ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

ഇന്ദുലേഖ: ഇന്ദുലേഖയാണു് ചന്തുമേനോൻ്റെ ആദ്യത്തെ കൃതി. 1889 ലായിരുന്നു അതിൻ്റെ ആവിർഭാവം. കാവ്യഗുണങ്ങൾ ഇതിന്നോളം തികഞ്ഞ ഒരു കൃതി ഈ പ്രസ്ഥാനത്തിൽ ഇന്ദുലേഖയ്ക്കു മുമ്പു മറ്റൊന്നുമുണ്ടായിട്ടില്ല. ഇന്ദുലേഖയുടെ അനുജത്തിമാരായി പിന്നീട്ട് ഇന്നുവരെ ജനിച്ചിട്ടുള്ള ഒരു നോവലിനുംതന്നെ ജ്യേഷ്ഠത്തിയെ അതിശയിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയവുമാണു്. അത്രത്തോളം മഹനീയമായി വിലസുന്ന ഇന്ദുലേഖയുടെ വൈശിഷ്ട്യത്തിൻ്റെ ആസ്പദമെന്തെന്ന് അല്പം ആലോചിക്കാം.

ഒന്നാമതു്, അകൃത്രിമവും സംഭാവ്യവുമായ ഒരു കഥയാണു് ഇന്ദുലേഖയിൽ ഉള്ളത്. ഋജുബുദ്ധികളായ സാധാരണക്കാരെ ആകർഷിക്കുവാൻ അതുതന്നെ വേണ്ടുവോളം പര്യാപ്തമാണു്. ദേശീയങ്ങളും സാമുദായികങ്ങളുമായ സംഭവങ്ങളെ ഒരു നോവലിൽ ഇതിവൃത്തമായി സ്വീകരിക്കുക എന്നുള്ളതു മലയാളത്തിൽ ആദ്യവുമാണു്. അഭ്യസ്തവിദ്യയും ഗുണവതിയുമായ ഇന്ദുലേഖ എന്ന യുവതിയും, വിദ്യാസമ്പന്നനും സുശീലനുമായ മാധവമേനോൻ എന്ന യുവാവും പരസ്പരം അനുരാഗബദ്ധരായി ചമയന്നു. എന്നാൽ, ഇന്ദുലേഖയുടെ അമ്മാവനായ പഞ്ചുമേനവൻ, അവളെ മുക്കില്ലത്തെ സൂരിനമ്പൂരിപ്പാടിനു സംബന്ധംകഴിച്ചുകൊടുക്കുവാനാണു് ഉദ്യമിക്കുന്നതു്. ദൃഢവ്രതയായ ഇന്ദുലേഖയിൽ തന്റെ ആജ്ഞ വിഫലമാകുന്നതുകണ്ട്, പഞ്ചുമേനവൻ കോപിഷ്ഠനായിത്തിരുകയും, സ്വപുത്രിയായ കല്യാണിക്കുട്ടിയെ സൂരിനമ്പൂരിപ്പാടിനെക്കൊണ്ടു സംബന്ധം ചെയ്യിച്ചു കൃതകൃത്യനായിത്തീരുകയും ചെയ്യുന്നു. പ്രസ്തുത സംഭവങ്ങൾക്ക് മുമ്പായിത്തന്നെ മാധവൻ മദ്രാസിലേക്കു പൊയ്ക്കഴിഞ്ഞിരുന്നു. നമ്പൂരിപ്പാട്ട് ഇന്ദുലേഖയെയാണു വിവാഹം ചെയ്തതെന്നുള്ള ജനശ്രുതി നാടെങ്ങും പരക്കുകയും, മദ്രാസിൽ താമസിച്ചിരുന്ന മാധവൻ്റെ ചെവിയിലെത്തിച്ചേരുകയും ചെയ്തു. ശുദ്ധഗതിക്കാരനായ മാധവൻ ഈ കിംവദന്തിയെ വിചാരണകൂടാതെ വിശ്വസിക്കുകയും, നൈരാശ്യത്താൽ അവിടംവിട്ടു ദേശാന്തരഗമനം ആരംഭിക്കുകയും ചെയ്യുന്നു. മാധവനെ അന്വേഷിച്ചു പുറപ്പെട്ട ഗോവിന്ദപ്പണിക്കർ മുതലായവർ, ചുറ്റിക്കറങ്ങി ഒടുവിൽ മദ്രാസിൽ വന്നെത്തി മാധവനെ കണ്ടുപിടിക്കുകയും, സംഭവങ്ങളുടെ സൂക്ഷ്മസ്ഥിതി അയാളെ മനസ്സിലാക്കുകയും ചെയ്യുന്നു. പശ്ചാത്താപവും ലജ്ജയും പൂണ്ട മാധവൻ പിന്നീടു ഗോവിന്ദപ്പണിക്കർ മുതലായവരൊന്നിച്ചു നാട്ടിലേക്കു തിരിക്കുന്നു. ഒടുവിൽ അമ്മാവന്റെ അനുമതിയോടുകൂടിത്തന്നെ മാധവൻ ഇന്ദുലേഖയെ പാണിഗ്രഹണം ചെയ്യുന്നു. അതോടുകൂടി കഥയും അവസാനിക്കുന്നു. കൃത്രിമമായ കാര്യങ്ങളാകട്ടെ, വായനക്കാരെ ഉൽക്കണ്ഠാഭരിതരാക്കുന്ന സംഭവങ്ങളാകട്ടെ, യാതൊന്നും ഈ കഥയിൽ നിബന്ധിച്ചിട്ടില്ല. ഇന്ദുലേഖയുടെ അനുരാഗഗതി അറിയാതെ മാധവൻ ആധിവിവശനായിത്തീരുന്ന ഒരു ഘട്ടം നോവലിൽ വന്നുകൂടുന്നുണ്ട് വക്ര​ഗതിക്കാരനും കൃത്രിമപ്രിയനുമായ ഒരെഴുത്തുകാരനു്, നായകനേയും വായനക്കാരനേയും ഇട്ടുവട്ടംകറക്കുവാൻ വേണ്ടുവോളം മതിയായ ഒരു സന്ദർഭമാണിത്. എന്നാൽ ചന്തുമേനോനാകട്ടേ, വായനക്കാരുടെ ജിജ്ഞാസയെ പരീക്ഷണം ചെയ്ത് അവരെ വിഭ്രമിപ്പിക്കുവാനല്ല മുതിരുന്നതു്. നേരേമറിച്ചു്, അദ്ദേഹം “എൻ്റെ ജീവനാഥനായുള്ള ഭർത്താവേ! എന്തിനു ഇങ്ങനെ വ്യസനിക്കുന്നു? ഞാൻ അങ്ങേ രണ്ടു കൊല്ലങ്ങൾക്കു മുമ്പുതന്നെ എൻ്റെ മനസ്സിൽ ഭർത്താവാക്കി വെച്ചിരിക്കുന്നുവല്ലോ” എന്ന് ഇന്ദുലേഖയെക്കൊണ്ടുതന്നെ സ്വയം പറയിച്ചു് മാധവനേയും വായനക്കാരേയും സമാശ്വസിപ്പിക്കുവാനാണു പരിശ്രമിക്കുന്നതു്. കഥയുടെ അകൃത്രിമതയെ വ്യക്തമാക്കുവാൻ ഇതിലധികം വേറൊന്നും പ്രദർശിപ്പിക്കേണ്ടതില്ല.