ഗദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

ഇന്ദുലേഖയിലെ കഥാപാത്രങ്ങൾ നമ്മുടെ പരിചയപരിധിയിൽപ്പെട്ട സ്ത്രീപുരുഷന്മാർ മാത്രമാണു്. ഒരു എഴുപതുവഷങ്ങൾക്കുമുമ്പുള്ള കേരളത്തിലെ സാമൂഹ്യസ്ഥിതി മനസ്സിലാക്കുവാൻ കഴിവുള്ളവർക്ക്, അവരെല്ലാം അന്നു നാട്ടിൽ ജീവിച്ചിരുന്നവരാണെന്നു കാണുവാൻ നിഷ്പ്രയാസം സാധിക്കും. ധീരോദാത്താദി നായകലക്ഷണങ്ങളുള്ള ആദർശ പാത്രങ്ങളെ സൃഷ്ടിച്ചു സംതൃപ്തിയടയുവാനല്ല ചന്തുമേനോൻ ശ്രമിച്ചിട്ടുള്ളതു്. നമ്മുടെ ചുറ്റിലും ജീവിക്കുന്നവരും, മനുഷ്യസഹജമായ ഗുണ ദോഷങ്ങളോടുകൂടിയവരുമായ കഥാപാത്രങ്ങളെ പ്രദർശിപ്പിച്ചു. സംഭവങ്ങൾക്കു സ്വാഭാവികതയും, വായനക്കാർക്ക് അനുഭവരസവും വർദ്ധിപ്പിക്കുവാനാണു് അദ്ദേഹം യത്നിച്ചിട്ടുള്ളതു്. ഇന്ദുലേഖയിലെ കഥാപാത്രങ്ങൾ എല്ലാംതന്നെ ഈ പരമാർത്ഥത്തെ വിളിച്ചുപറയുന്നവയാണു്. ക്ഷിപ്രകോപിയായ പഞ്ചുമേനവൻ, സംസ്‌കാരസമ്പന്നനെങ്കിലും ശുദ്ധഗതിക്കാരനായ മാധവൻ, രസികാഗ്രണിയും വിശാലചിത്തനുമായ ചെറുശ്ശേരി, വിടശിരോമണിയായ സൂരിനമ്പൂരി, പരിണതപ്രജ്ഞനായ ഗോവിന്ദപ്പണിക്കർ എന്നുതുടങ്ങിയ കഥാപാത്രങ്ങൾ എഴുപതുവർഷങ്ങൾക്കു മുമ്പ് ഈ കേരളത്തിൽ ജീവിച്ചിരുന്നവരാണെന്നുള്ള ബോദ്ധ്യം നോവൽ വായനക്കാർക്ക് ഉണ്ടാകാതെ വരുന്നതല്ല. ഒരുപക്ഷേ, അവരിൽ പലരും ഇന്നും നമ്മുടെ ചുറ്റും കാണപ്പെടുന്നവർതന്നെയായിരിക്കും. പാത്ര സംവിധാനത്തിൽ വരുത്തിയിരിക്കുന്ന ഈ സജീവത്വം കാവ്യത്തിൻ്റെ രസാനുഭൂതിയെ വളരെ വർദ്ധിപ്പിച്ചിട്ടുണ്ടു്. കഥയിലെ സംഭവപരിണാമങ്ങൾക്കും പാത്രസ്വഭാവത്തിനും തമ്മിൽ അവിഭക്തമായ ഒരു ബന്ധം നാം എവിടേയും കാണുന്നു. കഥാഗതിയിൽ വായനക്കാർക്കുണ്ടാകുന്ന വിശ്വാസത്തെ ദൃഢപ്പെടുത്താൻ ഈ കാര്യകാരണബന്ധം ഏറ്റവും സഹായകമായിത്തീർന്നിരിക്കുന്നു.