കഥാപ്രബന്ധങ്ങൾ
‘സത്യഗ്രാഹി’ കുരുക്കളുടെ മറ്റൊരു രാഷ്ട്രീയ നോവലത്രെ. ‘എൻ്റെ ഗീത’, ‘ജ്യോതിഷ്മതി’ എന്നിവ രണ്ടും ആത്മീയ തത്ത്വങ്ങളേയും സാമുദായിക കാര്യങ്ങളേയും കുറിച്ചു വിമർശിക്കുന്ന നോവലുകളാണു്. ‘മൗനചന്ദ്രിക’ എന്നു തുടങ്ങി കുരുക്കളുടെ വകയായി വേറെയും ചില കൃതികൾ ഉണ്ട്. * (നാരായണക്കുരുക്കൾ തിരുവനന്തപുരത്തു പാൽക്കുളങ്ങര ഉദയന്നൂർ മഠത്തിൽ ഭാരതിയമ്മയുടേയും, വെങ്കടാചലം പോറ്റിയുടേയും പുത്രനായി 1036- മാണ്ടു മീനമാസം 8-ാം തീയതി ജനിച്ചു. 1061-ൽ അദ്ധ്യാപകനായിത്തീർന്നു. അക്കാലം മുതൽക്കാണു് പാറപ്പുറം മുതലായ കൃതികൾ എഴുതുവാൻ തുടങ്ങിയതു് . 1123 ഇടവം 30-ാം തീയതി ആറ്റിങ്ങലുള്ള ഭാര്യാഗൃഹത്തിൽവെച്ചു ചരമമടഞ്ഞു.)
ടി. രാമൻനമ്പീശൻ: ‘കേരളേശ്വരൻ’ എന്ന ആഖ്യായികയുടെ കർത്താവാണു രാമൻനമ്പീശൻ. വെട്ടത്തു വലിയതമ്പുരാനെ കേരളാധീശപുരത്തുവച്ച് അവരോധിക്കുന്നതാണു പ്രസ്തുത കൃതിയിലെ പ്രധാന പ്രമേയം. പുരാതന കേരളിയർക്കു ഭരണകൂടത്തിൻ്റെ നേരെയുള്ള ഭക്തി പ്രവാഹമാണു ഈ ആഖ്യായികയിൽക്കൂടി പ്രതിഫലിപ്പിച്ചു പ്രകാശിപ്പിക്കുന്ന ആദർശമെന്നു തോന്നുന്നു. രാഷ്ട്രീയ സംഭവങ്ങളോടൊപ്പം ചില പ്രണയകഥകളും ഇതിൽ സമഞ്ജസമായി ഘടിപ്പിച്ചിട്ടുണ്ടു്. അപ്പൻതമ്പുരാൻ്റെ ഭൂതരായരിൽ കെട്ടുറപ്പുള്ള ഒരു കഥയാകട്ടെ, വ്യക്തിത്വമുള്ള കഥാപാത്രങ്ങളാകട്ടെ ഇല്ലെന്നുള്ളതു പ്രസിദ്ധമാണു്. എന്നാൽ രാമൻ നമ്പീശൻ്റെ ‘കേരളേശ്വര’നിൽ ആ രണ്ടു ഘടകങ്ങളും വേണ്ടത്ര ഒത്തിണങ്ങിയിട്ടുണ്ട്. മൂന്നുനാലു ദശാബ്ദങ്ങളിലെ മൂന്നു നാലു കുടുംബങ്ങളുടെ കഥ വിവരിക്കുന്ന ഈ ആഖ്യായികയിൽ കഥാപാത്രങ്ങളുടെ ബാഹുല്യം ധാരാളമുണ്ടെന്നു സമ്മതിച്ചേ തീരൂ. തന്നിമിത്തം ചില കഥാപാത്രങ്ങൾ നമ്മുടെ മുമ്പിൽക്കൂടി കടന്നുപോകുന്നുവെന്നല്ലാതെ, നമ്മുടെ ഉൾക്കണ്ണിൽ തെളിഞ്ഞുകാണാത്തവരായുണ്ട്ന്നുള്ളതു വിസ്മരിക്കുന്നില്ല. എന്നാൽ ഇതിലെ നായികാനായകന്മാരായ അമ്മാളു ഓമനത്തമ്പുരാൻ, കുടുംബ പ്രിയനായ ശങ്കരൻനായർ, പ്രൗഢാംഗനയായ ചിരുതേവിയമ്മ, മുത്തശ്ശി മുതലായ കഥാപാത്രങ്ങൾ ആഖ്യായിക വായിക്കുന്നവരുടെ മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത നല്ല തെളിവുള്ള ചിത്രങ്ങളാണു്. മാനുഷിക വികാരങ്ങളുടേയും വിഭിന്ന ചിന്താഗതികളുടേയും ചലനങ്ങൾ കേരളേശ്വരനിൽ ഉടനീളം പ്രകാശിക്കുന്നുണ്ട്.