കഥാപ്രബന്ധങ്ങൾ
പുല്ലേലിക്കുഞ്ചു: ആർച്ചുഡീക്കൻ ഉമ്മൻകോശി 1882-ൽ കോട്ടയത്തുനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു കൃതിയാണു് ‘പുല്ലേലിക്കുഞ്ചു’. അതു ഭാഷയിലെ ആദ്യത്തെ നോവലായി ചിലർ ഈയിടെ പ്രസ്താവിച്ചു കാണുന്നുണ്ടു്. എന്നാൽ പ്രസ്തുത കൃതി കഥാസാഹിത്യത്തിൻ്റെ ഏതെങ്കിലും ശാഖയിൽ ഉൾപ്പെടുത്താമോ എന്നു തന്നെ സംശയമാണ്. ചില പൊടിക്കൈകൾ പ്രയോഗിച്ചു ഹിന്ദുമതത്തെ എതിർക്കുകയും ക്രിസ്തുമതത്തെ സ്ഥാപിക്കുകയും ചെയ്യുന്നതാണ് അതിലെ പ്രമേയം. മൂന്നു ഭാഗമായി തിരിച്ചിട്ടുള്ള പ്രസ്തുത കൃതിയിൽ, ഒന്നാംഭാഗത്തിൽ ഹിന്ദുമതത്തിലെ ജാതിവ്യത്യാസത്തെക്കുറിച്ചുള്ള സംവാദമാണു്. രാമപ്പണിക്കർ, പുല്ലേലിൽ കുഞ്ചുപിള്ള എന്നിവരാണു് ആ ചർച്ചയിൽ പങ്കെടുക്കുന്നതു്. ഗ്രന്ഥകാരൻ ഒരു മദ്ധ്യസ്ഥനോ ശ്രോതാവോ എന്ന നിലയിൽ കഴിഞ്ഞുകൂടുന്നു. രണ്ടാംഭാഗത്തിൽ ബിംബാരാധനയെപ്പറ്റിയുള്ള ചർച്ചയാണു്. അവിടെ ഒരു നമ്പൂതിരിയെക്കൂടി പ്രവേശിപ്പിച്ചിട്ടുണ്ട്. ജാതിവ്യത്യാസവും ബിംബാരാധനയും നിരർത്ഥവും അബദ്ധജടിലവുമാണെന്നു സ്ഥാപിച്ചശേഷം, മൂന്നാംഭാഗത്തിൽ ഒരു ഉപദേശിയുടെ – കോൽ പോർട്ട്യർ എന്ന പേരാണു് ഗ്രന്ഥത്തിൽ –സുദീർഘമായ ക്രിസ്തുമതപ്രസംഗമാണു് നടക്കുന്നതു്. പ്രസംഗാവസാനത്തിൽ കേൾവിക്കാരിൽ പലരും ഉപദേശിയെ ആദരിക്കയും അഭിനന്ദിക്കയുമായി. ഹിന്ദുപുരാണങ്ങളോടു പലർക്കും വെറുപ്പും ഉണ്ടാക്കാതിരിക്കുന്നില്ല. ഈ ഘട്ടത്തിൽ ഉപദേശി കൊണ്ടുവരുന്ന സുവിശേഷഗ്രന്ഥങ്ങൾ, പലരും– രാമപ്പണിക്കരും കുഞ്ചുപിള്ളയും ഉൾപ്പെടെ പലരും – വാങ്ങി രംഗംവിടുകയും ചെയ്യുന്നു. ഇതാണ് പുല്ലേലിക്കുഞ്ചുവിലെ പ്രതിപാദ്യം. ഇതിൽ ഒരു നോവലിനുചേർന്ന കഥയോ കഥാപാത്രങ്ങളോ ഒന്നുമില്ല. ഏതാനും വ്യക്തികളെ രംഗപ്രവേശം ചെയ്യിച്ചു സമമായ വിധത്തിൽ നിർവ്വഹിച്ചിട്ടുള്ള ഒരു മതചർച്ചയാണു് പ്രസ്തുത ഗ്രന്ഥത്തിലെ ഉള്ളടക്കമെന്നു പറയുന്നതിൽ തെറ്റില്ല.
കുന്ദലത: ടി. എം. അപ്പുനെടുങ്ങാടിയുടെ കുന്ദലത 1887 ഒക്ടോബറിലാണു് പ്രസിദ്ധപ്പെടുത്തിയതു്. അതിനു മുമ്പെ ഉടലെടുത്ത ചില കൃതികളെപ്പറ്റി മുകളിൽ പ്രസ്താവിച്ചുകഴിഞ്ഞിട്ടുണ്ടല്ലൊ. അവയിൽ ഒന്നുംതന്നെ നോവലിൻ്റെ സവിശേഷതകൾ ഉൾക്കൊണ്ടതായി നമ്മുടെ ദൃഷ്ടിയിൽ പെടുന്നില്ല. കുന്ദലത ഇതിഹാസച്ഛായയിലുള്ള കൃതിയാണെന്നു സമ്മതിക്കുന്നു. കഥാഘടനയിലോ പാത്രസൃഷ്ടിയിലോ ഒന്നിലുംതന്നെ കുന്ദലതാകർത്താവു വിജയിച്ചിട്ടില്ലെന്നുള്ളതും സ്പഷ്ടമാണു്. ഒരു നോവലിലെ കഥയ്ക്കുവേണ്ട പരിണാമഗുപ്തി മാത്രമെ അതിൽ കാര്യമായി കണക്കാക്കുവാനുള്ളു. ഇങ്ങനെയൊക്കെയാണെങ്കിലും നോവലിന്റെ ചില സവിശേഷതകൾ തെളിഞ്ഞു വിളങ്ങുന്ന ഭാഷയിലെ ആദ്യത്തെ കൃതി അതാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.