കഥാപ്രബന്ധങ്ങൾ
നോവൽ വിഭാഗങ്ങൾ: കഥാവസ്തുക്കളുടെ വൈപരീത്യം ആസ്പദമാക്കി നോവലുകൾക്കു മറ്റു ചില വിഭാഗങ്ങൾ ചെയ്യാവുന്നതാണ്. സാമുദായികസംഗതികൾ ചില നോവലുകളുടെ കഥാവസ്തുക്കളായി ചിലർ സ്വീകരിക്കുന്നു. സമുദായപരിഷ്കാരമാണ് അത്തരം നോവലുകളുടെ മുഖ്യമായ ഉദ്ദേശം. മറ്റുചിലതിൽ പ്രണയത്തിൻ്റെ അതിസൂക്ഷ്മ സ്വഭാവത്തെയായിരിക്കും പ്രകാശിപ്പിക്കുന്നതു്. ചിലതു് ആദർശ പ്രചാരണത്തിനുവേണ്ടി മാത്രമായിരിക്കും. മതതത്ത്വങ്ങളുടെ പ്രകാശനമായിരിക്കും മററുചിലതു്. സ്വാഭിപ്രായപ്രകടനം നോവലിൻ്റെ മുഖ്യധർമ്മമായി ചിലർ കരുതുന്നുണ്ടായിരിക്കും. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾവഴിയായോ, അവരുടെ കത്തുകൾ ഉദ്ധരിച്ചോ ആയിരിക്കും അവർ ഈ കൃത്യം നിർവ്വഹിക്കുന്നതു്. ‘റോബിൻസൺ ക്രൂസോ’വിനെപ്പോലെയുള്ള കഥാപാത്രങ്ങളെക്കൊണ്ടു സ്വാനുഭവങ്ങളെ സ്വന്തവാക്കിൽ പ്രതിപാദിക്കുവാനും ചിലർ യത്നിക്കുന്നു. ചിലതു ജീവചരിത്രത്തെ കഥാരൂപേണ പ്രകാശിപ്പിക്കുന്നവയായിരിക്കും. അപസർപ്പക–ഡിറ്റക്ടീവു് –കഥകളായിരിക്കും മററുചിലതു്. ഇങ്ങനെ ഓരോന്നും വേർതിരിച്ചു, വ്യാവഹാരികം, സാമുദായികം, ചാരിത്രികം, ശാസ്ത്രീയം എന്നു തുടങ്ങിയ സംജ്ഞകളിൽ നിർദ്ദേശിക്കുന്നതായാൽ അതുതന്നെ ഒടുങ്ങാത്ത ഒരു വിഭാഗമായിരിക്കും. തന്നെയുമല്ല. ചിലതു സമ്മിശ്രമായ ഉദ്ദേശത്തോടു കൂടി പ്രതിപാദിക്കുന്നവയാകയാൽ ഏതു വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നുള്ള കാര്യത്തിൽ അനേകം അഭിപ്രായഭേദങ്ങൾ ഉണ്ടാകുവാനും ഇടയുണ്ട്. ആ സ്ഥിതിക്ക് നിർവ്വിവാദവും പരിപൂർണ്ണവുമായ ഒരു വിഭാഗം ഇതിൽ കല്പിക്കുവാൻ പ്രയാസംതന്നെ. എങ്കിലും ഇവയിൽ ചില ചരിത്രാഖ്യായികകളേയും അപസർപ്പകകഥകളേയും പ്രത്യേകം വേർതിരിച്ചു പ്രതിപാദിക്കുന്നതിൽ കുഴപ്പങ്ങൾക്ക് അധികം വഴികാണുന്നില്ല.
മലയാളഭാഷയിലെ ആദ്യത്തെ നോവൽ: ഭാഷയിലെ മറ്റു സാഹിത്യ പ്രസ്ഥാനങ്ങളിൽ പലതിലും എന്നപോലെതന്നെ വിവർത്തനമോ അനുകരണമോ ആയിട്ടാണു് നോവൽസാഹിത്യത്തിലും ആദ്യകൃതികൾ ഉത്ഭവിച്ചിട്ടുള്ളതു്. അത്തരം കൃതികളിൽ ആദ്യത്തേതു് ഏതെന്നു നിർണ്ണയിക്കുവാൻ ഇന്നു വളരെ പ്രയാസമായിരിക്കുന്നു. ഉമ്മൻ പീലിപ്പോസാശാൻ 1866 നവംബറിൽ, കൊച്ചി വെസ്റ്റേൺസ്റ്റാർ ആപ്പീസിൽനിന്നു പ്രസിദ്ധപ്പെടുത്തിയ ‘ആൾമാറാട്ടം’ എന്ന കൃതി ഭാഷയിലെ ആദ്യത്തെ നോവലായി ചിലർ രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഷേക്സ്പീയരുടെ ‘കോമഡി ഓഫ് എറേഴ്‌സ്’ (Comedy of Errors) എന്ന നാടകത്തിൻ്റെ സംഗ്രഹരൂപത്തിലുള്ള ഒരു വിവർത്തനമാണു് ‘ആൾമാറാട്ടം അഥവാ ഒരു നല്ല കേളിസല്ലാപം’ എന്ന പേരിൽ മുദ്രിതമായ പ്രസ്തുത കൃതി. എന്നാൽ അതു ‘ദുരന്തദുശ്ശങ്ക’ മുതലായ കൃതികളെപ്പോലെ നോവൽ രൂപത്തിൽ എഴുതിയിട്ടുള്ള ഒന്നായി ഗണിച്ചുകൂടാ. നാടകകഥയുടെ ഒരു സംഗ്രഹമെന്നേ പറയുവാനുള്ളു. അതുപോലെതന്നെ ഷേക്സ്പീയർ കഥകളിൽനിന്നു കെ.ചിദംബരവാധ്യാർ ‘ആസ് യു ലൈക്ക് ഇറ്റ്’ (As You Like It) എന്ന കൃതി ‘കാമാക്ഷിചരിതം’ എന്ന പേരിൽ 1882-ൽ തിരുവനന്തപുരത്തു കേരളവിലാസം പ്രസ്സിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും നോവൽ ലക്ഷണങ്ങളോടുകൂടിയ ഒന്നല്ല. അതേ കാലഘട്ടത്തിൽ തിരുവനന്തപുരത്തുനിന്നുതന്നെ പി. വേലായുധൻ (റാവുബഹദൂർ പി. വേലായുധൻ ബി. എ.) ഷേക്സ്പീയരുടെ ‘പെരിക്ലിസ്’ എന്ന നാടകത്തിലെ കഥ സംഗ്രഹിച്ചു ‘പരിക്ലേശരാജാവിൻ്റെ കഥ’ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും നോവൽ എന്ന ഇനത്തിൽ ഉൾപ്പെടുന്നില്ല.