കേരളവർമ്മയുഗം
പ്രാസം വേണ്ടെന്നൊരാളും പരമിതു വളരെ-
ബ്ഭംഗിയാണെന്നു വീതാ-
യാസം പ്രാസം പ്രയോഗിപ്പൊരു കവിവരനും
തങ്ങളിൽ പോരടിച്ചു;
ആ സംഗ്രാമത്തിൽ മദ്ധ്യസ്ഥത തടവി മഹാ-
മാന്യനായ് വാണി ജിഹ്വാ-
വാസം ചെയ്യുന്നൊരാൾ വന്നവരിരുവരെയും
രാജിയാക്കിപ്പിരിച്ചു.
പ്രസ്തുത സംഗതികൾ, കേരളമൊട്ടുക്കു പ്രസിദ്ധവും, സാഹിത്യപ്രണയികൾ ഇന്നും സ്മരിച്ചുകൊണ്ടിരിക്കുന്നതുമാണല്ലോ. മേല്പറഞ്ഞ പ്രാസസംവാദത്തിൻ്റെ ഫലമായി പില്ക്കാലത്തെ കവികൾ, ഭാഷാകവിതയിൽ രൂപഭദ്രതയേക്കാൾ ഭാവ ഭദ്രതയെ കൂടുതൽ ആദരിക്കുവാൻ തുടങ്ങി എന്ന വസ്തുത ഈയവസരത്തിൽ പ്രസ്താവയോഗ്യമാകുന്നു.
ശാകുന്തളം തർജ്ജമയിൽ വലിയകോയിത്തമ്പുരാൻ സജാതീയ ദ്വിതീയാക്ഷര പ്രാസം സാർവ്വത്രികമായി പ്രയോഗിച്ചിട്ടുണ്ടെന്നു പറയുവാനില്ല. എന്നാൽ അതു അശക്തികൊണ്ടല്ലെന്നുള്ളതു സ്പഷ്ടവുമാണു്. “ദൈവയോഗം’ പ്രിയഭാഗിനേയനും ശിഷ്യാഗ്രഗണ്യനുമായ ഏ. ആർ. രാജരാജവർമ്മയുടെ അഭിലാഷമനുസരിച്ചു ‘പ്രാസപ്രയോഗനിയമത്തെയൊഴിച്ചു’ ചമച്ചിട്ടുള്ള ഒരു നവ്യകാവ്യമത്രെ. കോയിത്തമ്പുരാൻ്റെ മററുള്ള എല്ലാ കൃതികളിലും ഈ പ്രാസപ്രയോഗനിയമം സാർവത്രികമായി അനുഷ്ഠിച്ചുകാണുന്നുണ്ട്. എന്നാൽ ഈ പ്രാസനിർബ്ബന്ധംകൊണ്ട് ചിലർ ‘തമ്പുരാട്ടി’ യുടെ ഗളച്ഛേദം ചെയ്തതുപോലെയുള്ള യാതൊരഭംഗിയും കോയിത്തമ്പുരാൻ്റെ കൃതികൾക്കില്ലെന്നുള്ളതു പ്രസ്താവയോഗ്യവാണ്. “കൃതി സമുചിതമട്ടിൽ പ്രാസമൂന്നിപ്രയോഗിപ്പതിനു കഴിയുവോനെങ്ങർത്ഥഭംഗപ്രസംഗം?’ കോയിത്തമ്പുരാൻ്റെ ‘അന്യാപദേശശതകം’ തർജ്ജമ ഒന്നുമാത്രം പരിശോധിച്ചാൽ ഈ പരമാർത്ഥം സ്പഷ്ടമായി ഗ്രഹിക്കാവുന്നതാണ്.
