ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

കഥാസംഗ്രഹം: കലിംഗരാജാവു് തൻ്റെ വിശ്വസ്തസചിവനായ കപിലനാഥനെ മറ്റു സചിവന്മാരുടെ ദുർബോധനത്താൽ സ്വരാജധാനിയിൽ നിന്നു ബഹിഷ്കരിച്ചു. കപിലനാഥൻ തൻ്റെ ഭൃത്യനായ രാമദാസിനെക്കൊണ്ടു രാജാവിൻ്റെ പുത്രിയായ കുന്ദലത എന്ന ശിശുവിനെ രാജധാനിയിൽനിന്നു മോഷ്ടിപ്പിക്കയും, കുട്ടിയെ കള്ളന്മാർ കൊന്നുകളഞ്ഞു എന്നു തെളിയത്തക്കവണ്ണം ചില വിദ്യകൾ പ്രയോഗിക്കയും ചെയ്തു. കപിലനാഥനും ആത്മഹത്യചെയ്തതായി വിശ്വസിക്കത്തക്ക ചില മുൻകരുതലുകളും ചെയ്യുകയുണ്ടായി. അങ്ങനെ ആ സചിവൻ, അവിടെനിന്നു വേഷപ്രച്ഛന്നനായി രാമദാസിനോടും പാർവ്വതി എന്ന ഒരു ഭൃത്യയോടും കൂടി കുന്ദലതയുമൊരുമിച്ചു വില്വാദ്രി എന്ന സ്ഥലത്തു ഗൂഢമായി പാർപ്പുറപ്പിച്ചു.

വർഷങ്ങൾ പലതു കഴിഞ്ഞു. ഇതിനിടയിൽ കലിംഗരാജധാനിയിൽ പല മാറ്റങ്ങളും സംഭവിച്ചു. കപിലനാഥൻ്റെ അനുജനായ അഘോരനാഥൻ പ്രവേശിച്ചു കാര്യങ്ങൾനോക്കിത്തുടങ്ങി. കപിലപുത്രിയായ സ്വർണ്ണമയിദേവിയെ കലിംഗരാജകുമാരനായ പ്രതാപചന്ദ്രൻ വിവാഹം ചെയ്തു. അചിരേണ സ്വർണ്ണമയിയുടെ സഹോദരൻ താരാനാഥൻ, രാജകുമാരനുമായുണ്ടായ അല്പമായ നീരസത്താൽ നാടുവിട്ടു പൊയ്ക്കളഞ്ഞു. കലിംഗാധിപൻ്റെ പൂർവ്വവൈരിയായ കൃതവീര്യൻ എന്ന കുന്തളനൃപൻ കലിംഗരാജ്യത്തെ ആക്രമിക്കുവാൻ വട്ടംകൂട്ടിത്തുടങ്ങി. അതിനിടയിൽ യുവരാജാവായ പ്രതാപചന്ദ്രൻ, കുന്തളരാജാവിനോടു കംപ്പം ആവശ്യപ്പെട്ടു. അതോടുകൂടി കൃതവീര്യൻ യുദ്ധത്തിന്നു പുറപ്പെടുകയായി. യുവരാജാവിൻ്റെ സാഹസമറിഞ്ഞു് അഘോരനാഥൻ കോപതാപങ്ങൾ പൂണ്ടുവെങ്കിലും ഗത്യന്തരമില്ലായ്മയാൽ വേണ്ട മുൻകരുതലുകളെല്ലാം ഉടനടി ചെയ്യാൻ തയ്യാറായി.

യുവരാജാവുമായി പിണങ്ങിപ്പോയ താരാനാഥൻ വേഷപ്രച്ഛന്നനായി രാമകിശോരൻ എന്ന പേരിൽ വില്വാദ്രിയിൽ ചെന്നുകൂടി. യോഗിയായ് കഴിഞ്ഞുകൂടുന്ന കപിലനാഥൻ, രാമകിശോരനെ ശിഷ്യനായി സ്വീകരിച്ചു. ക്രമേണ ഗുരുവിനു ശിഷ്യനിൽ അധികം വിശ്വാസം ജനിക്കുകയാൽ അയാൾക്കു സ്വഗൃഹത്തിൽ കൂടുതൽ സ്വാതന്ത്ര്യങ്ങൾ നല്കിത്തുടങ്ങി. ഇതിനിടയിൽ ശിഷ്യനും, യോഗിയുടെ പുത്രിയായി വളരുന്ന കുന്ദലതയും തമ്മിൽ അനുരാഗബദ്ധരായിത്തീർന്നു. കലിംഗരാജ്യത്തേക്ക് തിരിച്ചുപോയാൽ കൊള്ളാമെന്നു വിചാരിച്ചുകൊണ്ടിരുന്ന കപിലനാഥൻ, അവിടുത്തെ സ്ഥിതിഗതികൾ ഗൂഢമായറിഞ്ഞുവരുവാൻ രാമദാസിനെ നിയോഗിച്ചു. അയാൾ വൈരാഗിയുടെ വേഷത്തിൽ അവിടെയെത്തി നഷ്ടപ്രശ്നം പറഞ്ഞു രാജധാനിയിലും ചെന്നുചേർന്നു. രാമദാസൻ നല്കിയ ഒരോലയിൽനിന്നു കപിലനാഥൻ ജീവിച്ചിരിക്കുന്നുണ്ടെന്നുള്ള വിവരം അഘോരനാഥനുമാത്രം മനസ്സിലാക്കുവാൻ കഴിഞ്ഞു. അതിനാൽ കുന്തളേശനോടു പടവെട്ടുവാൻ ഒരുങ്ങിയ അഘോരനാഥൻ ആ വിവരം കപിലനാഥനെ ഉടനടി അറിയിക്കുവാൻ വേണ്ട ഏർപ്പാടുകളും ചെയ്തു.