കഥാപ്രബന്ധങ്ങൾ
മൂർക്കോത്തു കുമാരൻ: സരസകാഥികനും ഫലിതപ്രിയനുമായ മൂർക്കോത്തു കുമാരൻ 1894 – ൽ ഒരു ചെറുകഥയുമായിട്ടാണ് ആദ്യം രംഗ പ്രവേശം ചെയ്തതു്. കോഴിക്കോട്ടെ പത്രങ്ങൾ ഉപേക്ഷിച്ച ആ ചെറുകഥ കോട്ടയത്തു വറുഗീസുമാപ്പിളയ്ക്കയച്ചപ്പോൾ അതു് അദ്ദേഹം നോക്കി ഭാഷാപോഷിണിയിൽ പ്രസിദ്ധപ്പെടുത്തുകയും ലേഖകനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അന്നുമുതൽ വറുഗീസുമാപ്പിളയുമായുള്ള ബന്ധം വർദ്ധിച്ചു. മലയാളമനോരമയും ഭാഷാപോഷിണിയും കുമാരൻ്റെ ഗദ്യരചനയുടെ വിളഭൂമികളായിത്തീരുകയും ചെയ്തു. വറുഗീസുമാപ്പിളയെ കുമാരൻ എന്നും കൃതജ്ഞതാപൂർവ്വമേ സ്മരിച്ചിരുന്നുള്ളു. കുറച്ചു കാലം സ്മര്യപുരുഷൻ കേരളസഞ്ചാരിയുടെ പ്രസാധകനായിരുന്നു. 1105 ചിങ്ങം മുതൽ തോമസ്പോൾ എറണാകുളത്തുനിന്നു ‘ദീപം’ എന്ന ചിത്രമാസിക ആരംഭിച്ചപ്പോൾ അതിൻ്റെ പ്രസാധകനായിരുന്നതു് കുമാരനാണു്. കുമാരൻ്റെ പത്രാധിപത്യത്തിൽ മൂന്നു വർഷം അതു കേരളത്തിലെ ഒരു പ്രശസ്ത മാസികയായി പ്രചരിക്കയും ചെയ്തു. കുമാരൻ്റെ മനോധർമ്മവിലാസം കാണണമെന്നുള്ളവർ അദ്ദേഹത്തിൻ്റെ ‘കാകൻ’ എന്ന ലഘുപ്രബന്ധം വായിക്കേണ്ടതാണു്. ദീപം നടത്തിയിരുന്ന കാലത്തു് അനേകം ചെറുകഥകൾ അദ്ദേഹം അതിൽ എഴുതിയിരുന്നു. കുറെയെല്ലാം പിന്നീടു പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ലോകാപവാദം, കനകംമൂലം, അമ്പൂനായർ, വസുമതി. കൂനിയുടെ കുസൃതി, വെള്ളിക്കൈ എന്നിവയാണ് കുമാരൻ്റെ നോവലുകൾ. ഇവയിൽ വെള്ളികൈയാണ് പ്രധാന കൃതി എന്നു പറയാം. അതു് ഒരു രാഷ്ട്രീയാഖ്യായികയുമാണു്. ദീപം നടത്തിയിരുന്ന കാലത്തു് അതിൽ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയിരുന്ന പ്രസ്തുത കൃതി പുസ്തകരൂപത്തിൽ ഇതേവരെ പുറത്തുവന്നതായി അറിവില്ല. കുമാരൻ്റെ ജീവചരിത്രം തുടങ്ങിയ കൃതികളെപ്പറ്റി മറ്റദ്ധ്യായങ്ങളിൽ വിവരിക്കുന്നതാണു്.* ( കുമാരൻ – തലശ്ശേരിയിൽ മൂർക്കോത്തു രാമുണ്ണിയുടേയും കുഞ്ഞിച്ചിരുതയുടേയും പുത്രനായി 1874-ൽ ജനിച്ചു. അദ്ധ്യാപകൻ, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ, സമുദായസേവകൻ, പൊതുക്കാര്യപ്രസക്തൻ എന്നിങ്ങനെ വിവിധ നിലകളിൽ വർത്തിച്ചിരുന്നു സൂര്യപുരുഷൻ. 1941 ജൂൺ 25-ന് ദിവംഗതനായി.)
സി. വി. കുഞ്ഞുരാമൻ: പത്രപ്രവർത്തനത്തിൽ വളരെയേറെ തഴക്കവും പഴക്കവും സിദ്ധിച്ചിട്ടുള്ള ഒരു വ്യക്തിയാണു് സി. വി. കുഞ്ഞുരാമൻ. തിരുവിതാംകൂറിലെ അക്കാലത്തെ ഗദ്യകാരന്മാരിൽ അദ്വിതീയനുമായിരുന്നു അദ്ദേഹം. വാല്മീകിരാമായണം ഗദ്യം, വ്യാസഭാരതം, രാഗ പരിണാമം, കാന്തിമതി, അറബിക്കഥകൾ, ഒരുനൂറുകഥകൾ എന്നിങ്ങനെ ഒരു ഡസനിലധികം കൃതികൾ കുഞ്ഞുരാമൻ എഴുതിയിട്ടുണ്ട്. ‘പഞ്ചവടി’ അദ്ദേഹം എഴുതിയിട്ടുള്ള നോവലുകളിൽ ഒന്നാണു്. പ്രഥമ ശ്രവണത്തിൽ ശ്രീരാമൻ്റെ വനവാസകാലത്തെ ഒരു രംഗമാണെന്നു തോന്നാം. രാമപുരംദേശത്തിൻ്റെ ഭരണാധികാരിയായ അണ്ണാവിയുടെ പുത്രി മൈഥിലിയും, നന്താവനത്തു താമസക്കാരനായ ഒരു ആശാൻ്റെ പേരക്കിടാവു രാഘവനും തമ്മിൽ യാദൃച്ഛികമായി കാണുകയും പരിചയപ്പെടുകയും ചെയ്യുന്നു. അതുമുതൽ ആരംഭിച്ച അവരുടെ കൗമാരസ്നേഹം, പ്രായമായതോടുകൂടി പ്രണയമായത്തീരുകയും അചിരേണ അവർ ദമ്പതിമാരായി മാറുകയും ചെയ്യുന്നു. ഇതാണ് പഞ്ചവടിയിലെ കഥാവസ്തു. ദീനാനുകമ്പ, പരിശ്രമശീലം മുതലായ ചില മാതൃകാ ഗുണങ്ങൾ കഥാപാത്രങ്ങളിൽക്കൂടി പ്രകാശിപ്പിച്ചിട്ടുണ്ടു്. ലളിതഭാഷ, ചെറിയ ചെറിയ വാക്യങ്ങൾ, അവക്രമായ പ്രതിപാദനം, പ്രസാദം എന്നീ ഗുണങ്ങളാൽ കുഞ്ഞുരാമൻ്റെ ഗദ്യശൈലി ഏറ്റവും ആകഷകമാണു.* ( കേരളകൗമുദിയുടെ സ്ഥാപകനാണു് സി. വി., കൊല്ലത്തിനടുത്തുള്ള മയ്യനാടു് എന്ന സ്ഥലത്തു കൊല്ലവർഷം 1046 മകരം 26-ാ നു ജനിച്ചു. 1124 മീനം 28-ാ ന് പരലോകപ്രാപ്തനായി.)