ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

ധൂമകേതുവിൻ്റെ ഉദയം: കേരളക്കരമുഴുവൻ വെട്ടിപ്പിടിക്കുവാൻ വേണ്ടി തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മ മറവപ്പടയുമായി വടക്കോട്ടു പുറപ്പെടുന്നതും, തോട്ടപ്പള്ളി എന്ന സ്ഥലത്തുവെച്ച് എതിർ ശക്തികളോടെതിരിടുന്നതും, ആ സംഘട്ടനത്തിൽ, പരാജയം സംഭവിക്കുമെന്നായപ്പോൾ ഹൈദരാലിയുടെ സഹായം അഭ്യർത്ഥിക്കുന്നതും മറ്റുമായ വസ്തുതകളാണു ‘ധൂമകേതുവിൻ്റെ ഉദയ’ത്തിലെ ഉള്ളടക്കം. ‘പുണർകോട്ടുസ്വരൂപ’വും ‘പറങ്കിപ്പടയാളി’യും കേരളചരിത്രത്തിലെ, പഴയ കഥകളെ പ്രകാശിപ്പിക്കുന്ന മറ്റു രണ്ടു ചരിത്രാഖ്യായികകളത്രെ. ‘ദൊരശ്ശിണി’ ഒരു സാമുദായിക നോവലാണു്. ദൊരശ്ശിണിചമയാൻ പുറപ്പെട്ട മാധവിക്കുട്ടി, ഒട്ടുവളരെ ജീവിതാനുഭവങ്ങൾക്കുശേഷം, ആ മോഹമെല്ലാം ഉപേക്ഷിച്ച് ഒരു സാധാരണസ്ത്രീയായി ചമയുന്ന ചിത്രമാണു് അതിൽ വിലേഖനം ചെയ്തിട്ടുള്ളതു്. പ്രസ്തുത നോവൽ മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക്കു നോവലാണെന്നു ഗ്രന്ഥകാരൻ തൻ്റെ ‘ആത്മകഥ’യിൽ അവകാശപ്പെടുന്നു. സർദാർ അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയ ഒരു നോവലാണു്’ ‘ഉഗ്രശപഥം.’* (കാവാലം മാധവപ്പണിക്കരാണു് സുപ്രസിദ്ധനായ കെ.എം.പണിക്കരായിത്തീർന്നതു്. അദ്ദേഹം കുട്ടനാട്ടിൽ കാവാലത്ത്, 1895 ജൂൺ 3-ാം തീയതി ചാലയിൽ എന്ന കുടുംബത്തിൽ ജനിച്ചു. ഉന്നതവിദ്യാഭ്യാസം മദിരാശി ക്രിസ്ത്യൻ കോളേജ്, ഓക്സ്ഫോർഡ് ക്രൈസ്തവ ചർച്ച് കോളേജ് എന്നീ സ്ഥാപനങ്ങളിൽ നിർവ്വഹിച്ചു. ആലിഗർ യൂണിവേഴ്‌സിറ്റി പ്രഫസർ, ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപർ, ബിക്കാനീർ വിദേശകാര്യമന്ത്രി, ചൈന ഈജിപ്ത് ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ അമ്പാസിഡർ, എന്നുതുടങ്ങി ഉന്നതമായ പല സ്ഥാനങ്ങളിലും അദ്ദേഹം പരിശോഭിച്ചിരുന്നു. മൈസൂർ സർവ്വകലാശാലാ വൈസ്‌ ചാൻസലറായിരുന്നു ഒടുവിൽ. 1963 ഡിസംബർ 10-ാം തീയതി, സർവ്വകലാശാലയിൽ നടന്ന ഒരു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ടിരിക്കെ നെഞ്ചിൽ വേദനതോന്നുകയും, അധികതാമസം കൂടാതെ അന്തരിക്കയുമാണുണ്ടായതു്. ഇതുപോലെ സർവ്വതോമുഖമായ പ്രതിഭയും ബഹുമുഖമായ സാഹിത്യസേവനവും ഒത്തുചേർന്നിട്ടുള്ള വ്യക്തികൾ കേരളത്തിലെന്നല്ല ഭാരതത്തിൽത്തന്നെയും വളരെ വളരെ അപൂർവ്വമായേ ജനിച്ചിട്ടുള്ളു. പട്യാലസ്റ്റേറ്റിലെ ദിവാനായിരുന്ന കാലത്താണു് സർദാർ എന്ന ബിരുദം ലഭിച്ചതു്.)

പീററർ ജോൺ തോട്ടം: ശങ്കരഗിരി, മണ്ണാർക്കാട്ടുമാടമ്പി, ചണ്ഡാളപുത്രി തുടങ്ങിയ അനേകം നല്ല നോവലുകൾ നിർമ്മിച്ചിട്ടുള്ള ഒരു സാഹിത്യകാരനാണു് പീററർ ജോൺ തോട്ടം. ചണ്ഡാളപുത്രി പ്രസ്തുത കൃതികളിൽ മുന്നണിയിൽ നില്ക്കുന്നു. കഥാഘടന, പാത്രസൃഷ്ടി എന്നീ അംശങ്ങളിൽ അതു് ഇതരകൃതികളെ അപേക്ഷിച്ചു വളരെയധികം വിജയം പ്രാപിച്ചിട്ടുണ്ടു്.