ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

ത്രേസ്യാമ്മ: സി. ജോർജ്ജുകരോടൻ എഴുതിയിട്ടുള്ള ഒരു സാമുദായിക നോവലാണ് ‘ത്രേസ്യാമ്മ’. ക്രിസ്ത്യൻ സമുദായത്തിലെ ആചാര വിചാരങ്ങളിൽ പലതും ത്രേസ്യാമ്മയിൽക്കൂടി വെളിപ്പെടുത്തുവാൻ കരോടനു കഴിഞ്ഞിട്ടുണ്ട്.

ടി. കെ. വേലുപ്പിള്ള: ഒരു ചരിത്രകാരനെന്ന നിലയിലാണു കൂടുതൽ അറിയപ്പെടുന്നതു്. ‘ഹേമലത’ എന്ന സാമുദായികാഖ്യായിക അദ്ദേഹത്തിൻ്റെ കൃതിയാണു്. അതിലെ സരസങ്ങളായ ചില വർണ്ണനകൾ വായനക്കാർക്കു് ഒരിക്കലും വിസ്മരിക്കുവാൻ സാധിക്കുന്നതല്ല.

കപ്പന കൃഷ്ണമേനോൻ: കൊല്ലവർഷാരംഭത്തിനുമുമ്പുള്ള കേരളചരിത്രത്തിലെ ചില ഭാഗങ്ങളെ അവലംബിച്ചെഴുതിയിട്ടുള്ള ഒരു ചരിത്രാഖ്യായികയാണു് കൃഷ്ണമേനോൻ്റെ ‘ചേരമാൻപെരുമാൾ’. മൂന്നു പന്തീരാണ്ടു ഭരണം നടത്തിയ ഒടുവിലത്തെ പെരുമാൾ, പാണ്ഡ്യരാജാവിൻ്റെ ആക്രമണത്തേയും തടുത്തു ജയിച്ചശേഷം, രാജ്യഭരണത്തിൽനിന്ന് ഒഴിയുവാൻതന്നെ തീർച്ചയാക്കി. രാജ്യം തൻ്റെ കീഴിലുള്ളവർക്കെല്ലാം പകുത്തുകൊടുത്തു. സ്വപുത്രിയായ അംബികാദേവിയെ വിക്കിരനു് – മാനവിക്രമരാജാവിനു് – ദാനമായും ഉടവാൾ സമ്മാനമായും നല്കി അനുഗ്രഹിച്ച് അദ്ദേഹം ചെരോട്ടിയമ്മ ഒരുമിച്ചു മക്കത്തേക്കു കപ്പൽ കയറുന്നു.

ചരിത്രത്തിൽ പേരുകേട്ട കഥാപാത്രങ്ങൾ ഇതിൽ ചുരുക്കമേയുള്ളൂ. ആഖ്യായികാകാരൻ കഥയുടെ സംഭാവ്യതയ്ക്കും ആവശ്യത്തിനും പറ്റിയ തരത്തിൽ അനേകം നൂതന കഥാപാത്രങ്ങളെ കഥയിൽ ഘടിപ്പിച്ചിട്ടുണ്ടു്. കഥാശില്പം പൊതുവെ സമഞ്ജസമായിട്ടുണ്ടെന്നു പറയാം. പാത്രങ്ങളുടെ വ്യതിരിക്തഭാവങ്ങൾ പ്രകാശിപ്പിക്കുവാനും കഴിയുന്നതും ശ്രമിച്ചിട്ടുണ്ടു്. ചരിത്രഭാഗങ്ങളെ സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങളുണ്ടാകാം. ആഖ്യായികയെ ഒരു ചരിത്രമായി കരുതാതിരുന്നാൽ മതിയല്ലോ. പരിണാമഗുപ്തിയോടുകൂടിയ പ്രതിപാദനരീതി ആരെയും ആകർഷിക്കുന്നതുതന്നെ. പുരാതന കേരളത്തിൻ്റെ മഹിമയുടെ മാറ്റുരച്ചുകാണിക്കുന്ന ആഖ്യായികകളിൽ ചേരമാൻപെരുമാൾ അദ്വിതീയമായ ഒരു സ്ഥാനം അർഹിക്കുന്നു.

റാണി ഗംഗാധരലക്ഷ്മി: ആലത്തൂർ അനുജൻ നമ്പൂരിപ്പാടാണു ഈ ആഖ്യായികയുടെ കർത്താവു്. കൊച്ചിരാജ്യചരിത്രത്തിലെ ചില സംഭവങ്ങൾ ഇതിൽ പ്രതിഫലിപ്പിച്ചിരിക്കുന്നു.