പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

കുഞ്ചൻനമ്പ്യാരുടെ കാലശേഷം, ഏകദേശം ഒരു നൂറ്റാണ്ടുകാലത്തേക്ക്, ഭാഷാകാവ്യമണ്ഡലം മിക്കവാറും ഇരുളടഞ്ഞുകിടന്നിരുന്നുവെന്നുതന്നെ പറയാം. കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ഉദയത്തോടുകൂടിയാണു് ആ കാവ്യാന്തരീക്ഷം വീണ്ടും പ്രകാശമാനമായിത്തീർന്നതു്. 1845 മുതൽ 1915 വരെയായിരുന്നു കേരളവർമ്മയുടെ ജീവിതകാലം. തിരുവിതാംകൂറിൽ കൊല്ലവർഷം 1040-നോടടുത്തു നാട്ടുഭാഷാ വിദ്യാലയങ്ങൾ ഏപ്പെടുത്തിയതും, കോട്ടയത്തുനിന്നു് കണ്ടത്തിൽ വറുഗീസുമാപ്പിള 1063-ൽ മലയാളമനോരമ ആരംഭിച്ചതും, കേരളസാഹിത്യത്തിൻ്റെ അഭിവൃദ്ധിയുടെ ഒരു പ്രധാന കാലഘട്ടത്തെയാണു കുറിക്കുന്നത്. നാട്ടുഭാഷാവിദ്യാലയങ്ങളുടെ ആവശ്യത്തിലേക്കു വേണ്ട പുസ്തകങ്ങൾ നിശ്ചയിക്കേണ്ട കമ്മറ്റിയുടെ അദ്ധ്യക്ഷനായിരുന്നു വലിയകോയിത്തമ്പുരാൻ. വിദ്യാലയങ്ങളിലേക്കാവശ്യമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാൻ തുടങ്ങിയപ്പോഴാണു മലയാള ഗദ്യസാഹിത്യത്തിൻ്റെ ദാരിദ്ര്യം കോയിത്തമ്പുരാൻ നേരിട്ടറിഞ്ഞതു്. അവിടുന്നു സ്വന്തമായും മറ്റുള്ളവരെ പ്രേരിപ്പിച്ചും ആ ആവശ്യത്തിലേക്കായി പല കൃതികളും അക്കാലങ്ങളിൽ എഴുതുകയും എഴുതിക്കയുമുണ്ടായി. മലയാളഗദ്യസാഹിത്യത്തിൻ്റെ പരമാന്നതപരിപോഷകൻ എന്ന നിലയിൽ സുപ്രസിദ്ധനായിത്തീർന്നിട്ടുള്ള ഈ തിരുമേനിയുടെ ഗദ്യകൃതികൾക്കാണു് സാഹിത്യചരിത്രത്തിൽ പ്രഥമസ്ഥാനം കല്പിക്കേണ്ടതെന്നുള്ളതിൽ സംശയമില്ല. എന്നാൽ ​ഗദ്യസാഹിത്യത്തിൻ്റെ ചരിത്രം ഇവിടെ അപ്രകൃതമാകകൊണ്ടും ഈ ഗ്രന്ഥകാരൻ ‘ഗദ്യസാഹിത്യചരിത്ര’ത്തിൽ * (ഭാഷാഗദ്യസാഹിത്യചരിത്രം, പേജ് 64). ആ ഭാഗം പ്രത്യേകം വിവരിച്ചിട്ടുള്ളതുകൊണ്ടും തൽസംബന്ധമായി ഇവിടെ മറെറാന്നും പ്രസ്താവിക്കുവാൻ മുതിരുന്നില്ല.