കഥാപ്രബന്ധങ്ങൾ
ശങ്കരന് ഒരു കൂട്ടുകാരിയെ ഒന്നാം ഭാഗത്തിൽ സുചിപ്പിച്ചുകാണുന്നില്ല. അനന്തരഭാഗത്തിൽ ആ കൃത്യം നിർവ്വഹിക്കാമെന്നായിരിക്ഷണം ചന്തുമേനോൻ കരുതിയിരുന്നത്. അനന്തസുബ്രഹ്മണ്യം ആ കൃത്യം ഉചിതജ്ഞയോടുകൂടി പ്രകൃതഗ്രന്ഥത്തിൽ നിർവ്വഹിച്ചിരിക്കുന്നു. പാൽനുര ഇല്ലത്തെ പത്തായപ്പുരയിൽ ചെന്നു ലക്ഷ്മിഅമ്മയുടെ സൽക്കാരമേറ്റ ശങ്കരനു്, അവരുടെ പുത്രി സരോജത്തിൻ്റെ സൽക്കാരം പിന്നീടെപ്പോഴെങ്കിലും ഉണ്ടാകുമെന്നൊരു സൂചന ഗ്രന്ഥകാരൻ അപ്പൊഴേ നല്കിയിട്ടുള്ളതാണ്. അതു ശാരദാപരിണയ മുഹൂർത്തത്തിൽത്തന്നെ ഗ്രന്ഥകാരൻ നിർവ്വഹിച്ചതിൽ സഹൃദയന്മാർക്കു സന്തോഷമേ ഉള്ളൂ. സരോജിനീശങ്കരന്മാരുടെ ഘടന സഹൃദയസമ്മതവുമായിട്ടുണ്ട്.
പൊതുവേ പറഞ്ഞാൽ, ചന്തുമേനോൻ്റെ ഭാവനയ്ക്ക് ഉദ്ദീപനമല്ലാതെ, പ്രക്ഷീണം അനന്തസുബ്രഹ്മണ്യത്തിൻ്റെ ശാരദാപൂരണംകൊണ്ടു ലേശവും സംഭവിച്ചിട്ടില്ല.* (അനന്തസുബ്രഹ്മണ്യം – 1062 വൃശ്ചികം 3-ാം തീയതി ജനിച്ചു. വളരെക്കാലം കോഴിക്കോട്ടു കോടതിയിൽ ക്ലാർക്കായിരുന്നു. 1960 ഒക്ടോബർ 27-ാം തിയതി ചരമമടങ്ങി).
സ്നേഹലത : കനകത്തടത്തിൽ തറവാട്ടിലെ ഏക സന്താനമാണ് സ്നേഹലത. മട്രിക്കുലേഷൻവരെ ആയകാലത്തു് അച്ഛൻ മരിക്കുകയാലും, അമ്മാവൻ്റെ നിർദ്ദയത്വത്താലും അവൾ നാടുവിട്ടുപോകുന്നതും, താൻ സ്നേഹിച്ച ഭർത്താവിനെ മാലയിടാൻ തുടങ്ങവേ അമ്മാവനും കൂട്ടരുമെത്തി അതിനെ മുടക്കുന്നതും അമ്മാവനിൽനിന്നും വീണ്ടും രക്ഷപെട്ട അവൾ ഒരു യോഗിയുടെ രക്ഷയിൽ ജീവിക്കുന്നതും അവൾക്കു തൻ്റെ കാമുകനെ പിന്നീടു വിവാഹം ചെയ്യാൻ ഇടയാകുന്നതും മറ്റുമാണു് ഇരുപത്തഞ്ചദ്ധ്യായങ്ങളിലായി വിവരിക്കുന്ന സ്നേഹലതയുടെ ഉള്ളടക്കം. ഇന്ദുലേഖയുടെ ചുവടുപിടിച്ചു അക്കാലത്തുണ്ടായിട്ടുള്ള സാമുദായിക നോവലുകളിൽ ഒന്നാണിതു്. കണ്ണൻമേനോൻ ബി. എ., എൽ. ടി. യാണു് പ്രസ്തുത നോവലിൻ്റെ കർത്താവു്.
മീനാക്ഷി: സി. ചാത്തുനായരുടെ കൃതിയായ മീനാക്ഷിയും സ്നേഹലതയെപ്പോലെതന്നെ ഇന്ദുലേഖയെ അനുകരിച്ചുണ്ടായ ഒരു സാമുദായിക നോവലത്രെ. യൗവനയുക്തരായ സ്ത്രീപുരുഷന്മാർക്കു് പരസ്പരാനുരാഗമുണ്ടായി നടത്തുന്ന വിവാഹമേ സൗഭാഗ്യകരമായിത്തീരൂ എന്നും, സ്ത്രീകൾക്കും പുരുഷന്മാരേപ്പൊലെതന്നെ വിദ്യാഭ്യാസം ആവശ്യമാണെന്നും മറ്റുമുള്ള തത്ത്വങ്ങൾ ഇതിലും വ്യക്തമാക്കിയിരിക്കുന്നു. പത്മാവതി, പത്മാലയം എന്നിങ്ങനെയുള്ള പേരുകളിൽ ഒട്ടുവളരെ സാമുദായിക നോവലുകൾ അക്കാലത്തു പുറപ്പെട്ടിരുന്നുവെന്നുകൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ.