ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

വ്യവഹാരം കൊടുപ്പാൻ തീർച്ചയാക്കി രാമൻമേനോൻ വക്കീൽ രാഘവമേനോനെക്കൊണ്ടു് എടത്തിലച്ചനു് നോട്ടീസയയ്ക്കുന്നതോടുകൂടിയാണല്ലോ ചന്തുമേനവൻ്റെ ‘ശാരദ’ അവസാനിക്കുന്നതു്. അതിനാൽ അടുത്തു വ്യവഹാരമാണു നടക്കാൻപോകുന്നതെന്നുള്ളതു തീർച്ചതന്നെ. വ്യവഹാരത്തിൻ്റെ തെളിവിലേക്കായി സാക്ഷികളെ സ്വാധീനപ്പെടുത്തുവാൻ ശങ്കരമേനോൻ പുറപ്പെടുന്നതാണ് അനന്തസുബ്രഹ്മണ്യത്തിൻ്റെ ശാരദയിലെ ആരംഭമായ 12-ാ മദ്ധ്യായത്തിലെ പ്രമേയം — ശങ്കരൻ ശങ്കുവാരിയരെ ചെന്നു കണ്ടു് അതിനുവേണ്ടി അദ്ദേഹത്തോടപേക്ഷിക്കുന്നു. ആ ശുദ്ധാത്മാവിൻ്റെ ധർമ്മസങ്കടം കാണേണ്ടതുതന്നെ. അവിടെനിന്നു പാൽനുരഇല്ലത്തേക്കാണ് ശങ്കരൻ്റെ പുറപ്പാട്ട്. ത്രിവിക്രമൻനമ്പൂരിപ്പാടിനെ സ്വാധീനപ്പെടുത്തുവാൻ സാധിച്ചില്ലെങ്കിലും അഫൻനമ്പൂരിയുടേയും കുടുംബാംഗങ്ങളുടേയും സൗഹാർദ്ദം സമ്പാദിച്ചുകൊണ്ടു ശങ്കരൻ മടങ്ങുന്നു. ശങ്കുവാരിയർ കോടതി കയറുന്നതിലുള്ള മടിനിമിത്തം തീർത്ഥാടനത്തിനു പുറപ്പെടുകയായി. രാമേശ്വരത്തുവെച്ചു നാഗേശ്വരയ്യരുടെ തേവാരമുറിയിൽ തൂക്കിയിരുന്ന രാമൻമേനവൻ്റെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ വാരിയരുടെ ദൃഷ്ടിയിൽ പെടുവാനിടയായതു് ദൈവഗത്യാവാദിഭാഗത്തേക്കു ഹാജരാക്കാവുന്ന ഒരു ഉത്തമ തെളിവായിത്തീരുന്നു. ഈ ഭാഗങ്ങളിൽ അന്തപ്പായിയുടെ ഭാവന രൂപാന്തരേണ ഇവിടെ പ്രതിഫലിച്ചിട്ടുണ്ടെന്നു പറയാതെ തരമില്ല.

12 മുതൽ 26 വരെ അദ്ധ്യായങ്ങളുള്ള ഈ രണ്ടാംഭാഗത്തിൽ 23 വരെയുള്ള – കേസ് രാജിയാകുന്നതുവരെയുള്ള – അദ്ധ്യായങ്ങളിൽ വാദിപ്രതികൾ വ്യവഹാരസംബന്ധമായ വിജയങ്ങൾക്കുവേണ്ടി ചെയ്യുന്ന വിവിധ ശ്രമങ്ങൾ വിവിധ രൂപത്തിൽ പ്രകാശിപ്പിക്കുന്നു. ഒരൊന്നാന്തരം വ്യവഹാര വിദഗ്ദ്ധൻ്റെ വീക്ഷണഗതി ഈ ഭാഗങ്ങളിലെല്ലാം ഗ്രന്ഥകാരൻ വെളിപ്പെടുത്തുന്നുണ്ടു്. 22-ാമദ്ധ്യായത്തിലെ സാക്ഷിവിസ്താരം, നല്ലൊരു നിയമജ്ഞനും വ്യവഹാര നിപുണനുമായ അഭിഭാഷകനു മാത്രമേ അതുപോലെ ചിത്രീകരിക്കുവാൻ സാധിക്കയുള്ളു. സാക്ഷിമൊഴികളെല്ലാം വാദിഭാഗത്തേക്കനുകൂലമായിത്തീരുന്നതും, ഫോട്ടോ കണ്ടതു മുതൽ എടത്തിലെ അംഗങ്ങളുടെ ഇടയിൽ വലിയ മാറ്റമുണ്ടാകുന്നതും, കോടതിയിൽ എത്തിയ വലിയച്ചൻ ശാരദയെ കണ്ടതോടുകൂടി ഹൃദയാലുവും ദയാലുവുമായി പരിവർത്തനം ചെയ്യുന്നതും മറ്റും ശുഭകരമായ ഒരു രാജിക്കു വഴിതെളിക്കുന്നു. അത്തരത്തിൽ ഒരു രാജി ഉണ്ടാകുന്നില്ലെങ്കിൽ, കേസിൽ പരിപൂർണ്ണവിജയം സിദ്ധിച്ചാൽത്തന്നെയും ശാരദയ്ക്ക് എടത്തിൽ സ്വൈരമായ ഒരു ജീവിതം നയിക്കുവാൻ സാദ്ധ്യമാകുന്നതല്ല. ഗ്രന്ഥകർത്താവിൻ്റെ ക്രാന്തദർശിത്വം ഈ കഥാഘടനയിൽ വേണ്ടത്ര വെളിപ്പെടുന്നുണ്ടു്. ശുഭാന്തമായ ഈ പരിണാമം, കഥയുടെ സ്വാഭാവികതയ്ക്കും ഹൃദ്യതയ്ക്കും ഹേതുവായും തീരുന്നു.

കഥാപാത്രങ്ങളുടെ കർമ്മഫലാനുഭവങ്ങളെ പ്രകാശിപ്പിക്കുന്നതിലും ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ടെന്നുതന്നെ പറയാം. നല്ലൊരു ശുഭദിനത്തിൽ ഉദയന്തളിയിൽ എത്തിയ കൃഷ്ണമേനവനിൽ ശാരദയ്ക്കു പ്രണയം അങ്കുരിക്കുന്നതും, പിന്നീടുള്ള അവരുടെ പ്രണയഗതികൾ വളരെ ശാന്തമായി വളർത്തിക്കൊണ്ടുവരുവാൻ ശ്രമിക്കുന്നതും ഒടുവിൽ മം​ളാന്തമാക്കിത്തീർക്കുന്നതുമെല്ലാം ശ്ലാഘനീയമായിട്ടുണ്ടു്.