കഥാപ്രബന്ധങ്ങൾ
വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന വിശേഷഗുണങ്ങൾ ഇതിലെ കഥാപാത്രങ്ങളിൽ ഒന്നിലും കാണുന്നില്ല. പുരാണകഥയിൽനിന്നു ഭിന്നവും ആധുനികവുമായ ഒരു ഇതിവൃത്തത്തെ പരിണാമഗുപ്തിയോടു കൂടി ഘടിപ്പിക്കുവാൻ മാത്രമേ നെടുങ്ങാടി ഇതിൽ കാര്യമായി യത്നിച്ചിട്ടുള്ളു. പ്രസ്തുതകൃതിയിലെ ചില ഭാഗങ്ങൾക്കു്, ഷേക്സ്പീയരുടെ ‘സിംബെലിൻ’ എന്ന നാടകത്തോടും, സ്കോട്ടിൻ്റെ ‘ഐവാൻഹോ’ എന്ന നോവ ലിനോടും സാദൃശ്യമുണ്ടെന്നു ശ്രീ എം. പി. പോൾ പ്രസ്താവിക്കുന്നു. ഇതിവൃത്തത്തിൽ. പ്രധാനമായി സിംബലീൻ നാടകത്തേയും, പാത്രസൃഷ്ടിയിൽ, ഐവാന്നോ നോവലിനേയുമാണ് പ്രധാനമായി ആശ്രയിച്ചിട്ടുള്ളതു്. വാസ്തവം ഇങ്ങനെയൊക്കെയാണെങ്കിലും, മലയാളത്തിലെ നോവൽ എന്ന നിലയ്ക്കു കുന്ദലത സ്മരണാർഹമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്. * (അപ്പുനെടുങ്ങാടി – കോഴിക്കോട്ട് മാങ്കാവു കോവിലകത്തിനടുത്താണു ഭവനം. കുഞ്ചിക്കുട്ടിക്കോവിലമ്മയുടെയും സാമൂതിരിക്കോവിലകത്തെ മാനവിക്രമൻ തമ്പുരാൻ്റേയും പുത്രനായി 1038 കന്നിമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ ജനിച്ചു. 1109 തുലാം 21-ാം തീയതി – 1933 നവംബർ 6-ാം തീയതി – അന്തരിച്ചു.)
ചന്തുമേനോൻ്റെ നോവലുകൾ: ആട്ടക്കഥാസാഹിത്യത്തിൻ്റെ ഉപജ്ഞാതാവെന്ന നിലയിൽ സമാദരണീയനാണു്, കൊട്ടാരക്കരത്തമ്പുരാൻ. അതുപോലെ മലയാളഭാഷയിലെ നോവൽപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവെന്നുള്ള നിലയിൽ കുന്ദലതാകർത്താവായ അപ്പുനെടുങ്ങാടി പ്രഖ്യാതനായിത്തീർന്നിരിക്കുന്നു. എന്നാൽ, പ്രസ്തുത പ്രസ്ഥാനത്തിനു ഭാഷയിൽ ഭദ്രമായ പ്രതിഷ്ഠയും പ്രചാരവും നല്കി കീർത്തി സമ്പാദിച്ചിട്ടുള്ളവർ ആട്ടക്കഥാസാഹിത്യത്തിലെന്നപോലെതന്നെ, ഇവിടേയും അനന്തരഗാമികളാണു്. അവരിൽ അതിമുഖ്യന്മാർ, ഒയ്യാരത്തു ചന്തുമേനോൻ, സി. വി. രാമൻപിള്ള എന്നീ രണ്ടു മഹാശയന്മാരാകുന്നു. ചന്തുമേനോൻ, സാമുദായികസംഭവങ്ങളെ ആസ്പദമാക്കി സമുദായപരിഷ്ക്കരണാർത്ഥമുള്ള നോവലുകൾ നിർമ്മിക്കുവാൻ ശ്രമിച്ചു; സി.വി.യാകട്ടെ, രാഷ്ട്രീയ സംഭവങ്ങളെ മുൻനിറുത്തി പൂർവ്വികന്മാരുടെ വീരത്വത്തേയും രാജഭക്തിയേയും പ്രോജ്ജ്വലിപ്പിക്കുന്ന ചരിത്രാഖ്യായികകൾ ചമയ്ക്കുവാനാണു് യത്നിച്ചതു്. ഇരുപേരുടേയും പ്രയ്ത്നം അതതുമാർഗ്ഗങ്ങളിൽ വിജയശ്രീലാളിതമായിത്തീരുകയും, ഇരുവരും ഓരോന്നിലും അപ്രതിഭടമായ കീർത്തിധാവള്യം പരത്തുകയും ചെയ്തു.