കഥാപ്രബന്ധങ്ങൾ
ഉണ്ണിരാമവർമ്മ: 15-ാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ കൊച്ചിയിൽ ഭരണമേറ്റതു് ഉണ്ണിരാമവർമ്മൻകോവിൽ എന്ന രാമവർമ്മമഹാരാജാവായിരുന്നു. അക്കാലത്തു സാമൂതിരിയും കൊച്ചിരാജാവും തമ്മിലുണ്ടായ സമരസംഭവങ്ങളെ സംബന്ധിക്കുന്ന ഒരു ഇതിവൃത്തമാണ് പാണ്ടിയാട്ട് ശങ്കരമേനോൻ 1103-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മേല്പറഞ്ഞ ആഖ്യായികയിൽ പ്രതിപാദിക്കുന്നതു്. കൊച്ചി, കോഴിക്കോട്ട് എന്നീ രാജസ്ഥാനങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഒന്നാംതരം ചിത്രീകരണവുമായിട്ടുണ്ട് പ്രസ്തുത കൃതി. ഇതിലെ പ്രധാന കഥാപാത്രമായ ഉണ്ണിരാമവർമ്മയെ സത്യം, നീതി, ശരണാഗതജനപാലനധർമ്മം തുടങ്ങിയ ഉൽകൃഷ്ട ഗുണങ്ങളുടെ വിളനിലമായി ചിത്രീകരിച്ചിരിക്കുന്നു. ഉമ എന്ന വീരാംഗനയെ ഒരു ആദർശ സ്ത്രീരത്നമായും, എല്ലാപ്രകാരത്തിലും സദാചാരനിഷ്യെ പോഷിപ്പിക്കുന്ന വിധത്തിലാണു് ഈ ആഖ്യായികയുടെ നിർമ്മാണം.
ശ്രീപത്മനാഭദാസൻ: വിദ്വാൻ കെ. കേശവപിള്ള 1111-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു ‘നവ്യചരിത്രാഖ്യായിക’യാണു് ‘ശ്രീപത്മനാഭദാസൻ’. ആധുനിക തിരുവിതാംകൂർ രാജ്യത്തിൻ്റെ പ്രതിഷ്ഠാപകൻ മാർത്താണ്ഡവർമ്മ മഹാരാജാവായിരുന്നല്ലോ. അദ്ദേഹമാണു രാജ്യം ശ്രീപത്മനാഭനു അർപ്പിച്ച് ശ്രീപത്മനാഭദാസൻ എന്ന തിരുനാമം ആദ്യമായി സ്വീകരിച്ചതു്. ആ മഹാരാജാവിൻ്റെ കാലത്തെ ആഭ്യന്തര ശത്രുക്ഷോഭം വിഷയമാക്കി നിർമ്മിച്ചിട്ടുള്ളതാണു് സി.വി.യുടെ ‘മാർത്താണ്ഡവർമ്മ’ എന്ന ആഖ്യായിക. ആ ആഭ്യന്തരവിപ്ലവം ശമിച്ചശേഷം മാർത്താണ്ഡവർമ്മ നടത്തിയ ദിഗ്വിജയങ്ങളിൽ പ്രധാനങ്ങളായ ചില രാഷ്ട്രീയ സംഭവങ്ങളെ ആസ്പദമാക്കി കേശവപിള്ള രചിച്ചിട്ടുള്ള ഒരു ആഖ്യായികയാണിത്. ഇതിലെ, മഹാരാജാവ്, കലിമങ്കണൻ തുടങ്ങിയ കഥാപാത്രങ്ങളുടെ സൃഷ്ടിയിൽ ഗ്രന്ഥകാരൻ്റെ കല്പനാവൈഭവം അന്യാദൃശമായി വെളിപ്പെടുന്നുണ്ട്.
സർദാർ കെ. എം. പണിക്കർ: ചരിത്രകാരൻ, പണ്ഡിതൻ, കവി, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ വിവിധ നിലകളിൽ പ്രഖ്യാതനാണ് സർദാർ പണിക്കർ. നോവൽ സാഹിത്യത്തിലും അദ്ദേഹത്തിൽനിന്നു ഗണ്യമായ സംഭാവനകളുണ്ടായിട്ടുണ്ട്. കേരളസിംഹം, പുണർകോട്ടുസ്വരൂപം. പറങ്കിപ്പടയാളി, ധൂമകേതുവിൻ്റെ ഉദയം, കല്യാണമൽ, ദൊരശ്ശിണി എന്നിവയത്രേ ഈ ഇനത്തിൽ മുഖ്യമായവ. ആദ്യത്തേതു നാലും കേരളചരിത്രത്തേയും, അഞ്ചാമത്തേതു് ഇൻഡ്യാ ചരിത്രത്തേയും സംബന്ധിച്ചുള്ള ആഖ്യായികകളാണു്. സ്വരാജ്യസ്നേഹം, സാമുദായികാഭിമാനം എന്നിവയുടെ വിലാസരംഗങ്ങളാണു് സർദാറിൻ്റെ അഖ്യായികകൾ എന്നു പൊതുവേ പറയാം. കേരളസിംഹം, പണിക്കരുടെ ചരിത്രാഖ്യായികകളിൽ പലതുകൊണ്ടും മുന്നണിയിൽ നിലകൊള്ളുന്നു. യൂറോപ്പുരാജ്യത്തെ കിടുകിടെ വിറപ്പിച്ച നെപ്പോളിയനെപ്പോലും പരാജിതനാക്കിയ ഡ്യുക്ക് ഓഫ് വെല്ലിങ്ങ്ടനെ ശതകംചൊല്ലിച്ച കോട്ടയം കേരളവർമ്മ പഴശിരാജാവിനേയാണു് ഇതിൽ കേരളസിംഹമായി കല്പിച്ചിട്ടുള്ളതു്. ‘കിർമ്മീരവധം’ തുടങ്ങിയ ആട്ടക്കഥകളുടെ കർത്താവും, ആഖ്യായികയിലെ നായകനുമായ തമ്പുരാനെ ഒന്നാന്തരം കഥകളിഭ്രാന്തനായിട്ടുകൂടി ഗ്രന്ഥകർത്താവു ചിത്രീകരിച്ചിരിക്കുന്നു. പ്രാചീനകേരളത്തിൻ്റെ ഒരു മനോഹരചിത്രം കേരളസിംഹത്തിൽ പ്രതിഫലിച്ചുകാണാം. കേരളീയരുടെ ദേശാഭിമാനത്തെ തട്ടിയണർത്തുവാൻ ഈ ആഖ്യായികയ്ക്കു തികച്ചും ശക്തിയുണ്ടു്. പാത്രനിർമ്മാണത്തിലും സമുദായ ചിത്രീകരണത്തിലും ഒരു കഥാകൃത്തിനു സിദ്ധിക്കാവുന്ന വിജയം പൂർണ്ണമായും ഗ്രന്ഥകാരനു് ഇതിൽ സിദ്ധിച്ചിട്ടുണ്ടെന്നു നിരാക്ഷേപം പറയാം.