പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

തമ്പുരാൻ്റെ മറ്റു തർജ്ജമകൾ: അന്യാപദേശതർജ്ജമയെപ്പറ്റി മുകളിൽ സൂചിപ്പിച്ചുവല്ലോ. നീലകണ്ഠദീക്ഷിതരുടെ മനോഹരമായ ഒരു സംസ്കൃതകൃതിയാണ് അന്യാപദേശശതകം. വലിയകോയിത്തമ്പുരാൻ അതിനു ചെയ്തിട്ടുള്ള വിവർത്തനം അനുപമമെന്നേ പറയാവൂ. ശബ്ദാർത്ഥ‌ഭംഗി ആപാദചൂഡം ഇത്രമാത്രം ഒത്തിണങ്ങിയിട്ടുള്ള ഒരു തർജ്ജമ മലയാളത്തിൽ മറ്റൊന്നു ചൂണ്ടിക്കാണിക്കുവാനാവില്ല. ”ശ്രാന്തരായ് തണൽമരത്തെയൊന്നിനെയണഞ്ഞു പാന്ഥർ മരുവീടവേ” എന്നു തുടങ്ങിയുള്ള ഓരോ ശ്ലോകവും ഭാവഭദ്രതകൊണ്ടെന്നപോലെതന്നെ ഹൃദയഹാരിയാണ്. പ്രസ്തുത കൃതിയിലെ ഓരോ ശ്ലോകത്തിനും ഉചിതമായ അവതാരിക വിശാഖം തിരുനാൾ തമ്പുരാൻ എഴുതിച്ചേർത്തിട്ടുള്ളതും സമഞ്ജസമായിട്ടുണ്ട്.

അമരുകശതകം: സംസ്കൃതത്തിലെ മഹനീയവും മനോഹരവുമായ ഒരു ശൃംഗാരകാവ്യമാണു് അമരുകശതകം. അതും പണ്ഡിതപ്രവേകനായ കോയിത്തമ്പുരാൻ മനോജ്ഞമായി വിവർത്തനം ചെയ്തിട്ടുണ്ടു്. ചന്തുമേനവൻ്റെ പ്രേയസിയുടെ താല്പര്യപ്രകാരമാണു് പ്രസ്തുത കൃതി തമ്പുരാൻ തർജ്ജമ ചെയ്തിട്ടുള്ളതെന്നു കാണുന്നു. തർജ്ജമയുടെ നിരവദ്യമായ സൗന്ദര്യവും രസികതയും കാണിക്കുവാൻ ഒരു പദ്യം മാത്രം താഴെ ഉദ്ധരിക്കുന്നു:

കാന്തൻ പോയ്‌വന്നശേഷം കഥമപി പകലുൽ–
കണ്ഠയോടെ കഴിച്ചി–
ട്ടന്തർ​ഗ്​ഗേഹത്തിലെത്തിജ്ജഡസഖികൾ കഥാ–
വിസ്തരം ചെയ്തിടുമ്പോൾ
എന്തോയെന്നെക്കടിച്ചെന്നധികവിവശയായ്-
ച്ചൊല്ലി വസ്ത്രം കുടഞ്ഞാ–
പ്പൂന്തേൻ നേർവാണിയേറ്റം രതിരഭസരസം
പൂണ്ടു ദീപം കെടുത്തി.