കഥാപ്രബന്ധങ്ങൾ
വില്വാദ്രിയിലെ ഗുരുശിഷ്യന്മാരും ഭൃത്യനും യവനവേഷധാരികളായി തൽക്ഷണം തന്നെ പുറപ്പെട്ടു. കുന്ദലതയേയും പാർവ്വതിയേയും അജ്ഞാത വേഷത്തിൽ കൊണ്ടുചെന്നു രാമദാസൻ തൻ്റെ അമ്മയുടെ അടുക്കൽ പാർപ്പിച്ചു. ഇതിനിടയിൽ കുന്തളേശൻ്റെ സൈന്യങ്ങൾ രാജധാനിക്കുള്ളിൽ കടന്നു കലിംഗാധിപനെ ബന്ധനസ്ഥനാക്കി ഡോലിയിൽ കയറ്റി സ്വരാജ്യത്തേക്ക് അയച്ചുകഴിഞ്ഞു. ഈ ഘട്ടത്തിലാണ് യവനവേഷധാരികളായി പുറപ്പെട്ട കപിലനാഥനും, താരാനാഥനും, രാമദാസനും, അഘോരനാഥൻ്റെ ബുദ്ധിപൂർവ്വമായ മുൻകരുതലുകളാൽ സായുധന്മാരായി യുദ്ധരംഗത്തേക്കു പുറപ്പെട്ടതു്. വഴിമദ്ധ്യേ കൂട്ടിമുട്ടിയ കുന്തളേശൻ്റെ ഡോലിക്കാരെ തടുത്തു്. കലിംഗരാജാവിനെ അവർ ചന്ദനോദ്യാനമെന്നു പറയുന്ന ഒരു സ്ഥലത്തു സുരക്ഷിതമായി പാർപ്പിച്ചു. പിന്നീടു കോട്ടയ്ക്കകത്തു കടന്ന്, മിക്കവാറും പരാജയപ്പെട്ടുകഴിഞ്ഞിരുന്ന കലിംഗ സൈന്യങ്ങളോടു ചേർന്നു സുധീരം പോരാടി കുന്തളസൈന്യത്തെ നിശ്ശേഷം തോല്പിച്ചു; കുന്തളേശനെ ബന്ധനസ്ഥനുമാക്കി. വിജയിയായ കലിംഗാധിപൻ കപിലനാഥൻ മുതൽപേരുടെ അജ്ഞാതവാസത്തിൻ്റെ കഥകൾ കേട്ട് അത്ഭുതാനന്ദങ്ങൾ നേടി. താരാനാഥൻ്റെ യുദ്ധസാമർത്ഥ്യമറിഞ്ഞ് അയാളെ സേനാനായകനാക്കി. കപിലനാഥൻ്റെ താല്പര്യപ്രകാരം കുന്തളേശനെ ബന്ധനവിമുക്തനാക്കി രാജോചിതമായി ആദരിച്ചയച്ചു. സ്വപുത്രിയായ കുന്ദലത, താരാനാഥനിൽ അനുരക്തയാണെന്നറിഞ്ഞ രാജാവു് അവളുടെ ഹിതത്തെ ആദരിച്ച് താരാനാഥനെക്കൊണ്ടു അവളെ പാണിഗ്രഹണവും ചെയ്യിച്ചു. കുന്ദലതയിലെ കഥയുടെ ചുരുക്കമിതാണു്.
നിരൂപണം: ഏതു പ്രസ്ഥാനവും ആദ്യമായി അവതരിക്കുമ്പോൾ മുഴുവൻ സ്വതന്ത്രമോ അന്യൂനമോ ആയിരിക്കുക സാധാരണമല്ലല്ലോ. മലയാളത്തിലെ കാവ്യപ്രസ്ഥാനം തന്നെ അതിനു് ഉത്തമദൃഷ്ടാന്തമാണു്. വിവർത്തനങ്ങളായും അനുകരണങ്ങളായും മറ്റും പല രൂപങ്ങൾ കൈക്കൊണ്ടശേഷമാണു്, സ്വതന്ത്രവും സ്‌പൃഹണീയവുമായ ഒരു നില അതിനു കൈവന്നതു്. ഭാഷയിലെ നോവൽ പ്രസ്ഥാനത്തിൻ്റെ തുടക്കവും അതിൽ നിന്നു് അധികം വിഭിന്നമായിരുന്നില്ല. കുന്ദലതയിൽ മുഖ്യമായി നാം കാണുന്ന ഗുണം ആരംഭത്തിൽ സൂചിപ്പിച്ചതുപോലെ പരിണാമഗുപ്തിയാണു്. കപിലനാഥൻ, കുന്ദലത, രാമകിശോരൻ എന്നീ കഥാപാത്രങ്ങളുടെ യാഥാർത്ഥ്യത്തെ ഗോപനം ചെയ്യുവാൻ ഗ്രന്ഥകാരൻ ആദ്യന്തം ശ്രമിച്ചിട്ടുണ്ടു്. ഈ നിഗൂഹനം, കഥയുടെ രസത്തേയും അവസാനത്തിൽ അത്ഭുതത്തേയും വർദ്ധിപ്പിക്കുവാൻ പര്യാപ്തമാകുന്നുമുണ്ടു്. എന്നാൽ ഒരു ഉത്തമനോവലിൽ ഉണ്ടാകേണ്ട അനുഭവബോധം, നിരീക്ഷണപാടവം തുടങ്ങിയ ഗുണങ്ങൾ കുന്ദലതയിൽ നന്നേ കുറവുതന്നെ. യഥാർത്ഥ ജീവിതത്തോടു യാതൊരു ബന്ധവുമില്ലാത്ത സംഭവപരമ്പരയും പാത്രസമൂഹവുമാണു് കുന്ദലതയിൽ കാണുന്നതു്. സ്വർണ്ണമയിയും രാമകുമാരനുമായുള്ള സംഭാഷണം, കുന്തളരാജാവിൻ്റെ മന്ത്രശാലയിൽവെച്ചുള്ള കൂടിയാലോചന മുതലായ രംഗങ്ങളിൽ, സംഭാവ്യതയുടെ അഭാവംകൊണ്ടുള്ള അസ്വാഭാവികത തുടങ്ങിയ ദോഷങ്ങൾ അത്യന്തം പ്രകടമായിതന്നെ വിലസുന്നു.