുന്നതാണു്.”
“ഇന്നത്തെ രാജ്യഭരണം രാജ്യവാസികളും അല്ലാത്തവരും ആയ ചില പ്രത്യേക വർഗ്ഗക്കാരുടെ സുഖങ്ങൾക്കും സൗകര്യങ്ങൾക്കും മാത്രമായിട്ട് ഏർപ്പെടുത്തിയിട്ടുള്ളതാണെന്നു് ഈ രാഷ്ട്രീയ ഗ്രന്ഥങ്ങൾ നമ്മെ ബോധിപ്പിക്കുന്നതാണു്. വൃത്താന്തപത്രങ്ങളും ആ ന്യൂനതയെ വിളിച്ചു പറയുന്നുണ്ട്. ഈ ന്യൂനതകളെ പരിഹരിക്കുന്ന ജോലിയും ലഘുതരമല്ല. അന്ധപരമ്പരകളിൽ മഗ്നന്മാരായി ഒരുവക അലസജീവിതത്തിൽ അമിത ഭുക്കുകളായും ആഭിജാത്യ ഭ്രമക്കരായും പരിണമിച്ചിട്ടുള്ള ഈ നാട്ടിലെ പ്രഭുക്കളും ആ പ്രഭു ജീവിതത്തെ വരിക്കുന്നതിനു് ആശിക്കുന്ന ഉദ്യോഗസ്ഥന്മാരും, പെതുജന സ്വാതന്ത്ര്യത്തെ തടയുന്നവരായും പരിണമിച്ചിട്ടുള്ളതു് അവാസ്തവമല്ല. ഈ ഭാഗത്തെ ഈ രാഷ്ട്രീയ ഗ്രന്ഥങ്ങൾ വേണ്ടിടത്തോളവും കഴിയുന്നെടത്തോളവും വിശദമാക്കീട്ടുണ്ടു്.”
എന്നാൽ പ്രസ്തുത കൃതികൾക്കു് ഇന്നു സംഭവിച്ചിട്ടുള്ള ഒരു പ്രധാന ന്യൂനത, കർണ്ണൻ, ശകുനി എന്നിങ്ങനെയുള്ള പുരാണ പുരുഷന്മാരുടെ പേരുകളിൽ വിളങ്ങുന്ന വ്യക്തികളെപ്പറ്റിയും, അവരുടെ ഉള്ളുകള്ളികളെപ്പറ്റിയും അറിയാവുന്നവർക്കു മാത്രമേ കാവ്യരസം അനുഭവിക്കുവാൻ സാധിക്കുകയുള്ളു എന്നതാണു്. കാലം നീങ്ങിയതോടുകൂടി അന്തിരീക്ഷവും മാറിയിരിക്കുകയാണല്ലോ. ‘പാറപ്പുറത്തെ’ നായകനായ ഭാസ്കരനും. ‘ഉദയഭാനു’വിലെ നായകനായ ഉദയഭാനുവും രണ്ടു രാഷ്ട്രീയനേതക്കന്മാരുടെ മാതൃകകളായി നാട്ടുകാരുടെ ഉൽക്കർഷേച്ഛകളെ വികസിപ്പിച്ചു നാട്ടിൻ്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തേയും സാമുദായിക സ്വാതന്ത്ര്യത്തേയും ആത്മീയ സ്വാതന്ത്ര്യത്തേയും ഉദ്ധാരണം ചെയ്യുമെന്നുള്ളതാണ് ഗ്രന്ഥകാരൻെറ വിശ്വാസം.