ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

അമ്പാടി നാരായണപ്പൊതുവാൾ: ഭാഷയിലെ ചെറുകഥാകാരന്മാരിൽ ആദ്യത്തെ സെറ്റിൽപ്പെട്ട ഒരു കാഥികനാണു് ‘നാരായണപ്പൊതുവാൾ’. ‘കേരളപുത്രൻ’ അദ്ദേഹം എഴുതിയിട്ടുള്ള ഒരു നല്ല ആഖ്യായികയത്രെ. അവതാരികയിൽ മഹാകവി ഉള്ളൂർ പ്രസ്താവിച്ചിട്ടുള്ളതുപോലെ ഭൂതരായരുടെ കനിഷ്ഠസഹോദരത്വം കേരളപുത്രനു് ആകൃതിയിലും പ്രകൃതിയിലുമുണ്ടു്. ഏകദേശം പതിനഞ്ചുനൂറ്റാണ്ടുകൾക്കുമുമ്പു് കേരളത്തിലെ ഭരണകർത്താക്കളായിരുന്ന പെരുമാക്കന്മാരുടെ വാഴ്ച്ചകാലത്തെ ചില സംഭവങ്ങളാണു് ഇതിലെ ഇതിവൃത്തം. ചോളരാജാവായ കരികാലൻ്റെ പുത്രി പുലോമജയെ, ചേരരാജാവായ അത്തൻ്റെ പുത്രൻ ഇമയകുമാരൻ പരിണയിക്കുന്നതോടുകൂടി കഥ അവസാനിക്കുന്ന രൂപത്തിലത്രെ ഇതിലെ കഥാഘടന. പഴയ പദങ്ങളും ശൈലികളും ഭൂതരായരിലെന്നപോലെ കേരളപുത്രനിലും ധാരാളം എടുത്തുപെരുമാറിയിട്ടുണ്ട്. ഒന്നാമദ്ധ്യായത്തിലുള്ള മഹോദയപുരത്തിലെ ‘അരാകുളം’ തടാകത്തിൻ്റെ വർണ്ണന വായനക്കാരിൽ ഒരുവനും വിസ്മരിക്കുന്നതല്ല. കുട്ടിപ്പെണ്ണിൻ്റെ ദുര, ആദികാമൻ്റെ അക്രമം തുടങ്ങിയ മറ്റു വർണ്ണനകളും രസാവഹങ്ങളാണു്. ഭൂതരായരിലെപ്പോലെ പെരുമാൾഭരണകാലത്തെപ്പറ്റി പലതും ഗ്രഹിക്കുവാൻ കേരളപുത്രനും സഹായകംതന്നെ. * (നാരായണപ്പൊതുവാൾ – 1046 ഇടവത്തിലെ ഉത്രാടത്തിൽ ജനിച്ച കഥാപു രുഷൻ, 1111 മിഥുനം 32-ാം തീയതി ഇഹലോകവാസം വെടിഞ്ഞു. തൃശ്ശിവപേരൂരിലുള്ള അമ്പാടി എന്ന ഗൃഹത്തിലെ പാർവ്വതിപ്പുതുവാൾസ്യാരും വക്കിൽശേഷര്യരുമായിരുന്നു മാതാപിതാക്കന്മാർ.)

സി. കുഞ്ഞുരാമമേനോൻ: എം. ആർ. കെ. സി. എന്ന ചതുരക്ഷരങ്ങളിൽ പ്രസിദ്ധനായിത്തീർന്നിട്ടുള്ള കുഞ്ഞുരാമമേനോൻ എഴുതിയിട്ടുള്ള ഒരാഖ്യായികയാണു്, ‘വെള്ളുവക്കമ്മാരൻ.’ എം. ഓതേനമേനോൻ ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള ഒരു കഥയാണിതിൻ്റെ പശ്ചാത്തലം. വടക്കെ മലബാറിൽ ഉൾപ്പെട്ട വെള്ളുവദേശത്തെ ഒരു പ്രഭുകുടുംബത്തിലെ കമ്മാരൻനമ്പ്യാരുടെ കഥയാണ് പ്രതിപാദ്യം. കോലത്തിരിയുടെ സൈന്യനായകനായിരുന്ന കഥാനായകൻ മതംമാറി ‘സർദാർ ഷെയിക്ക് ആയാസ്ഖാൻ ബഹദൂർ’ എന്ന പേർ സ്വീകരിച്ചു ഹൈദരാലിയുടെ വിശ്വസ്തമിത്രവും സേനാനായകനുമായിത്തീർന്നതും മറ്റുമായ വസ്തുതകൾ ഇതിൽ വിവരിച്ചിരിക്കുന്നു. കോലത്തു നാടിൻ്റെ അവ്യക്തമായ ചരിത്രഭാഗങ്ങൾ പലതും സ്പഷ്ടമാക്കുവാൻ ഗ്രന്ഥകാരൻ ഈ ആഖ്യായികവഴി യത്നിച്ചിട്ടുണ്ടു്. *(കുഞ്ഞുരാമമേനോൻ – എം. ആർ. കെ. സി. എന്ന ചതുരക്ഷരങ്ങളിൽ പ്രസിദ്ധനായ ചെങ്കുളത്തുള്ള ചെറിയകുഞ്ഞുരാമമേനോൻ 1057 – ൽ ജനിച്ചു. വലിയ കുഞ്ഞിരാമമേനോൻ്റെ ഭാഗിനേയനായ ഇദ്ദേഹം കേരളപത്രികയുടെ നടത്തിപ്പിൽ 1909 മുതൽ ഏതാനും വർഷം സഹായിച്ചുകൊണ്ടിരുന്നു. മംഗളോദയത്തിൻ്റെ മാനേജരായിത്തീർന്നതോടുകൂടി തൃശ്ശൂർ താമസമാക്കി. 1115 ചിങ്ങം 4-ാം തിയതി കഥാവശേഷനായി).