കഥാപ്രബന്ധങ്ങൾ
സി. അന്തപ്പായി: ചന്തുമേനോൻ്റെ ശാരദയുടെ പൂർവ്വഭാഗം. എട്ടദ്ധ്യായങ്ങളോടുകൂടി 1802-ൽ പ്രസിദ്ധപ്പെടുത്തി. പിന്നിടു മൂന്നദ്ധ്യയങ്ങൾകൂടി ചേർത്തു് 1904-ലും പ്രസിദ്ധപ്പെടുത്തി. എന്നാൽ അതുകൊണ്ടു ശാരദ എന്ന കഥാമന്ദിരത്തിൻ്റെ പണി അല്പം പുരോഗമിച്ചു എന്നല്ലാതെ പൂർണ്ണമായിരുന്നില്ല. ‘ശാരദ’ കൗമാരവയസ്സിൽ എത്തിയിരുന്ന ആ കാലഘട്ടത്തിലാണ് അവളുടെ സൃഷ്ടികർത്താവായ ചന്തുമേനോൻ ഇഹലോകവാസം വെടിഞ്ഞത്. സംവത്സരങ്ങൾ ഇരുപതിലേറെകഴിഞ്ഞിട്ടും നിരാലംബയായിത്തീർന്ന ആ ഓമനയെ ഒരു പുരുഷൻ്റെ പാണിതലത്തോടു യോജിപ്പിക്കുവാൻ ആർക്കും സാധിച്ചിരുന്നില്ല. അങ്ങനെയുള്ള ഒരു ഘട്ടത്തിലാണു് 1915 (1090) – ൽ ധീമാനായ സി. അന്തപ്പായി ശാരദാപൂരണത്തിനായി സധീരം മുന്നോട്ടിറങ്ങിയതു്. ചന്തുമേനോൻ്റെ ആശയങ്ങളുടെ വ്യഞ്ജകശക്തി ഉൾഗ്രഹിച്ച് എടത്തിൽ രാഘവനുണ്ണിയുടെ പുത്രനും ഹൈക്കോർട്ടുവക്കീലുമായ കൃഷ്ണമേനവനെക്കൊണ്ടു ശാരദയെ യഥാകാലം പരിണയിപ്പിച്ചു കഥയ്ക്കു പുർണ്ണതവരുത്തുവാൻ ഈ രണ്ടാംഭാഗത്തിൽ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ചന്തുമേനോൻ ആരംഭിച്ച വ്യവഹാര വിചാരം തുടർന്നു പ്രകാശിപ്പിക്കുവാനും ശാരദാപൂരണ കർത്താവ് അഭിനന്ദനീയമായ ശ്രമം ചെയ്തിട്ടുണ്ട്. പാൽനുരഇല്ലത്തെ ത്രിവിക്രമൻനമ്പൂതിരി, എടത്തിൽ അച്ചൻ, ശങ്കുനമ്പി, വൈത്തിപ്പട്ടർ തുടങ്ങിയ ദുഷ്ടകഥാപാത്രങ്ങളുടെ ഭീകരതയെ ഉജ്ജ്വലിപ്പിക്കുവാനും ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ചന്തുമേനോൻ സങ്കല്പിച്ചിരുന്ന മട്ടിൽത്തന്നെ എല്ലാം വന്നുചേർന്നുവോ എന്നു പറയുവാൻ നിവൃത്തിയില്ല. ഒരു ജാക്സൻ സായ്പിൻ്റെ ബട്ട്ളേരുടെ വെടിയേറ്റ് അവിചാരിതമായി വൈത്തിപ്പട്ടർ മരണമടയുന്നു. ആ സർപ്പദൃഷ്ടിക്കാരൻ്റെ ദുഷ്കർമ്മനിരയ്ക്കനുരൂപമായ ഒരന്ത്യമായോ അതെന്നു സംശയമാണു്. അതുപോലെതന്നെ മറ്റുചില പരിണാമങ്ങളും അങ്ങനെയായാൽ പോരാ എന്നു തോന്നിപ്പോകുന്നു. എന്നാൽ ഒരു കാര്യം ആരും സമ്മതിക്കേണ്ടതു തന്നെ. ‘ശാരദയെ’ എന്നും കൗമാരദശയിൽത്തന്നെ നിർത്തുന്നതു ക്രൂരമാണെന്നും സാഹിത്യമണ്ഡലത്തിൽ വല്ലതും ചെയ്യാൻ തരമുള്ളവർ സംശയിച്ചു നിരുദ്യമന്മാരായിരിക്കുന്നതിനേക്കാൾ യഥാശക്തി പ്രവർത്തിക്ക എന്നതു് അധികം നല്ലതാണെന്നുമുള്ള വിചാരങ്ങളാൽ, അതിലേക്കു പുറപ്പെട്ട അന്തപ്പായിയുടെ കർമ്മധീരതയും സാഹിത്യപ്രണയവും എന്നെന്നും അഭിനന്ദനീയമാണെന്നുള്ളതാണതു്.
ടി. എസ്. അനന്തസുബ്രഹ്മണ്യം: ചന്തുമേനോൻ്റെ ‘ശാരദ’ ഒന്നാംഭാഗം പുറത്തുവന്നിട്ട് ഇപ്പോൾ എഴുപതോളം വർഷങ്ങളായിട്ടുണ്ടു്. അതിൽ പിന്നീട് അതിൻ്റെ പൂരണത്തിനായി സി. അന്തപ്പായി തുടങ്ങി പ്രമുഖന്മാരായ പല തൂലികാവിദഗ്ദ്ധന്മാരും ശ്രമിക്കയുണ്ടായി. അന്തപ്പായിയുടെ ശ്രമത്തെപ്പറ്റി മുകളിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. പക്ഷേ, അതുൾപ്പെടെ ഒന്നും പൂർണ്ണമായി ചന്തുമേനോൻ്റെ ഭാവനയ്ക്കനുരൂപമായ ലക്ഷ്യത്തിൽ എത്തിച്ചേർന്നതായി സഹൃദയന്മാർ സമ്മതിച്ചുകഴിഞ്ഞിട്ടില്ല. ചന്തുമേനോന്റെ ഹൃദയഗതിയെ വേണ്ടവണ്ണം അറിയുവാനും അനുവർത്തിക്കുവാനും കഴിയാത്തതാണു പലരുടേയും പരാജയത്തിനു കാരണമെന്നുതോന്നുന്നു. എന്നാൽ അനന്തസുബ്രഹ്മണ്യമാകട്ടെ ചന്തുമേനോൻ്റെ ആത്മസത്തയുമായി വളരെയധികം സാമ്യം പ്രാപിച്ചശേഷമാണു് ശാരദ 2-ാംഭാഗം പൂരിപ്പിച്ചിട്ടുള്ളതെന്നു് അതിൻ്റെ അകൃത്രിമമായ പരിണാമഗതി വ്യക്തമായി വിളിച്ചുപറയുന്നു.